കഥ മാനവീയം

നിങ്ങൾക്ക് ദൈവ വിശ്വാസമുണ്ടോ?
യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുന്ന ആരേയും അവിശ്വാസി എന്ന് മുദ്ര ചാർത്തുകയും, അവിശ്വാസി സമം ദേശദ്രോഹി എന്ന ഒരു സമവാക്യം-പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗോഡ് ഈസ് ലവ്, ലവ് ഈസ് ബ്ലൈൻ്റ്, സോ ഗോഡ് ഈസ് ബ്ലൈൻറ് എന്ന സമവാക്യവുമായി അദ്ഭുതകരമായ സാമ്യം തോന്നിപ്പിക്കുന്ന ഒന്ന്- ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടുകളിൽ ഏതൊരു ലോജിക്കൽ ഇന്ത്യനും അഥവാ ഏതൊരു ലോജിക്കൽ കേരളീയനും നിത്യേനയെന്നോണം നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണിത്‌..

എല്ലാ കാർമേഘങ്ങളിലും രജതരേഖകൾ തിരയുന്ന, ഒരിക്കലും തളരാത്ത പോസിറ്റീവ് തിങ്കേഴ്സ്/ശുഭചിന്തകർ കാലിക കേരളത്തിലും ഒരു വെള്ളിക്കീറ് കണ്ടെടുത്തിട്ടുണ്ട്. അതെന്താണെന്നു വച്ചാൽ, ഇന്ന ഒരു ദൈവത്തിൽ വിശ്വസിക്കണം എന്ന ശാഠ്യം വർത്തമാനകാല പ്രബുദ്ധ കേരളം കൈവിട്ടിരിക്കുന്നു എന്നതാണ്. ദൈവം ഏതായാലും മനുഷ്യൻ വിശ്വസിച്ചാൽ മതി എന്ന ഒരു പുരോഗമന ചിന്ത ഉടലെടുത്തിട്ടുണ്ട്. അത്രയും പുരോഗതി നാം കൈവരിച്ചിട്ടുണ്ട്. പക്ഷേ ആചാര ചിഹ്നങ്ങൾ, അത് എന്തുമായിക്കോട്ടെ, അണിയണം…നിർബന്ധം…. അതില്ലാത്തവർ അപകടകാരികൾ..

ദൈവം ആരാണ്? അഥവാ ദൈവം എന്താണ്?
വലിയ ഒരു കണക്കുപുസ്തകത്തിൻമേൽ മുനിഞ്ഞിരുന്ന് മനുഷ്യരുടെ പ്രവർത്തികളുടെ,വികാരങ്ങളുടെ,വിചാരങ്ങളുടെ ഒക്കെ കണക്കെടുക്കുന്ന, അവയ്ക്ക് വിലയിടുന്ന ഒരു കണക്കപ്പിള്ള? നല്ല കാര്യങ്ങൾക്ക് നേരെ സ്റ്റാറും ചീത്ത കാര്യങ്ങൾക്ക് നേരേ ‘കബീർ❌’ ഉം(വലിയ തെറ്റ് ചിഹ്നം) രേഖപ്പെടുത്തുന്ന ശുണ്ഠിക്കാരനായ ഒരു കണക്കപ്പിള്ള?
അങ്ങനെയെങ്കിൽ ദൈവത്തിൻ്റെ കണക്കു പുസ്തകത്തിലെ നന്മകളും തിന്മകളും എന്തൊക്കെയായിരിക്കും?

അയൽ വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന പരിസ്ഥിതി സ്നേഹിയുടെ പറമ്പിലെ വ്യക്ഷം. ആ മരം നിറയെ പക്ഷികളാണ്,അവയുടെ കൂടുകളാണ്. മരം വെട്ടിയാൽ അനവധി കിളിക്കൂട്ടുകൾ തകരും. പരിസ്ഥിതി സംരക്ഷകനായ അയൽക്കാരൻ തൻ്റെ പറമ്പിലെ ഒരു ചെടിച്ചില്ല പോലും വെട്ടി മാറ്റാറില്ല..ഒരു പുൽക്കൊടിയേയോ പുഴുവിനേയോ പോലും ദ്രോഹിക്കാനരുതാത്ത അദ്ദേഹം മരം വെട്ടുന്നതിനെതിരേ കർശന നിലപാടിലാണ്. വെട്ടിയില്ലെങ്കിൽ അടുത്ത കാറ്റിനോ മഴക്കോ ആ മരം ആ വീടിൻ്റെ മുകളിലേക്ക് വീഴാം. ഇവിടെ എന്താണ് ശരിയായ പ്രവർത്തി, എന്താണ് തെറ്റായ പ്രവർത്തി? ഏതാണു നന്മ, ഏതാണു തിന്മ? ദൈവം ആരുടെ പക്ഷം നിൽക്കും? കിളിക്കൂടുകൾക്കൊപ്പമോ അതോ മനുഷ്യ ഗൃഹത്തോടൊപ്പമോ? ശബ്ദമില്ലാത്തവർക്കൊപ്പമോ അതോ ശബ്ദമുയർത്തുന്നവർക്കൊപ്പമോ?

വിരിഞ്ഞിറങ്ങിയ അന്നു തൊട്ട് കൊച്ചു കൂട്ടിൽ മാത്രം കഴിഞ്ഞിരുന്ന, നാം ലൗ ബേർഡ് എന്നും ലോകം ബ(ഡ്)ജി എന്നും വിളിക്കുന്ന ഒരു കുഞ്ഞു കിളി, തക്കം കിട്ടിയപ്പോൾ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയർന്നു. പുറംലോകത്തിൻ്റെ അതിജീവന മാർഗ്ഗങ്ങൾ ഒന്നുമറിയാത്ത, മര്യാദയ്ക്ക് പറക്കാൻ പോലുമറിയാത്ത ആ കിളിയെ തിരികെ കൂട്ടിലടക്കണോ അതോ ആജീവനാന്ത തടവറയേക്കാൾ കാമ്യം ക്ഷണികമെങ്കിലും സ്വാതന്ത്ര്യം തന്നെയാണെന്നും, ജീവിതം, അത് ഇന്നായാലും എന്നായാലും തീരാനുള്ളത് തന്നെയാണെന്നുമുള്ള അതിൻ്റെ തീരുമാനത്തെ മാനിച്ച് അതിനെ പറന്നു പോകാനനുവദിക്കണോ? ഏതാവാം ദൈവത്തിൻ്റെ കണക്കു പുസ്തകത്തിലെ പുണ്യ പ്രവർത്തി?

നൻമതിൻമകൾ ഇനം തിരിച്ചു രേഖപ്പെടുത്തി യഥാവിധി ശിക്ഷ വിധിക്കലിൽ മാത്രം ഒതുങ്ങുന്ന ഒന്നാണെന്നു കരുതരുത് ദൈവത്തിൻ്റെ ഉത്തരവാദിത്തം. ആചാരാനുഷ്ഠാനങ്ങൾ തെറ്റിക്കുന്നവരെ കണ്ടുപിടിച്ച് അവരുടെ തലയിൽ കല്ലുമഴ പെയ്യിക്കുക എന്നതും ഈശ്വരൻ്റെ പരമ പ്രധാനമായ മറ്റൊരു ചുമതലയാണ്. ഈ കാര്യത്തിൽ നമ്മളാ സർവ്വശക്തനെ നമിച്ചേ മതിയാവൂ. പുണ്യപാപക്കണക്ക് എടുക്കുന്നതിനേക്കാൾ എത്രയോ ആയാസകരമാണ് വിവിധങ്ങളും വിചിത്രങ്ങളുമായ നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന ഈ ഭൂമുഖത്ത് ഓരോരുത്തരും തന്താങ്കൾ അടങ്ങുന്ന ജന, മത, ജാതി വിഭാഗത്തിൻ്റെ ആചാരങ്ങൾ തെറ്റിക്കുന്നുവോ എന്നു മോണിട്ടർ ചെയ്യുക എന്നത്.ഒരു യഥാർത്ഥ അപ്ഹിൽ ടാസ്ക്..

അവിശ്വസനീയം? നമ്മുടെ കേരളത്തിലെ കാര്യം തന്നെയെടുക്കുക, പിതൃ കുടുംബത്തിൽ ജനനമോ മരണമോ സംഭവിച്ച് പത്തോ അതിൽ കുറവോ ദിവസത്തിനകം അമ്പലത്തിൽ പോയ ഒരാളെ അയാൾ മരുമക്കത്തായ രീതി പിന്തുടരുന്ന സമുദായക്കാരൻ ആണെങ്കിൽ ദൈവത്തിന് തൊടാൻ പറ്റില്ല.പക്ഷെ മക്കത്തായ രീതി പിന്തുടരുന്നവനാണെങ്കിൽ അവൻ്റെ തലയിൽ കല്ലു മഴ ഉറപ്പ്. ചില വിശ്വാസക്കാർക്കിടയിൽ ആർത്തവ കാലത്ത് ദേവാലയത്തിൽ പോവാം, ചിലർക്ക് മൂന്നു ദിവസം കഴിഞ്ഞു പോവാം, ചിലർക്ക് എഴു ദിവസം കഴിഞ്ഞേ പോകാൻ അനുവാദമുള്ളൂ. ഇവിടേയും ദൈവത്തിൻ്റെ അധ്വാന ഭാരം ഊഹിക്കാൻ പോലുമാവുന്നുവോ… നിങ്ങൾ ഏതു വിശ്വാസത്തിൽ വിശ്വസിക്കുന്നവരാണ് എന്നു നോക്കി ആചാര ലംഘനങ്ങൾ നടന്നുവോ എന്ന് കണ്ട് പിടിക്കലും ആചാര ലംഘനങ്ങൾക്ക് പലപ്പോഴും ജൻമ ജൻമാന്തരങ്ങളിലേക്കും, അടുത്ത തലമുറകളിലേക്കും നീണ്ടു പോവുന്ന കനത്ത ശിക്ഷ വിധിക്കലും (വീണ്ടും മക്കത്തായ, മരുമക്കത്തായ രീതികൾ,നിത്യ നരകം,പുനർജൻമമില്ലാത്തവർ ….എന്നിങ്ങനെയൊക്കെയുള്ള ഇനം തിരിവുകൾ അപ്ളിക്കബ്ൾ..ദൈവമേ…) എത്ര ഭാരപ്പെട്ടതാണ്. ഇതിനിടെ ആചാരങ്ങൾ തരാതരം മാറ്റിയെഴുതപ്പെടുമ്പോൾ അതിനനുസരിച്ച് ശിക്ഷാവിധികൾ ലഘൂകരിക്കയും ഗുരുത്വപ്പെടുത്തുകയും ചെയ്യാൻ വിട്ടു പോവുകയുമരുത്… എൻ്റെ ദൈവമേ, നിൻ്റെ അൽഗോരിതം എത്ര വലിയ പ്രശംസ അർഹിക്കുന്നു.

ഞങ്ങളുടെ നാട്ടിൽ പണ്ട് ചെറിയ ഒരു അമ്പലമുണ്ടായിരുന്നു. പവിഴമല്ലിപ്പൂക്കൾ നിറയെ പൂത്തു നിൽക്കുന്ന ചെറിയ അമ്പലമുറ്റം, ചുവന്ന പട്ടുടുത്ത സൗമ്യനായ, രോഗാതുരനായ പൂജാരി, മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ സദാ പുഞ്ചിരി തൂവിയിരിക്കുന്ന ഞങ്ങളുടെ ‘മുത്തി’.സാക്ഷാൽ മഹാമായ… ശാന്തം, ദീപ്തം, കരുണം….

ഇന്നാ അമ്പലം കണ്ടാലറിയാത്ത വിധം പുരോഗതി കൈവരിച്ചിരിക്കുന്നു. പവിഴമല്ലികളും രോഗിയായ ശാന്തിക്കാരനും ഇന്നില്ല. ഞങ്ങളുടെ മുത്തി ഇന്ന് ദേവിയാണ്. കാളിമ പടർന്ന മുഖത്ത് വിഷാദഛായയുമായി ചെമ്പു മേഞ്ഞ ശ്രീകോവിലിൽ ദേവി ഒറ്റയ്ക്കിരിക്കുന്നു. പണ്ട് പരിഷ്കാരത്തിൻ്റെ നാൾവഴികളിലെ ആദ്യ ഏടുകളിലൊന്നിൽ അമ്പലത്തിൽ ഒരു മൈക്ക് സെറ്റ് വച്ച് രാവിലേയും വൈകീട്ടും ഭക്തിഗാനങ്ങൾ പാടിച്ചിരുന്നു. അത് പഴങ്കഥ..
ഇന്ന് ശക്തിയേറിയ സൗണ്ട് സിസ്റ്റം അമ്പലത്തിനുണ്ട്. രാവിലത്തെ പൂജ കഴിഞ്ഞാൽ നാട്ടിലെ ഭക്തജനങ്ങൾ മൈക്ക് വച്ച് വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, നാരായണീയം, സീസണിൽ രാമായണം എന്നിവ പാരായണം ചെയ്യൽ പതിവാക്കി.

തൊട്ടടുത്ത വിദ്യാലയത്തിലെ അധ്യയനം ഈ നവ ഭക്തി മൂവ്മെൻറിൻ്റെ അലയൊലിയാൽ തുടർച്ചയായി തടസ്സപ്പെടാൻ തുടങ്ങിയപ്പോൾ അവർ പരാതിയുമായി എത്തി. “കോൾമെൻ്റു”കാരുടെ ധിക്കാരം പൊറാഞ്ഞ് ഭക്ത സംഘം രണ്ടു കോളാമ്പി വിദ്യാലയത്തിനു നേരെ തിരിച്ച് വച്ച് കൂടുതൽ വീറോടെ വായന തുടർന്നു. സംഗതി പോലീസും കേസും ഒക്കെയായി. അമ്പലത്തിൻ്റെ മതിൽക്കെട്ടിന് പുറത്തുള്ള തുറസ്സായ സ്ഥലത്ത് വിദ്യാർത്ഥികളെ കൊണ്ടു വരുന്ന വാഹനങ്ങൾ നിർത്താനനുവദിക്കാതെ ഭക്തസംഘം പകരം വീട്ടി. അവിടെ പഠിക്കാനെത്തുന്നത് ആ വിദ്യാലയം പ്രസവിച്ച കുഞ്ഞുങ്ങളല്ലെന്നും അവരോരുത്തരും നമ്മുടെ മക്കളാണെന്നും തിരിച്ചറിയാനാവാത്ത വിധം ഭക്തിയാൽ അധ:പതിച്ചു പോയോ നാം? ഇവിടെ ദൈവം ആർക്കൊപ്പം നിൽക്കും?

സത്യത്തിൽ ദൈവം ഇതൊക്കെയാണോ? അതിരില്ലാത്ത സ്നേഹമല്ലേ ദൈവം!!! ഉറവ വറ്റാത്ത കരുണ, ആരുമില്ലെന്ന നേരത്ത് ഞാനുണ്ട് നിന്നോട് കൂടെയെന്ന മൃദു മന്ത്രണം, ഞാനും നീയും രണ്ടല്ല, ഒന്നെന്ന കരം ഗ്രഹിക്കൽ, നിനക്കു നൊന്താൽ എനിക്കു നോവും , നീ ആരെയെങ്കിലും നോവിച്ചാലും നോവുന്നത് എനിക്കു തന്നെ എന്ന ഓർമ്മപ്പെടുത്തൽ, മറ്റൊന്നും എനിക്ക് നിന്നേക്കാൾ വലുതല്ല, മറ്റൊന്നും എനിക്ക് നിന്നേക്കാൾ ചെറുതുമല്ല എന്ന അനന്ത സ്നേഹം, നിൻ്റെ കാർക്കശ്യവും പാരുഷ്യവും കൊണ്ട് നീ മുറിപ്പെടുത്തുന്നത് എന്നെയാണ് എന്ന ഓർമ്മപ്പെടുത്തൽ, അതൊക്കെയല്ലേ ദൈവം!!!

നമ്മൾ പറഞ്ഞു വന്നത് ദൈവത്തിൽ വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തെ പറ്റിയാണ്. ഞാൻ ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. ദൈവമുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമേതുമില്ല. പഴുതുകളടച്ച് പിഴവുകളില്ലാതെ ആസൂത്രണം ചെയ്യുന്നതെന്തിലും ഒരു അവസാന നിമിഷ ഇടപെടൽ നടത്തി സർവ്വത്ര അലങ്കോലപ്പെടുത്തുവാൻ നിതാന്ത ജാഗ്രത പുലർത്തുന്ന ആ അന്തര്യാമിയുടെ അസ്ഥിത്വത്തിൽ ഒരു മാത്ര പോലും ഞാൻ സംശയിച്ചിട്ടില്ല. കൃത്യമായ നേരത്ത് കൃത്യമായ കൈകടത്തൽ നടത്തി എല്ലാം ഗുലുമാലായി എന്ന് ഉറപ്പു വരുത്താറുള്ള ആ പ്രപഞ്ച മഹാശക്തിയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു.

എൻ്റെ പ്രാർത്ഥനകൾ അദ്ദേഹം കേൾക്കാറുണ്ട് എന്ന കാര്യവും സത്യമാണ്. പക്ഷേ എൻ്റെ ഭാഷയും ദേവഭാഷയും രണ്ടാണെന്നും ഒരൽപം ഏടാകൂടം പിടിച്ച വിവർത്തന ടെക്നോളജി ഉപയോഗിച്ചാണ് നമ്മുടെ പ്രാർത്ഥന അദ്ദേഹം കേൾക്കുന്നതെന്നും ഞാൻ സംശയിക്കുന്നു.
നൃത്തമാടൂ എന്നത് dance goat ആയി വിവർത്തനം ചെയ്യപ്പെടുന്ന ഒരു പ്രാർത്ഥനയുടെ മറുപടിയായി തുള്ളിച്ചാടുന്ന ഒരു ആട്ടിൻകുട്ടിയെ തന്നിട്ട് അദ്ദേഹം സന്തുഷ്ടനാവുന്നു. ദൈവമേ ഇതെന്ത് കഥ എന്ന് ആകുലപ്പെടാൻ എനിക്ക് പഴുതില്ല.. ഈ കുരുത്തം കെട്ട ആട്ടിൻകുട്ടിയെ ഞാനെന്ത് ചെയ്യും എന്ന് ആകുലപ്പെടാതെ സ്വയംകൃതാനർത്ഥം എന്നു കരുതി സമാധാനപ്പെടുക.. പ്രാർത്ഥനകളിൽ ജാഗ്രത പുലർത്തുക… ദൈവം നിന്നോടു കൂടെ(അന്ത ഭയം ഇരുക്കട്ടും)

പലപ്പോഴും തോന്നിയിട്ടുള്ള മറ്റൊരു കാര്യം ദൈവം വലിയ ഒരു തോട്ടക്കാരനാണ് എന്നതാണ്. അതി മനോഹരമായ ഒരു ഉദ്യാനം പരിപാലിക്കുന്ന മുരടനായ ഒരു വൃദ്ധൻ തോട്ടക്കാരൻ. ആ കർക്കശക്കാരൻ പരിപാലിക്കുന്ന റോസാച്ചെടികൾക്കിടയിൽ വളർന്നു നിൽക്കുന്ന ഒരു കളച്ചെടിയാണ് ഞാൻ എന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. തൊട്ടാവാടിയുടെ മുള്ളും കൊടിത്തൂവയുടെ സ്വഭാവവും കമ്യൂണിസ്റ്റ് പച്ചയുടെ അതിജീവന ശേഷിയും ഉള്ള ഒരു കളച്ചെടി. ഇടയ്ക്കിടക്ക് തോട്ടക്കാരൻ വെട്ടിയെറിയും. പക്ഷേ ഏതോ ജൻമ കൽപനയാൽ കള വീണ്ടും വളരും. തൻ്റെ ഓമനകളായ റോസാച്ചെടികളെ ഞെരുക്കി വളർന്ന് വരുന്ന കളയെ ക്രോധത്താൽ ചുവന്ന മിഴികളോടെ തോട്ടക്കാരൻ വീണ്ടും കടയോടെ വെട്ടും. എത്ര നന്നായി വളർന്നിട്ടും തോട്ടക്കാരൻ സ്നേഹിക്കുന്നില്ലല്ലോ എന്ന ഖേദത്തോടെ കളച്ചെടിയും എത്ര വെട്ടിക്കളഞ്ഞാലും വീണ്ടും പൊടിക്കുന്നല്ലോ എന്ന കോപത്തോടെ തോട്ടക്കാരനും… അതാണ് ഞാനും എൻ്റെ ദൈവവും തമ്മിലുള്ള ഇരിപ്പുവശം..

ഞാനൊരു ദൈവവിശ്വാസിയാണ്. പക്ഷേ ദൈവം എന്നിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചാൽ……

ഒരു അനുബന്ധ കഥ:
നേരത്തേ പറഞ്ഞ കൂടുപേക്ഷിച്ച് പറന്നു പോയ കുഞ്ഞിക്കിളി ഒരു ദിവസത്തെ പരീക്ഷണപ്പറക്കലിനു ശേഷം അവശനായി മൃതപ്രായനായി ഒരു മരച്ചില്ലയിൽ തങ്ങി നിന്നു. മരണാസന്നനായ അവൻ്റെ അടുത്ത് ദൈവം വന്നു. അവിടുന്ന് കരുണയോടെ അവനെ തൊട്ടു, എന്നിട്ട് ചോദിച്ചു ” ഒന്നും വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ” എന്ന്. കുഞ്ഞിക്കിളി പറഞ്ഞു” ഇല്ല പ്രഭോ.. ഞാൻ ഒരു പാട് പറന്നു, ഒരു പാട് കാര്യങ്ങൾ കണ്ടു,അറിഞ്ഞു,അനുഭവിച്ചു. വെയിൽ, കാറ്റ്, വിശപ്പ്, ആകാശം… അങ്ങനെ ഒരു പാട്..”
ഇതു കേട്ടിരുന്ന പ്രാവ് അവനെ പുച്ഛിച്ചു ” നീ എന്തു പറന്നുവെന്നാ? ദേ അവിടെ നിന്ന് ഇവിടെ വരെ, ഇത്ര ചെറിയ ഒരു ദൂരം പറന്നതിനാണ്…”
ദൈവത്തിൻ്റെ കരങ്ങളിൽ സ്വസ്ഥനായിരുന്ന് ആ കുഞ്ഞിക്കിളി പറഞ്ഞു” അല്ല സഹോദരാ… ഞാനൊരുപാട് പറന്നു. ഞാൻ താണ്ടിയ ദൂരം മനസ്സിലാക്കണമെങ്കിൽ ഞാൻ തുടങ്ങിയിടത്തു നിന്ന് നീ തുടങ്ങണം.”

One thought on “കഥ മാനവീയം

Leave a reply to വൈശാഖ് Cancel reply