ജീവിതമല്ലേ,
പളുങ്കുപാത്രം പോലുള്ളൊരു
ജീവിതം.
അറിയാതെ വഴുതി വീണു കാണും.
താങ്ങിയെടുക്കാൻ നിൽക്കണ്ട,
വല്ലാത്ത മൂർച്ചയാണ്
ഉടഞ്ഞ ചില്ലുകഷ്ണങ്ങൾക്ക്,
കൈ മുറിയും.
വാരിക്കൂട്ടാനും നോക്കണ്ട,
മുറിവേൽക്കും, വേദനിക്കും.
മാറി നിന്നോളൂ.
എപ്പോഴെങ്കിലും
ആരെങ്കിലും പ്രാക്കുമായ് വന്ന്
പാഴ് മുറത്തിൽ കോരിയെടുത്തോളും,
എന്നിട്ട് ദൂരെ, ആരുടെയും
കണ്ണിൽപ്പെടാത്തിടത്തുള്ള
ഏതെങ്കിലും കുപ്പത്തൊട്ടിയിൽ
കൊണ്ടിട്ടോളും.
സാരമാക്കണ്ട..
കണ്ടില്ലെന്ന് നടിച്ച്,
കാലിലോ കൈയ്യിലോ
ചില്ലുകഷ്ണങ്ങൾ തറയാതെ
ശ്രദ്ധിച്ച്,
മിഴി തിരിച്ച്,
അവനവനിലേക്കു
തല പൂഴ്ത്തി,
കടന്നുപോവുക.
കഷ്ടം എന്നൊരു ഗദ്ഗദം
മുട്ടിത്തിരിയുന്നുവോ
തൊണ്ടക്കുഴിയിൽ?
ഒരൽപം തത്ത്വജ്ഞാനം
വെള്ളം ചേർക്കാതെ,
തൊണ്ട തൊടാതെ,
വിഴുങ്ങുക.
സുഖപ്പെടും.
ഓ.. ചില ചില്ലുകഷ്ണങ്ങൾക്ക്
വല്ലാത്തൊരഴകായിരുന്നുവെന്നോ..
അത് മനസ്സായിരുന്നിരിക്കും.
അനേകായിരം സ്വപ്നങ്ങൾ
ചായം പിടിപ്പിച്ച മനസ്സ്.
അതായിരിരുന്നിരിക്കും
അങ്ങനെ മിന്നിയിരിക്കുക.
തൊടരുത്, വല്ലാത്ത മൂർച്ചയാണ്
ഉടഞ്ഞ സ്വപ്നക്കഷ്ണങ്ങൾക്ക്.
മുറിയും, വേദനിക്കും.

ഉടഞ്ഞ ചില്ല് കഷണങ്ങൾ ചായം പിടിപ്പിച്ച മനസ്സ് ആയിരിക്കും… ഉടഞ്ഞ കഷ്ണങ്ങൾക്ക് മൂർച്ച ഉണ്ടാകും തൊട്ടാൽ മുറിയും….
വളരെ മൂർച്ചയുള്ള അഗാധ അർത്ഥതലങ്ങൾ ഉള്ള ഒരു തുറന്നെഴുത്ത്… നന്നായി ഇഷ്ടപ്പെട്ടു ചേച്ചി…. കൂടുതൽ ദർശനങ്ങൾ ക്കായി കാത്തിരിക്കുന്നു..
LikeLike