ഈ പ്രളയകാലത്തിൽ

പ്രളയം ഒരു മഹാമാരിയായി കേരളത്തിനു മുകളിൽ കുടികൊള്ളുകയാണ്.
ഞങ്ങൾ പാലക്കാട്ടുകാർക്ക്, പ്രത്യേകിച്ച് പാലക്കാട് നഗരം, ഒലവക്കോട്, കല്ലേക്കുളങ്ങര നിവാസികൾക്ക് അത്ര പരിചിതമല്ലാത്ത സ്ഥിതിവിശേഷങ്ങളാണ് പ്രളയം, പേമാരി, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയൊക്കെ. വള്ളവും പങ്കായവുമൊന്നും സിനിമയിലല്ലാതെ ജീവിതത്തിൽ കാണാത്തവരാണ് ഞങ്ങൾ.
പുതിയ പാലത്തിനടിയിലൂടെയും ജൈനിമേട് പാലത്തിനടിയിലൂടെയും റിബൺ പോലെ ഒഴുകുന്ന ഒന്നായിരുന്നു ഞങ്ങളുടെ കൽപാത്തിപ്പുഴ. യാക്കരപ്പുഴയാവട്ടെ വല്ലപ്പോഴും പാലത്തെ വന്നൊന്ന് ഉമ്മ വച്ച് അതിദ്രുതം മടങ്ങിപ്പോവുമായിരുന്നു. ഇരുകര കവിഞ്ഞ് പാലം തൊട്ടൊഴുകുന്ന രുദ്രയായ കൽപാത്തി പുഴ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
വേനലും,കൊടും ചൂടും,വരണ്ട വീശിയടിക്കുന്ന വ്യശ്ചിക കാറ്റും,വരൾച്ചയും ജലക്ഷാമവുമൊക്കെ മുഖം ചുളിക്കാതെ തരണം ചെയ്യാനേ ഞങ്ങൾ പഠിച്ചിട്ടുള്ളൂ. ഒരു പ്രഭാതത്തിൽ വീടുകളിലേക്ക് ഇരച്ചു കയറി വന്ന പ്രളയജലത്തെ എങ്ങിനെ നേരിടണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. വീടുകളെ അപ്പാടെ മുക്കിക്കളയുവാനും ദിവസങ്ങളോളം വെള്ളത്തിൽ താഴ്ത്തിവയ്ക്കാനുമുള്ള ശക്തി മഴയ്ക്കുണ്ടെന്ന് അമ്പരപ്പോടെ ഞങ്ങൾ തിരിച്ചറിഞ്ഞ കാലം കൂടിയാണിത്. പാദം മുങ്ങുന്ന വരിവെള്ളമായിരുന്നു ഇന്നു വരേക്കും ഞങ്ങളുടെ പ്രളയകാലം.

അനിതരസാധാരണമായ ഈ ദുരിതകാലത്തെ മനക്കരുത്തു കൊണ്ടും, ഒത്തൊരുമ കൊണ്ടും, പരസ്പര സഹകരണം കൊണ്ടും കേരളം നേരിടുന്ന കാഴ്ച ഹൃദയസ്പർശിയാണ്. ദുരിത മുഖത്തു പ്രവർത്തിക്കുന്ന ഓരോരോ വ്യക്തിയും അത്യന്തം ആദരവും സ്നേഹവും അർഹിക്കുന്നവരാണ്. നേരിട്ടും അല്ലാതേയും നീളുന്ന ഓരോരോ സഹായഹസ്തത്തിനും ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളായ പ്രകാശേട്ടൻ്റെയും ഗിരിജയുടെയും വീടിൻ്റെ ഒന്നാം നില ഇപ്പോൾ രണ്ടാമതും മുങ്ങിപ്പോയിരിക്കുന്നു. ഒന്നാം വട്ടം പ്രളയം വന്ന് പോയ ശേഷം വീടു വൃത്തിയാക്കുന്ന ഭഗീരഥ യത്നത്തിലേർപ്പെട്ടിരുന്ന പ്രകാശേട്ടൻ പറഞ്ഞത് എന്ത് പോയതും സഹിക്കാം, പക്ഷേ ഒരു 20 ലിറ്റർ വെളിച്ചെണ്ണ ആട്ടിക്കൊണ്ടു വന്ന് അടുക്കളയിൽ സൂക്ഷിച്ചിരുന്നു, അത് മറിഞ്ഞു പോയതാണ് ഏറ്റവും കഷ്ടമായത് എന്ന്.
വാഹനങ്ങളും ഗൃഹോപകരണങ്ങളും ഫർണീച്ചറും അടുക്കള സാമഗ്രികളും നശിച്ച് പോയതിനേക്കാൾ വലുതാണോ പ്രകാശേട്ടാ 20 ലിറ്റർ വെളിച്ചെണ്ണ എന്ന എൻ്റെ സംശയത്തിന് അത്യന്തം മ്ലാനവദനനായി പ്രകാശേട്ടൻ പറഞ്ഞു
“20 ലിറ്റർ എണ്ണ ചളിയും വെള്ളവും കലർന്ന് അടുക്കള മുഴുവൻ പരന്ന് കിടക്കണത് വൃത്തിയാക്കുന്ന കാര്യത്തെക്കുറിച്ച് എന്താണഭിപ്രായം?”
ഒന്നും പറയാനില്ല തന്നെ.

പ്രളയം ഓരോരുത്തരേയും ബാധിച്ചിരിക്കുന്നത് ഊഹങ്ങൾക്കുമപ്പുറത്താണ്.
വിവരണാതീതമായ ദുരിതം ഓരോരുത്തർക്കും സമ്മാനിച്ചാണ് ഈ പ്രളയകാലം കടന്നു പോവുന്നത്. പല പല പാഠങ്ങളും നമ്മെ പഠിപ്പിച്ചു കൊണ്ടു കൂടിയാണ് പ്രളയം നമ്മെ തൊട്ടു കടന്നു പോവുന്നത്.
പതിനാറിൻ്റെ പെരുക്കപ്പട്ടിക പഠിക്കുന്നതു പോലെ അൽപം കഷ്ടപ്പാടുള്ള പാഠങ്ങൾ,ബെഞ്ചിൽ കയറ്റി നിർത്തിയും ചെവിക്കു പിടിച്ചും പ്രളയം നമ്മെ പഠിപ്പിക്കുന്നു.

ക്യത്യമായ, കർക്കശമായ അകലം പാലിച്ചു കൊണ്ടു നാം നിർമ്മിച്ച സെപ്റ്റിക് ടാങ്കുകളും കിണറുകളും എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ് പരസ്പരം കൈ കോർത്ത് ഒഴുകുന്ന കാഴ്ച നമ്മെ അസ്വസ്ഥരാക്കുന്നു.
നമ്മുടെ ശരി തെറ്റുകൾ, നമ്മുടെ നല്ലതു ചീത്തകൾ പ്രകൃതിയുടേതുമായി ചേർന്നു നിൽക്കുന്നവയല്ല എന്ന പാഠം നാം പഠിക്കുന്നു.

നമ്മുടെ വീടിന് ദോഷം വരരുതെന്ന് കരുതി അകലെ കൊണ്ടുപോയി രഹസ്യമായി നാം ഉപേക്ഷിച്ച മാലിന്യങ്ങൾ നമ്മളെ തേടി വരുന്ന, നമ്മുടെ കുടിവെള്ള സ്രോതസ്സുകളിൽ കലരുന്ന കാഴ്ച അവിശ്വസനീയതയോടെ നാം കാണുന്നു..കുറച്ചകലെ ആൾ താമസമില്ലാത്ത പറമ്പിൽ ജനങ്ങൾ കൊണ്ടിട്ടിരുന്ന മാലിന്യങ്ങൾ, അയാൾ മതിൽ ഉയർത്തിക്കെട്ടണമായിരുന്നു എന്ന ഒരു തോൾ വെട്ടിക്കലിലൂടെ നാം അവഗണിച്ചിരുന്ന നാറുന്ന പൊതിക്കെട്ടുകൾ നമ്മുടെ രണ്ടാം നിലയുടെ ബാൽക്കണിയിൽ വന്നു ചേരുന്ന ദൃശ്യവും നമ്മളെ അമ്പരിപ്പിക്കുന്നു.
എൻ്റേത് നിൻ്റേത് എന്നൊന്നില്ല എന്നും എല്ലാം നമ്മളുടേതാണെന്നും ഉള്ള പാഠം നാം പഠിക്കുന്നു.

ദുരിതാശ്വാസ ക്യാംപുകളിൽ പണ്ഡിതനും പാമരനും ധനികനും ദരിദ്രനും മലയാളിയും അന്യഭാഷക്കാരനും മുതലാളിയും തൊഴിലാളിയും ഒന്നിച്ച് ഉണ്ട് ഉറങ്ങുന്നു.
ഞാനും നീയും രണ്ടല്ല ഒന്നു തന്നെയെന്ന പാഠം നാം പഠിക്കുന്നു.

കഷ്ടപ്പെട്ട് സമ്പാദിച്ച വീടും സ്വത്തും കാര്യങ്ങളും ഒന്നും ശാശ്വതമല്ല എന്നും വില മതിക്കാനാവാത്ത ഒരേ ഒരു കാര്യം ജീവനാണ് എന്ന സത്യവും കഷ്ടപ്പെട്ട് നാം പഠിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയുടെ സന്തുലനാവസ്ഥയും യാഥാർത്ഥ്യങ്ങളാണ് എന്ന പാഠവും നാം പഠിക്കുന്നു.
കൈമടക്കും സ്വാധീനവും കൈയൂക്കും കണ്ണടയ്ക്കലുകളും കൊണ്ടൊക്കെ നാം നേടിയെടുത്ത കൈവശാവകാശങ്ങളും പട്ടയങ്ങളും ഒന്നും പ്രകൃതിയുടെ അടുക്കൽ വിലപ്പോകുന്ന ഒന്നല്ല എന്ന പാഠവും അൽപ്പം ബുദ്ധിമുട്ടോടെ നാം പഠിക്കുന്നു.

പലപ്പോഴും തോന്നാറുള്ള ഒരു കാര്യമാണ്, ഈ ഭൂമി മനുഷ്യർക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല എന്ന്. മനുഷ്യർ എന്നൊരു വർഗ്ഗം ഇവിടെ ഉണ്ട് എന്ന കാര്യം ഭൂമിക്കറിയുമോ എന്നതു പോലും സംശയമാണ്. ജൻമസിദ്ധമായ യാതൊരു ഡിഫൻസ് മെക്കനിസവും ഇല്ലാതെ സ്വയാർജ്ജിതമായ കഴിവുകൾ കൊണ്ടല്ലേ മനുഷ്യരാശി ഈ ഭൂമുഖത്ത് കഴിഞ്ഞു കൂടുന്നത്,ആ സ്വയാർജ്ജിതമായ സിദ്ധികൾ നമ്മെ സ്വയം പര്യാപ്തരാക്കാൻ ഉതകുന്നുവയാണോ,മറ്റെങ്ങോ നിന്ന് ഇവിടെ വന്നു പറ്റി ജൻമസിദ്ധമായ അത്യാർത്തി മൂലം ഭൂമി അതിൻ്റെ യഥാർത്ഥ അവകാശികളിൽ നിന്ന് പിടിച്ചു പറിക്കുകയല്ലേ നാം ചെയ്തു പോരുന്നത്? സംശയങ്ങളാണ്.

പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി അറിയാൻ ഭൂമിയുടെ മക്കളെ ഭൂമി സന്നദ്ധരാക്കിയിട്ടുണ്ട്. ഒരു മഴ വരുന്നതു പോലും മുൻകൂട്ടി കാണാനുള്ള ഇൻബിൽറ്റ് ടെക്നോളജി ഇല്ലാത്ത, അതിജീവന ശേഷി ഒട്ടുമില്ലാത്ത ഭൂമിയിലെ ഏറ്റവും നിസ്സഹായനായ ജീവി മനുഷ്യനാണ്. എന്നിരിക്കിലും പ്രകൃതിയോടിണങ്ങി ജീവിക്കാനല്ല,മറിച്ച് അതിനോടെതിരിട്ട് ജീവിക്കാനാണ് നാം എന്നും ശ്രമിച്ചിട്ടുള്ളത്. കേട്ടിട്ടില്ലേ, പ്രതികൂല കാലാവസ്ഥയോട് അടരാടി, കാടിനോട് അടരാടി, ഭൂമിയോട് അടരാടി, കടലിനോട് അടരാടി….ഒരിക്കലും അതിനോടിണങ്ങിയല്ല. എന്നെങ്കിലും ഈ പോരാട്ടം അവസാനിപ്പിച്ച് സമരസപ്പെടാൻ മാത്രം നാം പാകപ്പെടുമോ?

പ്രകൃതിയുടെ ഒരു പുരികം വെട്ടിക്കലിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴാനുള്ളതേയുള്ളൂ മനുഷ്യൻ കെട്ടിപ്പൊക്കിയതത്രയും. ഒരു സംസ്കാരവും ഒരു ജനതതിയും ഈ മഹാപ്രപഞ്ചത്തിന് അതീതമല്ല. ഗുണപാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിനയാന്വിതരായി നമുക്കിവിടെ കഴിഞ്ഞു കൂടാം.

വാൽക്കഷ്ണം: ടി വി യിൽ നിർദ്ദേശങ്ങൾ വരുന്നു, അവശ്യവസ്തുക്കളും വില പിടിപ്പുള്ള രേഖകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കൈയിലെടുക്കണമെന്ന്.
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു താൽക്കാലിക ലൈഫ് ജാക്കറ്റ് എങ്ങിനെ നിർമ്മിക്കാമെന്ന വീഡിയോകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു..
എല്ലാ പരിസ്ഥിതി പ്രശ്നങ്ങളുടേയും മൂല കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട, സർവ്വരാലും വെറുക്കപ്പെട്ട പ്ലാസ്റ്റിക് ഈ പ്രക്യതിക്ഷോഭ കാലത്ത് ഒരു ഉപകാരിയായി മാനം തിരിച്ചു പിടിച്ചിരിക്കുന്നു.
ഒന്നും ആത്യന്തികമായി നല്ലതും ചീത്തയും ആവുന്നില്ല എന്നതും നാം പഠിക്കുന്നു.

One thought on “ഈ പ്രളയകാലത്തിൽ

  1. Kavitha Ashok's avatar Kavitha Ashok

    Excellent writing! So realistic!! The current situation in Kerala, especially Palakkad displayed well. Keep writing Geetha chechi… One of your fan😊😍

    Like

Leave a reply to Kavitha Ashok Cancel reply