സുഖമോ സഖേ?

നിനക്ക് സുഖമല്ലേ?
എനിക്കറിയാം
നിൻ്റെ ലോകം നിനക്കു ചുറ്റും
ഇപ്പോൾ തകർന്നു വീണതേയുള്ളൂവെന്ന്;
എങ്കിലും സഖേ
ഞാൻ ചോദിക്കട്ടെ,
നിനക്ക് സുഖമല്ലേ?
എല്ലാം സ്വസ്ഥം,എല്ലാം സുഭദ്രമെന്നു
നീ പറയാതെ
എനിക്കുറങ്ങാനാവില്ല.
തകർന്നു പോയ നിൻ്റെ ലോകത്തു
നിന്നു കൊണ്ട്
എൻ്റെ സമാധാനത്തിനായി
നീ പറയുക
എല്ലാം നല്ലതെന്ന്.
ഞാൻ സുഖമായുറങ്ങട്ടെ.

നിനക്കറിയാമല്ലോ
നിന്നെ ഞാനേറെയിഷ്ടപ്പെടുന്നുവെന്ന്,
നിൻ്റെ വ്യഥകൾ എന്നെ വേട്ടയാടുമെന്ന്.
അതിനാൽ
സഖേ നീ പറയുക
എല്ലാം ശുഭം.
ഇടനെഞ്ചിലെ സങ്കടക്കടൽ
അണ കെട്ടി നിർത്തുക,
ഉള്ളിലെ ചെന്തീക്കനൽ
പുഞ്ചിരിയാൽ പൊതിഞ്ഞു പിടിക്ക,
നിൻ്റെ വ്യാകുലതകളാൽ
എന്നെ വ്രണപ്പെടുത്താതിരിക്ക,
കീറി മുറിഞ്ഞ ഹൃദയച്ചുവപ്പിനാലാകെ
നനഞ്ഞു പോയ
വാക്കുകളാൽ നീ ഉര ചെയ്ക
സർവം മംഗളം തന്നെയെന്ന്.
ഞാൻ സുഖമായുറങ്ങട്ടെ.

ചുട്ടെടുത്തോരുള്ളിൻ്റെ തീച്ചൂട്
തുടുപ്പിച്ചു നിർത്തിയ
നിൻ്റെ ചിരിയുടെ
സാന്ധ്യ ശോഭയെ ഞാൻ
പ്രശംസിക്കട്ടെ.
ഏറ്റു വാങ്ങുന്ന ചാട്ടവാറടികളാൽ
അടിമുടി നീറി നീ ചുവക്കുമ്പോൾ
ഒരു റോസാപ്പൂ പോലെ
എന്നു ഞാൻ ഊറ്റം കൊള്ളട്ടെ.
കനൽപ്പാത ചവിട്ടുന്ന നിന്നെ
കണ്ടിട്ടും കാണാതെ
അസംഖ്യം സ്നേഹസന്ദേശങ്ങളാൽ
ഞാനെൻ്റെ കരുതൽ വെളിവാക്കട്ടെ.

എങ്കിലും സഖേ,
നീ താണ്ടുന്ന യാതനാപർവ്വങ്ങൾ
എന്നിൽ നിന്ന് മറച്ചു പിടിക്കുക,
എന്നിട്ട് വെറുതേ പറയുക
എല്ലാം ശുഭമെന്ന്,
ഞാൻ സുഖമായുറങ്ങട്ടെ.

ഒടുക്കം തോറ്റു നീ മടങ്ങുമ്പോൾ
ഞാനൊന്നുമറിഞ്ഞില്ലല്ലോ
എന്ന വിലാപത്തോടെ
നിന്നെ യാത്രയാക്കുവാൻ
ഞാനെത്തും തീർച്ച.

Leave a comment