അഭിമന്യു…ഒരു കനലോർമ്മ…കേരളത്തിൻ്റെ നെഞ്ചിലാഴ്ന്ന കത്തിമുന. കാലമേറെ കഴിഞ്ഞാലും മലയാളത്തിൻ്റെ മനസ്സിൽ വടു കെട്ടിക്കിടക്കും അഭിമന്യു എന്ന രക്ത താരകം.
ഒരുപാടു വായിച്ചു അഭിമന്യു എന്ന വട്ടവടക്കാരനെ പറ്റി. ഒരു പാടുപേരുടെ ഓർമ്മകളിൽ വസന്തമായി പൂത്തു നിൽക്കുന്നു, ചിരിക്കുന്ന ഈ നിഷ്കളങ്ക കൗമാരം. ഒരു വീടിൻ്റെ, ഒരു നാടിൻ്റെ, ഒരു ജനതയുടെ പ്രതീക്ഷയായിരുന്നു അവൻ.
വട്ടവടയിലെ ആ ചെറിയ ചുറ്റുപാടിൽ നിന്ന് മഹാരാജാസിലെ കെമിസ്ട്രി ക്ലാസിലേക്കുള്ള ദൂരം ചെറുതൊന്നുമല്ല. അവനെ അവിടെ വരെയെത്തിക്കാൻ അവൻ്റെ കുടുംബാംഗങ്ങൾ എത്രമാത്രം പിറകോട്ടു വലിച്ചു കെട്ടിയ ഞാണായി വർത്തിച്ചിരിക്കാമെന്നത് ഊഹങ്ങൾക്കുമപ്പുറമാണ്.
അവൻ്റെ ഒറ്റമുറി അടുക്കള വീട്ടിൽ കഴിഞ്ഞയാഴ്ച വരെ കിനാക്കൾ വസന്തം വിരിയിച്ചിരിക്കും.. പഠിച്ച് വലുതായി ജോലി കിട്ടിയിട്ട് ചെയ്യാൻ പോവുന്ന കാര്യങ്ങളെക്കുറിച്ചും നടത്താൻ ബാക്കി വച്ചിരിക്കുന്ന യാത്രകളെക്കുറിച്ചും ആ അടുക്കളയിലിരുന്ന് അവൻ അമ്മയോട് പറഞ്ഞിരിക്കും. പാറക്കല്ലോളം പോന്ന ഡയമണ്ട് തൊട്ട് ചർച്ച് സ്ട്രീറ്റിലുള്ള സെക്കൻ്റ്ഹാൻ്റ് ബുക്ക് ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതു വരെയുള്ള സ്വർഗ്ഗീയ വാഗ്ദാനങ്ങൾ നടത്തപ്പെടുന്ന സ്ഥലമാണ് അടുക്കള. മക്കൾ അങ്ങിനെയാണ്.
ഇനിയുള്ള കാലം ആ അടുക്കളയിൽ കാലത്തിൻ്റെ കറ പുരളാത്ത ആ ചിരിയും സംസാരവും കേൾക്കില്ല. ഓരോ ഭക്ഷണ സമയത്തും ഒരു പ്ലേറ്റും ഒരു ഗ്ലാസും കുറച്ച് മാത്രം എടുക്കേണ്ടി വരുന്ന അവൻ്റെ അമ്മയുടെ ഇനിയങ്ങോട്ടുള്ള ജീവിതം അവസാനിക്കാത്ത കനൽച്ചാട്ടമായിരിക്കും.
പലരും പറഞ്ഞു കണ്ടു, അവൻ സ്വന്തം കാര്യം നോക്കി ജീവിക്കണമായിരുന്നുവെന്ന്. സ്വന്തം കുടുംബാംഗങ്ങളെ കുറിച്ച് മാത്രം ചിന്തിക്കണമായിരുന്നുവെന്ന്. അവനത് കഴിയാതെ പോയി.പക്ഷേ ചിലരങ്ങനെയാണ്. അവരുടെ വിശപ്പ് മാറണമെങ്കിൽ ലോകത്തെ എല്ലാ അരവയറുകളും ഒഴിവയറുകളും നിറയണം. അവർക്ക് സമാധാനം ലഭിക്കണമെങ്കിൽ ലോകത്തെ അശാന്തികളെല്ലാം ഒഴിയണം. ദൈവം അവരെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്. ആത്മാവിൽ ഒരു കീറ് വെളിച്ചം നിറച്ച് മൂർദ്ധാവിൽ ഒരു മുത്തം നൽകിയാണ് സ്രഷ്ടാവ് അവരെ ഭൂമിയിലേക്കയച്ചിരിക്കുന്നത്. നസ്രേത്തിലെ ആ വലിയ മരപ്പണിക്കാരനെപ്പോലെ.
സൈമൺ ബ്രിട്ടോയുടെ വാക്കുകളിൽ നിന്ന് അഭിമന്യുവിനെ നമുക്ക് വായിച്ചെടുക്കാം. ഭക്ഷണം കഴിക്കാനാവശ്യപ്പെടുമ്പോൾ അവൻ പറയുമായിരുന്നത്രേ, ഹോസ്റ്റലിലെ കൂട്ടുകാർ ഒന്നും കഴിച്ചു കാണില്ല എന്ന്.
അധികാര മോഹമോ സമ്പത്തിനോടുള്ള ആർത്തിയോ അല്ല അവനെ രാഷ്ട്രീയക്കാരനാക്കിയത്. തന്നോളം ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത തൻ്റെ സഹജീവികളുടെ ജീവിതത്തിൽ നടത്തിപ്പോന്ന സജീവമായ ഇടപെടലുകളാണ് അവനെ രാഷ്ട്രീയക്കാരനാക്കിയത്. ചിലരങ്ങനെയാണ്. അവർക്ക് സ്വന്തം കാര്യം നോക്കാനാവില്ല. അഥവാ അയൽവീട്ടിലെ രോഗിയായ വൃദ്ധനും വിദൂര യുദ്ധഭൂമികളിലെ അനാഥബാല്യങ്ങളും അവർക്കു സ്വന്തം ആൾക്കാർ തന്നെയാണ്. തന്നേക്കാൾ കഷ്ടത അനുഭവിക്കുന്നവരേയും ഭാഗ്യഹീനരേയും അവർ സ്വന്തമായെണ്ണും. പ്രായേണ ശോഭനമായ ഭാവിയിൽ നിന്ന് കഷ്ടപ്പാടുകളിലേക്കും രോഗാതുരരുടെ അടുത്തേക്കും അവർ യാത്ര പോവും. ചിലർ വട്ടവടയിലെ വീട്ടിൽ നിന്ന്, ചിലർ അർജൻറീനയിലെ സമ്പന്നതയിൽ നിന്ന്, ചിലർ രാജകൊട്ടാരത്തിൽ നിന്ന്…. നമുക്കത് മനസ്സിലാകണമെന്നില്ല. കാരണം നാം വെളിച്ചത്തിൻ്റെ അനുഗ്രഹം കിട്ടാത്തവരാണ്.
അഭിമന്യു ചെയ്യേണ്ടിയിരുന്നത് എന്താണ് എന്നതിനു പകരം അവനു വേണ്ടി ചെയ്യേണ്ടതെന്താണെന്നു നമുക്കാലോചിക്കാം. മറ്റൊരു വെളിച്ചക്കീറു കൂടി അന്ധകാരത്താൽ കൊല ചെയ്യപ്പെടാൻ നാം അനുവദിച്ചു കൂടാ.വെളിച്ചത്തിൻ്റെ ഇത്തരം കൊച്ചു കൊച്ചു തുരുത്തുകൾ ഇരുൾ മൂടിക്കൂടാ. അഭിമന്യുവിനെ പോലുള്ള പ്രകാശഗോപുരങ്ങളിലാണ് നമ്മുടെ നാടിൻ്റെ ഭാവി പ്രതീക്ഷകൾ കുടിയിരിക്കുന്നത്. എല്ലാ മക്കൾക്കും വേണ്ടി നമുക്ക് അന്ധകാരത്തെ എതിർത്തു തോൽപ്പിക്കാം. ഒരു കൈത്തിരിവെട്ടമോ ഒരു മിന്നാമിനുങ്ങെങ്കിലുമോ ആവാം.
നിൻ്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് നീ കൂട്ടുകാരനു കൊടുത്തോളൂ എന്ന സൗമനസ്യത്തിനുമപ്പുറം അവൻ്റെ ആവശ്യവും നിൻ്റെ ആവശ്യങ്ങളോളം തന്നെ വിലയുള്ളതാണ് എന്ന പാഠം നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാനുള്ള ഉൾക്കരുത്ത് ദൈവം എനിക്കും നിങ്ങൾക്കും തരട്ടെ.
