“ഇന്നലെ രാവിലെ അമ്മ അവസാനമായി എന്താണു പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ?”
ഇൻസ്പെക്ടർ ഭോസ്ലെ ജനലിലൂടെ പുറത്തെ സായാഹ്നം നോക്കിയിരിക്കുന്ന ആഭാ കുൽക്കർണിയോടു ചോദിച്ചു.
എന്നാണ് അമ്മയോട് അവസാനമായി മിണ്ടിയത് എന്ന മറ്റൊരു ചോദ്യം ആഭയുടെ മനസ്സിനെ അലട്ടുകയായിരുന്നു അപ്പോൾ. അമ്മയോട് എന്നാണ് അവസാനമായി മിണ്ടിയത്? ആഭ ഒരുപാട് ചികഞ്ഞാലോചിച്ചു.
കഴിഞ്ഞ നാളുകളിലെന്നോ ഒരു രാത്രി മേധയുടെ വീട്ടിലേക്കെന്നു പറഞ്ഞ് അമ്മയുടെ എന്തിനാ ഈ നേരത്ത് പോവുന്നത്, എങ്ങിനെയാണ് പോവുക, ആരെല്ലാം കൂടെ ഉണ്ട്, ഒമ്പതു മണിക്ക് മുന്നേ എത്തില്ലേ, രാത്രി അത്താഴത്തിന് ആലു പറാത്ത മതിയോ എന്നിങ്ങനെ നീളുന്ന നൂറു നൂറു ചോദ്യങ്ങൾ ഒഴിവാക്കാനായി ഒരു ചുഴലിക്കാറ്റു കണക്കേ വാതിൽ തുറന്നടച്ച് ഇറങ്ങിപ്പോയ ശേഷം ഇന്നലെ വരെ അമ്മയോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ എന്ന് ആഭ ഞെട്ടലോടെ ഓർത്തെടുത്തു.
ആഭാ കുൽക്കർണിയുടെ അമ്മ ജാൻകീ കുൽകർണിയെ കാണാതായിട്ട് ദിവസം ഒന്നു കഴിഞ്ഞിരിക്കുന്നു. ഇന്നലെ ഏതോ ഒരു നേരത്ത് എങ്ങോട്ടാണ് പോയതെന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെ ആഭയുടെയും ആരവിൻ്റെയും അമ്മ, ശ്രീറാം കുൽക്കർണിയുടെ ഭാര്യ ശ്രീമതി ജാൻകീ കുൽക്കർണി എങ്ങോ മാഞ്ഞു പോയിരിയിരിക്കുന്നു.
രാത്രി എട്ടരയോടെ ഫ്രിഡ്ജിൽ നിന്ന് തണുത്തതെന്തെങ്കിലും എടുത്തു കുടിയ്ക്കാനായി തൻ്റെ മുറിയുടെ കതക് തുറന്ന് പുറത്തു വന്ന ആഭയാണ് അമ്മ അപ്രത്യക്ഷയായ വിവരം ആദ്യമറിഞ്ഞത്.ഇരുൾ പുതച്ചു കിടന്നിരുന്ന വീട് കണ്ട് ആഭയ്ക്ക് ചെറുതായി ഒരു പേടി വന്നു.ഈ അമ്മേടെ ഒരു കാര്യം, ഒരു ചെറിയ കാര്യം പോലും ശരിയായി ചെയ്യാനറിയില്ല, സന്ധ്യയായാൽ ലൈറ്റിടണം എന്നും അറിയാതായോ എന്ന ശബ്ദ കോലാഹലത്തോടെ ആഭ ഭക്ഷണമുറിയിലും അടുക്കളയിലും വിളക്കുകൾ തെളിച്ചു.
ഊണുമേശ മേൽ അത്താഴം അടച്ച് വച്ചിട്ടില്ല, പകലേ ഭായി കഴുകി വച്ചിരിക്കുന്ന പാത്രങ്ങൾ തുടച്ച് എടുത്ത് വച്ചിട്ടില്ല, അത്താഴം തയ്യാറാക്കിയ പാത്രങ്ങൾ സിങ്കിൽ കൂടി കിടക്കുന്നില്ല, ഭക്ഷണം പാകം ചെയ്തതിൻ്റെ യാതൊരു ലക്ഷണവും കാണാനില്ല..സ്വീകരണമുറിയും ഇരുട്ടിലാണ് . ടിവി ശബ്ദം താഴ്ത്തി വച്ച് അമ്മ സീരിയൽ കാണാൻ ഇരിക്കുന്നില്ല. കർട്ടനുകൾ ഒന്നും വലിച്ചിട്ടിട്ടില്ല. വീടാകെ വിറങ്ങലിച്ച് നിൽക്കുന്നത് പോലെ.
അച്ഛൻ്റെയും അമ്മയുടെയും കിടപ്പുമുറിയുടെ അടഞ്ഞു കിടക്കുന്ന കതകിനടിയിലൂടെ വെളിച്ചം അരിച്ചരിച്ച് വരുന്നുണ്ട്. ആഭയ്ക്ക് മനസ്സിൽ ഒരു തണുപ്പും അമ്മയോട് വല്ലാത്ത ഈർഷ്യയും തോന്നി. എത്ര വയ്യെങ്കിലും ഈ ലൈറ്റൊക്കെ ഒന്ന് തെളിച്ചിട്ട് കിടന്നൂടേയെന്നു പിറുപിറുത്തു കൊണ്ട് ആഭ അമ്മയുടെ മുറിയുടെ വാതിൽപ്പിടി തിരിച്ചു.മുറിയിൽ ഓഫീസ് വേഷത്തിൽ
ഷൂ പോലും അഴിച്ചു മാറ്റാതെ ശ്രീമാൻ കുൽക്കർണി കിടക്കയിൽ കമിഴ്ന്നു കിടന്ന് ആരോടോ കുലുങ്ങിച്ചിരിച്ചു ചാറ്റിംഗിലായിരുന്നു.
അമ്മാ എന്ന് ആഭയും വന്നിട്ട് ഇത്ര നേരമായിട്ടും ചായ തരാത്തതെന്ത് എന്ന് അച്ഛനും ഒരേ സമയം ആക്രോശിച്ചു.രണ്ടു പേരുടെയും കണ്ണുകളിലെ വെറുപ്പിൻ്റെ ആഴം അവരെ ഒരേ സമയം അമ്പരപ്പിക്കുകയും ചെയ്തു.
അമ്മയെ എവിടേയും കാണാനില്ല എന്ന് ആഭ വിരക്തിയോടെ അച്ഛനെ അറിയിച്ചു. എവിടെ പോവാനാണ്, അവിടെ എവിടെയെങ്കിലും കാണും എന്ന് അച്ഛൻ അതിലേറെ വിരക്തിയോടെ പറഞ്ഞു.കുത്താ ഏക് പാൽതൂ ജാൻവർ ഹേ എന്ന് കുഞ്ഞുന്നാളിൽ പഠിച്ച ഒരു എസ്സേ ആഭക്ക് ഒരു കാര്യവുമില്ലാതെ ഓർമ്മ വന്നു. അച്ഛൻ ചിരിയിലേക്കും ചാറ്റിംഗിലേക്കും മടങ്ങിക്കഴിഞ്ഞിരുന്നു.
ഈയിടെയായി സൈബർ ലോകത്തെ മാതൃകാ പൗരനായി രൂപാന്തരപ്പെട്ടിരുന്ന അച്ഛൻ കുൽക്കർണി ഇഹലോക മര്യാദകളെല്ലാം പാടെ വിസ്മരിച്ചിരുന്നു. പഴയ സുഹൃത്തുക്കൾ, പുതിയ സുഹൃത്തുക്കൾ, നാട്ടിലെ സുഹൃത്തുക്കൾ, വർക് ഗ്രൂപ്പ്, വർക്കൗട്ട് ഗ്രൂപ്പ്, പൂന്തോട്ട പ്രേമികൾ,ആർട് ലൗവേഴ്സ്…. എന്നിങ്ങനെ നിരവധി കൂട്ടായ്മകളിലെ സജീവ അംഗമാണ് അയാൾ. പോരാതെ സമൂഹത്തിലെ തിൻമകൾക്കെതിരേ തളരാതെ അടരാടുന്ന മുൻനിര ഫേസ്ബുക്ക് പോരാളി കൂടിയാണ് ശ്രീറാം കുൽകർണി.പുതിയ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കൽ ആണു അദ്ദേഹത്തിൻ്റെ പുതിയ ഹോബി. ഇരുപത്തെട്ട് വയസ്സുകാരനായ സുമുഖനും സുശീലനുമായ റിതേഷ് റായ് എന്ന പ്രച്ഛന്നവേഷത്തിൽ പ്രശസ്തരും അപ്രശസ്തരുമായ നിരവധി സുന്ദരിമാരുടെ അഭ്യുദയകാംക്ഷി കൂടിയാണ് അദ്ദേഹം.
ഓഫീസ് വിട്ടു വന്നയുടനെ ഫോണുമായി കിടയ്ക്കയിലേക്ക് മറിഞ്ഞതാണ് ശ്രീറാം.നേരം ഒരുപാടായി.വയറ് വിശന്ന് കത്തിക്കാളിയിട്ടും രാത്രിഭക്ഷണത്തിനുള്ള ഭാര്യയുടെ ആഹ്വാനം വരാത്തതിൽ അസ്വസ്ഥനാണെങ്കിലും തൻ്റെ കോളേജ് സഹപാഠി പദ്മയുമായുള്ള സംസാരം അവസാനിപ്പിക്കുവാൻ അയാൾ തയ്യാറായിരുന്നില്ല. പദ്മയുടെ ഭർത്താവ് ഡൽഹിയിൽ മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്. അയാളില്ലാത്ത നേരത്തേ അവൾക്ക് ലേറ്റ് നൈറ്റ് ചാറ്റിംഗിന് വരാൻ സാധിക്കൂ. എല്ലാ കാര്യത്തിലും തലയിടുന്ന അറുബോറൻ ഭർത്താവിനെയാണ് പാവം അവൾക്ക് കിട്ടിയിരിക്കുന്നത്.വീഡിയോ ചാറ്റിംഗിനു വരാൻ അവൾ ഇതു വരെ തയ്യാറായിട്ടില്ല. എന്നെ കണ്ടാൽ പിന്നെ നീ വിളിക്കില്ല എന്നാണ് ന്യായം. ഇന്ന് എങ്ങനെയെങ്കിലും ഒന്ന് കാണണം. അടുത്ത തവണ അവളുടെ ഭർത്താവ് ദൂരയാത്ര പോവുമ്പോൾ അപ്രതീക്ഷിതമായി കോൽഹാപ്പൂർ ചെന്ന് അവളെ ഞെട്ടിക്കണം.
പെട്ടെന്നാണ് ഡ്രസിംഗ് ടേബിളിനു മുകളിൽ നിന്ന് ഒരു ഫോൺ ബെല്ലടിച്ചത്.ഒരു വട്ടം മുഴുവനായി അടിച്ച് ഓഫായി വീണ്ടും ഉടനെത്തന്നെ അടിച്ചു തുടങ്ങിയപ്പോൾ ശ്രീറാം കുൽകർണിക്ക് ദേഷ്യം വന്നു.
” ജാൻകീ … ജാൻകീ … ”
ഒരു പ്രതികരണവുമില്ല. ഫോൺ വീണ്ടും നിന്നു, ഉടനെ അടിച്ചും തുടങ്ങി. പദ്മയുമായുള്ള സംഭാഷണം മുറിയാതെ കാത്തു കൊണ്ട് അയാൾ ഇടവിടാതെ വെപ്രാളത്തോടെ നിലവിളിക്കുന്ന ആ ഫോൺ കൈയിലെടുത്തു. സ്ക്രീൻ മുഴുവൻ കറുത്ത് ഡിസ്പ്ലേ ഇല്ലാത്ത ആ പുരാവസ്തു എവിടെ ഞെക്കിയാണ് ഓൺ ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയ അയാൾ ഫോണുമായി മുറിക്കു പുറത്തിറങ്ങി;എവിടെപ്പോയി കിടക്കുന്നു ഈ നാശം പിടിച്ച കഴുത എന്ന പ്രാക്കോടെ.അവിടെ സ്വീകരണമുറിയിലെ സോഫയിൽ പ്രേതത്തെ കണ്ടവളെപ്പോലെ വിളറി വെളുത്ത് ആഭ ഇരുപ്പുണ്ടായിരുന്നു.
“ഞാനാണ് വിളിച്ചത്; അമ്മ ഇതുവരെ എത്തിയിട്ടില്ല”
അവൾ അച്ഛനെ നോക്കാതെ ഇടറിയ സ്വരത്തിൽ പറഞ്ഞു.
ഗീവ് മീ ടൂ മിനിറ്റ്സ് ഡിയർ, ഐ ബിൽ ബീ ബാക്ക് ഇൻ എ കപ്പിൾ ഓഫ് മിനിറ്റ്സ്” എന്ന് മൂന്നാലു ചുവപ്പൻ ചുംബനങ്ങൾ പദ്മക്കു നേരെ ചുഴറ്റിയെറിഞ്ഞ് അവളെ പാതി വഴിയിൽ നിർത്തി അയാൾ മകളുടെ അടുത്ത് ചെന്നിരുന്നു.
രണ്ട് പേരുടെയും മുഖത്ത് ഇനി എന്ന ചോദ്യം വലിയ അക്ഷരങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.
ഈ രാത്രി ഇനി എന്ത് ചെയ്യാനാണെന്നും എവിടെപ്പോവുകയാണെങ്കിലും അതിനി ചാകാനാണെങ്കിൽ തന്നെയും ഒന്ന് പറഞ്ഞിട്ട് പോവാമായിരുന്നു എന്നും ഇത്ര വില കുറഞ്ഞ സസ്പെൻസ് ആർക്കും നല്ലതല്ല എന്നും കുൽക്കർണി മകളോട് പറഞ്ഞു.
ആഭ തൻ്റെ ഫോണിൽ നിന്ന് ആരവിനെ വിളിച്ചു തുടങ്ങി.വേനൽക്കാല രാവായിരുന്നും അവൾക്ക് വല്ലാത്ത തണുപ്പും കിടുങ്ങലും അനുഭവപ്പെട്ടു.മുംബെ നഗരത്തിനു പുറത്ത് ജോലി ചെയ്യുന്ന ആരവിൻ്റെ ഫോൺ നിരവധി റിംഗുകൾക്ക് ശേഷമാണ് എടുക്കപ്പെട്ടത്.
” വാട്ട്… ” എന്ന ആക്രോശത്തോടെയായിരുന്നു ആരവ് സംസാരിച്ചു തുടങ്ങിയത്.ആഭയുടെ തണുത്തുറഞ്ഞ സന്ദേശം ആരവിനെ ഭയപ്പെടുത്തി..
“എന്നിട്ട്? വേർ ആർ യൂ നൗ?”
ആരവിൻ്റെ ചോദ്യത്തിന് ശ്രീറാം കുൽകർണിയാണ് ഉത്തരം നൽകിയത്.
” ഇപ്പോൾ എന്ത് ചെയ്യാനാണ്,എല്ലാവരും ഉറങ്ങിക്കാണും, നാളെ രാവിലെയാവട്ടെ. എല്ലാവരേയും പേടിപ്പിക്കാനായിട്ട് എവിടെയെങ്കിലും പോയി ഇരിക്കുകയായിരിക്കും. ഈ വക ചീപ്പ് ഡ്രാമകൾക്കൊന്നും എൻ്റെ പക്കൽ സമയമില്ല. ഇനി തിരിച്ച് ഈ പടി ചവിട്ടണമെങ്കിൽ തക്കതായ വിശദീകരണം ഉണ്ടായിരിക്കണം അവളുടെ കയ്യിൽ ”
വായിൽ വന്ന തെറി വാക്ക് കുൽക്കർണി വിഴുങ്ങി.എത്രയും പെട്ടെന്ന് തൻ്റെ സ്വകാര്യ ലോകത്തു തിരിച്ചെത്തി പദ്മയെ മനസ്സാ ചേർത്തു പിടിച്ച് കിന്നാരം പറയാനുള്ള ത്വര അയാൾക്ക് അടക്കാനാവുന്നില്ലായിരുന്നു.
”ആഭാ…. നീ ഇപ്പോൾ തന്നെ അച്ഛനേയും കൂട്ടി പോലീസ് സ്റ്റേഷനിൽ ചെന്ന് അമ്മയെ കാണാനില്ലെന്ന് പരാതി പറയണം.അമ്മക്ക് എന്തു സംഭവിച്ചു എന്ന് നമുക്കറിയില്ല. ഒരു പക്ഷേ വല്ല ആക്സിഡൻറും പറ്റി ആശുപത്രിയിൽ ആണെങ്കിലോ? പോവുന്നതിന് മുന്നേ നീ വാച്ച്മാനോട് ചോദിക്കണം അമ്മയെ കണ്ടിരുന്നോ എന്ന്. അതുപോലെ തന്നെ നായരാൻറിയോടും ബിസ്വാസ് ആൻറിയോടും തിരക്കണം,ഇപ്പോൾ തന്നെ.”
ആരവിൻ്റെ ശബ്ദം മുറിഞ്ഞു. ആഭ ഒച്ചയില്ലാതെ കരഞ്ഞു തുടങ്ങി.ആരവ് അച്ഛനുമായി സംസാരിക്കാറില്ല.
ഒരുപാട് രസങ്ങൾ പറഞ്ഞുറപ്പിച്ച് വച്ചിരിക്കുന്ന രാത്രിയാണ് ഇത്. ഈ എരണംകെട്ടവൾക്ക് മറ്റൊരു ദിനം തിരഞ്ഞെടുക്കരുതായിരുന്നോ അപ്രത്യക്ഷയാവാൻ.കുൽക്കർണി മനസ്സില്ലാ മനസ്സോടെ പുറപ്പെടാൻ തയ്യാറായി.ആഭ അകത്തു ചെന്ന് ഒരു ഷാളെടുത്ത് പുതച്ച് അച്ഛനോടൊപ്പം ലിഫ്റ്റിലേക്കു നടന്നു.അയൽക്കാരോട് ചോദിക്കുന്നതിൽ നിന്ന് അച്ഛൻ അവളെ വിലക്കിയിരുന്നു.കാറ് സൊസൈറ്റിയുടെ ഗേറ്റ് കടക്കുമ്പോൾ രാത്രി കാവൽക്കാരൻ സെക്യൂരിറ്റി കാബിനിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.
“നമുക്ക് ഈയാളോട് ചോദിച്ചാലോ?”ആഭയുടെ ചോദ്യം കുൽക്കർണ്ണി കേട്ടില്ലെന്ന് നടിച്ചു.
അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൻ്റെ മുന്നിലിരിക്കുന്ന ശുണ്ഠി പിടിച്ച അച്ഛനേയും അകമേ തകർന്ന മകളേയും രാത്രി ഡ്യൂട്ടിയിലെ എസ്ഐ ഉറക്കച്ചടവോടെ മാറി മാറി നോക്കി.
“എപ്പോഴാണ് കാണാതായത്?”
“അറിയില്ല ”
“എപ്പോഴാണ് അവരെ അവസാനമായി കണ്ടത്?”
“ഇന്ന് രാവിലെ”
“കാണാതാവുമ്പോൾ എന്തു വസ്ത്രം ആണു ധരിച്ചിരുന്നത്?”
“അറിയില്ല”
“എന്തെങ്കിലും പ്രത്യേക അടയാളങ്ങൾ ?”
“പ്രത്യേകിച്ച് ഒന്നുമില്ല.”
“ഒരു വിവരണം തരൂ ”
“ഏതാണ്ട് അഞ്ചടി ഉയരം,ഇരു നിറം,തടിച്ച ശരീരം,49 വയസ്സുള്ള സ്ത്രീ,സ്വസ്ഥം ഗൃഹഭരണം(സ്വസ്ഥം എന്നത് കള്ളം മാത്രം).ഇന്ത്യയിലെ ഏതൊരു വീട്ടമ്മയ്ക്കും ചേരുന്ന വിശേഷണങ്ങൾ.
“എതെല്ലാം ഭാഷകൾ അറിയാം?”
“ഹിന്ദി, മറാഠി ”
“അമ്മയ്ക്ക് ഇംഗ്ലീഷ് നന്നായി അറിയാം.അമ്മ ഫർഗൂസനിൽ ആണു പഠിച്ചിരുന്നത്,ലിറ്ററേച്ചർ ”
ആഭ കോപത്തോടെ അച്ഛനെ നോക്കി.അച്ഛനിൽ കലാമണ്ഡലം ഗോപിയാശാൻ്റെ കത്തി വേഷം തിരനോട്ടം നടത്തി.
“അറിഞ്ഞിട്ടെന്ത് വിശേഷം, ഒരു ഈമെയ്ൽ കൂടി അയയ്ക്കാൻ അറിയില്ല ”
“വീട്ടിൽ വല്ല വഴക്കോ മനോവിഷമമോ അങ്ങിനെ എന്തെങ്കിലും?”
“ഒന്നുമില്ല. സുഖമായി തിന്ന് കുടിച്ച് ടിവി യും കണ്ട് ഇരുന്നിരുന്നു. അത്ര തന്നെ”
ശീമപ്പന്നി എന്നു കൂടി ഉറുമ്മിയ പല്ലിനിടയിലൂടെ കുൽക്കർണി പറഞ്ഞത് ഇൻസ്പെക്ടർ വെളിവായി കേട്ടു.
“ഫോട്ടോ വല്ലതും?”
“കൊണ്ട് വന്നിട്ടില്ല”
അയൽവക്കത്തും ബന്ധുഗൃഹങ്ങളിലുമൊക്കെ അന്വേഷിച്ചുവോ?”
“ഈ നേരത്ത് എല്ലാവരും ഉറങ്ങിക്കാണും.നേരമൊന്നു വെളുത്തോട്ടെ.വെറുതേ എല്ലാവരേയും അലോസരപ്പെടുത്തുന്നതെന്തിന്?”
അച്ഛൻ്റെ മനോഭാവം ശരിക്ക് അളന്ന ഇൻസ്പെക്ടർ കസേരയിൽ ചാരിക്കിടന്ന് കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു
“ഞങ്ങൾ അന്വേഷിക്കാം.ചിലപ്പോൾ ബഹൻജി പ്രഭാദേവിയിൽ പോയതായിരിക്കും. ഭഗവദ്ദർശനം ലഭിച്ച ശേഷം മടങ്ങിയെത്താൻ താമസിച്ചതാവും.ഒരു പക്ഷേ നിങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും ബഹൻജി വീടെയെത്തിയെന്നും വരാം.എന്തായാലും നാളെയാവട്ടെ ”
കുൽക്കർണ്ണി പെട്ടെന്ന് തന്നെ എഴുന്നേറ്റ് വീട്ടിലേക്ക് മടങ്ങി.
ആഭ ആരവിനെ വിളിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അവർ അന്വേഷിക്കുമെന്നും മാത്രം പറഞ്ഞു. ആരവ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
അനന്ത സാധ്യതകൾ ഒളിപ്പിച്ച് വച്ചിരുന്ന ഒരു രാത്രി കൈയിൽ നിന്ന് വഴുതിപ്പൊയ്കൊണ്ടിരിക്കുന്നതിൽ കുൽക്കർണി നിരാശനായിരുന്നു.
“ചാകാൻ പോയതാവും പരദേശി കഴുത,അല്ലെങ്കിൽ പോയിക്കാണും അവളുടെ എരപ്പാളി ആങ്ങള ചന്ദ്രുവിൻ്റെ ചാകാൻ കിടക്കുന്ന ഭാര്യയെ നോക്കാൻ “
ശ്രീമാൻ കുൽക്കർണി അതിവേഗം വണ്ടിയോടിച്ചു.റോഡ് മുറിച്ചു കടക്കാൻ ധൈര്യപ്പെട്ട തെരുവുനായയെ ഇടിക്കാതിരിക്കാൻ വണ്ടി വേഗത കുറയ്ക്കാതെ തന്നെ ഇടത്തോട്ടു വെട്ടിക്കുകയും നിർത്താതെ ഹോണടിക്കുകയും ചെയ്തു.
“സ്റ്റോപ് ദ് കാർ,പ്ലീസ് സ്റ്റോപ് ദ് കാർ”
കണ്ണടച്ച് സീറ്റിൽ ചാരിയിരിക്കുകയായിരുന്ന ആഭ അട്ടഹസിച്ചു.മകളുടെ ആക്രോശം കേട്ട് ഭയന്നു പോയ കുൽക്കർണി കാറ് ഓരം ചേർത്ത് നിർത്തി.പുറത്തിറങ്ങി കതക് വലിച്ചടച്ച് പൊയ്കൊള്ളൂ എന്ന ഗർജ്ജനത്തോടെ റോഡരികത്തു നിൽക്കുന്ന അത്യന്തം കോപാകുലയായ ഏതാണ്ട് യൗവനത്തിലെത്തിയ ആ പെൺകുട്ടി തൻ്റെ മകൾ ആഭ തന്നെയാണോ എന്ന് കുൽക്കർണി ഒരു നിമിഷം ശങ്കിച്ചു പോയി.ആളൊഴിഞ്ഞ തെരുവീഥികളിൽ ഒററക്ക് പെട്ടു പോവുന്ന പെൺകുട്ടികളെ കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മകളെ ബോധവതിയാക്കുവാൻ അയാളാഗ്രഹിച്ചുവെങ്കിലും വാക്കുകൾ പുറത്തു വന്നില്ല.
ഇടക്കിടെ ജലപ്പരപ്പിനു മുകളിൽ വന്ന് വാ തുറക്കുകയും അടയ്ക്കുകയും ചെയ്യാറുള്ള സ്വീകരണമുറിയിലെ ആരവിൻ്റെ സ്വർണമത്സ്യങ്ങളെ ഓർമ്മിപ്പിച്ച അച്ഛൻ്റെ മുഖത്ത് ഒന്നുകൂടി തറപ്പിച്ച് നോക്കി ജസ്റ്റ് ലീവ് എന്നു പറഞ്ഞ് ആഭ റോഡ് കുറുകേ കടന്ന് എതിർ ദിശയിലേക്ക് അതിവേഗം നടന്നു തുടങ്ങി.അമ്മക്ക് എന്തു സംഭവിച്ചിരിക്കും, ഈ നേരം അമ്മ എവിടെയായിരിക്കും, ഏത് അവസ്ഥയിലായിരിക്കും എന്നെല്ലാമോർത്ത് അടിമുടി വിറയ്ക്കുകയായിരുന്നു ആഭ.അവൾ സമീറിനെ വിളിച്ചു തുടങ്ങി.അവൻ വരട്ടെ,ഈ രാത്രി താങ്ങാവുന്നതിലേറെയായിരിക്കുന്നു. ആരെയെങ്കിലും ഒന്ന് ഇറുകേപ്പുണരാൻ ആഭ ആഗ്രഹിച്ചു.
വീട്ടിലേക്കുള്ള ബാക്കി ദൂരം കുൽക്കർണി സാവകാശമാണ് കാറോടിച്ചത്.കാളീ രൂപം പൂണ്ടു നിൽക്കുന്ന തൻ്റെ മകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അയാൾക്ക് അറിയുന്നുണ്ടായിരുന്നില്ല.ജാൻകി ഇല്ലെങ്കിൽ മക്കളോട് സംസാരിക്കാൻ പോലും തനിക്കാവില്ലെന്ന വെളിപാട് അയാളിലുണ്ടായി.തിരികേ വീടെത്തുമ്പോഴേക്കും ഭാര്യ എത്തിയിരിക്കണേ എന്നയാൾ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു.അടുത്ത ദിനവും പിന്നീങ്ങോടുള്ള ഓരോ ദിനങ്ങളും താനെങ്ങനെ താണ്ടുമെന്ന ചോദ്യം അയാളെ അന്ധാളിപ്പിച്ചു.ജീവച്ഛവം കണക്കേ വീടണഞ്ഞ അയാൾ ആദ്യം ചെയ്തത് വീട് മുഴുവൻ തിരയുകയാണ്.ഒരു പക്ഷേ ഭാര്യ എവിടെയെങ്കിലും ഒളിച്ചിരുപ്പുണ്ടാവുമെന്ന് അയാൾ കരുതി. ജാലകങ്ങൾ തുറന്ന് പുറത്തേക്ക് ജാൻകീയെന്ന് നീട്ടി വിളിച്ചു. വിശപ്പും ക്ഷീണവും തളർത്തിയിരുന്നെങ്കിലും അസമയത്ത് തെരുവിലലയുന്ന മകളുടെ ഓർമ്മ അയാളെ ഉറങ്ങാനനുവദിച്ചില്ല.
മകളുടെ മടങ്ങി വരവും കാത്ത് അയാൾ ബാൽക്കണിയിൽ നിലയുറപ്പിച്ചു. അവിടെ അങ്ങിനെ നിൽക്കവേ പല നാളുകളിലും രാവേറെ ചെന്നാലും ഒരു നിഴൽ പോലെ അവിടെ നിൽക്കാറുള്ള ഭാര്യയെ അയാൾക്കോർമ്മ വന്നു.ശ്രദ്ധ പിടിച്ചു പറ്റാനുള്ള നാലാംകിട അടവ് എന്ന് അയാൾ തെറ്റിദ്ധരിച്ച നിൽപ്.തൻ്റെ അവഗണനയിലുള്ള പ്രതിഷേധമാണതെന്നായിരുന്നു ഇന്ന് ഈ നിമിഷം വരെ അയാൾ ധരിച്ചിരുന്നത്. പക്ഷേ അന്നെല്ലാം ആഭയുടെ മടങ്ങി വരവും നോക്കി മനസ്സ് വെന്താണ് അവരവിടെ നിന്നിരുന്നതെന്ന് അയാളറിഞ്ഞു.
രാവേറെ ചെന്നപ്പോൾ അറിയാതെ കണ്ണു ചിമ്മിപ്പോയ ശ്രീമാൻ കുൽകർണി ഡോർ ബെൽ മുഴങ്ങുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. സ്വീകരണ മുറിയിലെ സോഫയിൽ ചുരുണ്ട് കിടന്ന് ഉറങ്ങുന്ന ആഭയെ കണ്ട് ഇവളെങ്ങിനെ എപ്പോൾ അകത്ത് കയറിയെന്ന് അന്തിച്ചു നിൽക്കുമ്പോൾ വീണ്ടും മണി മുഴങ്ങി.വിവശനും ക്രുദ്ധനുമായി ആരവ് എത്തി.ആഭ നിലവിളിയോടെ ഏട്ടനെ കെട്ടിപ്പിടിച്ചു.നേരം പുലരുകയായിരുന്നു.
അന്ന് ശാന്തിനഗർ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ ഒരു ഭൂമികുലുക്കം വന്ന പ്രതീതിയായിരുന്നു.കൊച്ചു കൊച്ചു സംഭവങ്ങളാൽ മാത്രം അടയാളപ്പെടുത്തിയിരുന്ന അവരുടെ കോളനി ചരിത്രത്തിലെ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു ദിവസമായിരുന്നു അത്.കോളനിയിലെ ഒരംഗം അപ്രത്യക്ഷമായിരിക്കുന്നു. അതും ഒരു വീട്ടമ്മ…അപൂർവ്വങ്ങളിൽ അപൂർവ്വം.
സൊസൈറ്റി സെക്രട്ടറിയുടെ കഴിവും സ്വാധീനവും തെളിയിക്കുവാൻ ഇതിലും വലിയ ഒരു അവസരം ഇനി വരാനില്ല.സെക്രട്ടറി ശ്രീമൻ ബിസ്വാസ് തൻ്റെ സകല സ്വാധീനവും ഉപയോഗിച്ച് ഇൻസ്പെക്ടർ ഭോസ്ലെയെ കേസന്വേഷണത്തിനായി കുൽക്കർണിയുടെ വീട്ടിലെത്തിച്ചു.ഒപ്പം കോൺസ്റ്റബിൾമാരായ തുക്കാറാമും പുത്ലി ഭായിയും.സംഭവത്തിൻ്റെ പ്രാധാന്യത്തിനനുസരിച്ചുള്ള ഗാംഭീര്യത്തോടെയും സ്വയം നടിക്കുന്ന വലിപ്പത്തരത്തോടെയും കോളനിയിലെ പ്രമുഖർ കുൽക്കർണിയുടെ സ്വീകരണ മുറിയിൽ നിരന്നിരുന്നു.കാക്കി സാരിക്കടിയിൽ വീർത്തു നിന്നിരുന്ന പുത്ലീ ഭായുടെ ഏഴാം മാസത്തിലെത്തിയ ഗർഭാവസ്ഥയിൽ അബദ്ധത്തിൽപ്പോലും കണ്ണുടക്കാതിരിക്കാനായി അവരെല്ലാവരും ഭോസ്ലേയുടെ മുഖത്ത് മിഴികൾ നട്ട് ബലം പിടിച്ചിരുന്നു.
കോളനിയിലെ സകലരുടേയും അഭ്യുദയകാംക്ഷികളും അന്യരുടെ ദു:ഖത്തിന് ഹേതുവെന്ത് എന്ന് നിരന്തരമായ അന്വേഷണം നടത്തുന്നവരുമായ കോളനിയിലെ വീട്ടമ്മമാർ അതേ സമയം ശ്രീമതി കുൽക്കർണിയുടെ സുന്ദര ഭവനം അതി നിശിതമായ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. ആർക്കാണ് മിസിസ് കുൽക്കർണിയോട് ഏറ്റവും അടുപ്പം,ആരാണ് അവരെ അവസാനമായി കണ്ടത്, ആരാണ് അവരെ എന്നും കരുതലോടെ ശ്രദ്ധിച്ചിരുന്നത് എന്നീ വിഷയങ്ങളിൽ കടുത്ത മൽസരവും കൂട്ടത്തിൽ നടക്കുന്നുണ്ടായിരുന്നു.പൊതുജനമധ്യത്തിൽ ഉടുതുണി അഴിഞ്ഞ് വീണത് പോലെ കുൽക്കർണിമാരുടെ ഭവനം അവരുടെ മുന്നിൽ എല്ലാം തുറന്ന് കിട്ടി മാനം കെട്ട് കിടന്നു .
തലേന്ന് പതിവുപോലെ അടിച്ചു വാരി തുടച്ച് പാത്രം കഴുകി ഭായി പോയത് പതിനൊന്ന് മണിക്ക്.അവർ പോവാൻ തുടങ്ങുമ്പോൾ മിസിസ് കുൽക്കർണി മാർക്കറ്റിൽ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പച്ചക്കറിച്ചന്തയിൽ പോവുന്നത് മിസിസ് കുൽക്കർണിയുടെ പതിവായിരുന്നു. അസാധാരണമായി ഒന്നും തന്നെ അവരിൽ കണ്ടതായി സാന്താമായി ഓർക്കുന്നില്ലായിരുന്നു.
മറൂൺ കളർ കൈത്തറി സാരിയും ബൺ കെട്ടി വച്ച മുടിയും വലിയ വട്ടപ്പൊട്ടും നിറുകയിൽ സിന്ദൂരവും കൈയിൽ പ്ലാസ്റ്റിക് വയർ മെടഞ്ഞ കൊട്ടയും തോലടർന്ന് വികൃതമായ പഴ്സുമായി കുൽക്കർണി ആൻ്റി റോഡിലേക്കിറങ്ങുന്നത് കാവൽക്കാരനും മിസിസ് ശർമ്മയുടെ വീട്ടിലെ റമ്മി കളിക്കാരികളും മോളുടെ പ്ലേ സ്കൂൾ ബസ് വരുന്നത് നോക്കി നിന്നിരുന്ന മിസിസ് പിൻ്റോയും കണ്ടിരുന്നു.അതിനു ശേഷം അവരെക്കുറിച്ച് ആർക്കും ഒരു അറിവുമില്ല.
“വീട്ടിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ?”
“ഒന്നുമില്ല”
ആരവിന് നീരസം തോന്നി.
“അവരുടെ വസ്ത്രങ്ങളോ പൈസയോ ട്രാവൽ ബാഗോ അങ്ങനെ എന്തെങ്കിലും?”
അത് അമ്മയോടു തന്നെ ചോദിക്കേണ്ടി വരും.ആരവ് മനസ്സിൽ പറഞ്ഞു.
“ആരായിരുന്നു അവരുടെ അടുത്ത സുഹൃത്ത്? ആരോടായിരുന്നു അവർ കൂടുതൽ സംസാരിച്ചിരുന്നത്? ഏതെങ്കിലും തരത്തിലുള്ള നൈരാശ്യമോ മനോവിഷമമോ അവരെ അലട്ടിയിരുന്നോ?”
അമ്മയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും തങ്ങൾക്കാർക്കും കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ലായെന്നത് ആരവിനെ ലജ്ജിപ്പിച്ചു.
“അവരുടെ മൊബൈൽ നമ്പർ തരൂ, സൈബർ സെല്ലിൽ കൊടുത്ത് ട്രാക്ക് ചെയ്യിക്കാം”
“അമ്മയുടെ മൊബൈൽ കേടായിട്ട് അഞ്ചാറ് മാസമായി. അത് ഇവിടെത്തന്നെയുണ്ട്.” ആഭ
“ഇവിടത്തെ ലാൻ്റ് ലൈൻ നമ്പർ? ”
“എല്ലാവർക്കും മൊബൈൽ ആയപ്പോൾ ലാൻറ് ലൈൻ കട്ട് ചെയ്തു” ശ്രീറാം.
“അവർക്ക് വല്ല അത്യാവശ്യവും വന്നാൽ അവർ ആരെയെങ്കിലും എങ്ങനെയാണ് വിളിക്കാറ് പതിവ്?”മൊഴി രേഖപ്പെടുത്തിക്കൊണ്ടിരുന്ന പുത്ലീ ഭായി എഴുത്ത് നിർത്തി ആശ്ചര്യപ്പെട്ടു.
“അവൾക്ക് എന്താവശ്യം വരാനാണ്,24 മണിക്കൂറും വീട്ടിൽ കുത്തിയിരുന്ന് ടിവി കാണുന്നവൾക്ക്?”
ശ്രീറാം കുൽക്കർണി ക്ഷുഭിതനായി
“വീട്ടിൽ കുത്തിയിരുന്ന് ടിവി കാണുമ്പോഴാണോ അവരെ കാണാതായത്?”
പുത്ലീ ഭായിക്ക് അയാളുടെ കരണത്തൊന്നു പൊട്ടിക്കാൻ തോന്നി.
അന്തരീക്ഷം മാറുന്നതറിഞ്ഞ കുൽക്കർണി സ്വയം ചുരുങ്ങി.
മൊബൈൽ കേടായ ശേഷം ഒരേ ഒരാളെ മാത്രമേ ശ്രീമതി കുൽക്കർണി വിളിക്കാറുള്ളൂ,ആരവിനെ.സൊസൈറ്റിയിലേക്കുള്ള റോഡ് മെയിൻ റോഡുമായി ചേരുന്നിടത്തെ പെയ്ഡ് ഫോണിൽ നിന്ന് ഇടയ്ക്കിടെ അവർ അവനെ വിളിക്കുമായിരുന്നു. ആരവ് ഫോൺ കട്ട് ചെയ്യും. ആരവ് ഫോൺ കട്ട് ചെയ്താൽ പിന്നീട് വിളിക്കരുത് എന്നാണ് അവർക്കിടയിലെ അലിഖിതനിയമം.രാത്രി ആഭയുടെ ഫോണിലേക്ക് വിളിക്കാം എന്ന് ആരവ് കരുതുമെങ്കിലും വിളിക്കാറില്ല.
രണ്ടാഴ്ച മുമ്പാണ് ആരവ് അമ്മയുമായി അവസാനം സംസാരിച്ചത്.നീ ഈയാഴ്ച വരുമോ എന്നായിരുന്നു അമ്മക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത്.കുളിച്ചോ, ഭക്ഷണം കഴിച്ചോ,വസ്ത്രം ദിവസവും മാറുന്നില്ലേ,തുണികൾ കഴുകാതെ കൂട്ടിയിടരുത്, ബെഡ്ഷീറ്റ് ആഴ്ചയിലൊരിക്കൽ മാറണം, കാറ്റും മഞ്ഞും കൊണ്ട് അസുഖം പിടിപ്പിക്കരുത്, വീസിംഗ് വരും, ശ്രദ്ധിക്കണം, ആരോഗ്യം നോക്കണം…. ഇതൊക്കെയാണ് അമ്മക്ക് എന്നും അറിയാനും പറയാനും ഉണ്ടാവുക.
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ആരവിനും അമ്മക്കും സംസാരിക്കുവാൻ ധാരാളം വിഷയങ്ങളുണ്ടായിരുന്നു. അവൻ്റെ എല്ലാ കൂട്ടുകാരേയും അമ്മക്ക് അറിയാമായിരുന്നു. ഇന്ന് ആരവ് ആയിഷ എന്ന തൻ്റെ പെൺസുഹൃത്തിനൊപ്പമാണ് താമസിക്കുന്നത് എന്ന വിവരം പോലും അമ്മക്കജ്ഞാതമായിരുന്നു.
അന്നൊക്കെ വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ ആഭയും ആരവും മത്സരിച്ച് അമ്മയോട് അന്നു നടന്ന സംഭവങ്ങളെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറയുമായിരുന്നു. അന്ന് അമ്മ ഇങ്ങനെയായിരുന്നില്ല.ഉറക്കെച്ചിരിക്കുന്ന,തമാശകൾ പറയുന്ന,പാട്ടു പാടുന്ന അമ്മയായിരുന്നു.ആരവിനേയും ആഭയേയും സ്കൂളിൽ നടക്കുന്ന ഡാൻസിനും ഡ്രാമക്കും ഫാൻസിഡ്രസിനും പങ്കെടുപ്പിക്കാനായി എത്ര വേണമെങ്കിലും ബുദ്ധിമുട്ടാൻ അമ്മ തയ്യാറായിരുന്നു. എത്ര റിഹേഴ്സൽ വേണമെങ്കിലും അവരുടെ ഫ്ലാറ്റിൽ വച്ച് നടത്താൻ അമ്മ സന്തോഷപൂർവ്വം സമ്മതിച്ചിരുന്നു. അമ്മയുടെ റഗ്ദ പാറ്റീസും സമോസയും ഷെർബത്തും കുട്ടികൾക്കിടയിൽ ഹിറ്റ് ആയിരുന്നു.
“അവർ അസുഖം വല്ലതും ഉള്ളവരായിരുന്നോ? ഹാർട്ട്, ബിപി, ഷുഗർ? സ്ഥിരമായി മരുന്നു വല്ലതും കഴിച്ചിരുന്നോ?”
ആർക്കറിയാം. ഒരു ഹെൽത് ചെക്കപ്പും ഇന്നു വരെ അമ്മ നടത്തിയിട്ടില്ല. കടുത്ത പനിയാണെങ്കിലും പല്ലുവേദനയാണെങ്കിലും വീട്ടിലെ ഒരു പണിയും അമ്മ മുടക്കിയിട്ടില്ല.അമ്മ അസുഖം പിടിപെട്ട് കിടക്കുന്നതായി ആഭ ഇന്ന് വരെ കണ്ടിട്ടില്ല. ഒരിക്കൽ മാത്രമാണ് അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയതായി ആഭ ഓർക്കുന്നത്.തിളച്ച എണ്ണ വീണ് കൈ പൊള്ളിയപ്പോഴായിരുന്നു അത്. അന്ന് അടുത്ത വീട്ടിലെ നായരങ്കിളും ആൻറിയുമാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീടൊരിക്കൽ അമ്മ ബാത്റൂമിൽ തെന്നി വീണ് കാല് നീര് വച്ചപ്പോൾ നീ ആ നായരെ കൂട്ടി ആശുപത്രിയിൽ പൊയ്ക്കോ എന്ന് കുത്തിപ്പറയുകയാണ് അച്ഛൻ ചെയ്തത്.അമ്മ ആശുപത്രിയിൽ പോയില്ല. നീര് വന്ന കാലും കൊണ്ട് ഒരുപാടു നാൾ നടന്നു.വേദനസംഹാരികൾ കഴിച്ചു,ബാം പുരട്ടി.ഇപ്പോഴും കുറച്ചധികം നേരം നിന്നാലും നടന്നാലും അമ്മക്ക് കാലിൽ നീര് വരുമായിരുന്നു.വീഴ്ചക്ക് ശേഷം അൽപം മുടന്തിയാണ് അമ്മ നടന്നിരുന്നത്.
“അവരുടെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചുവോ?”
“ഉവ്വ്”ശ്രീറാം കുൽക്കർണിയുടെ മിഴികളിൽ ദേഷ്യത്തിൻ്റെ ശോണരേഖകൾ തെളിഞ്ഞു.
ഇന്നു പുലർച്ചെ വന്നെത്തിയ ശേഷം ചന്ദ്രകാന്ത് മാമ ഉൾപ്പെടെയുള്ള അമ്മയുടെ സകല കുടുംബക്കാരേയും ആരവ് വിളിച്ചിരുന്നു.അവരിൽ പലർക്കും ശ്രീറാം കുൽക്കർണിയുടെ ഭാര്യ ജാൻകീ കുൽക്കർണിയെ അറിയില്ലായിരുന്നു.സനാതൻ മാസ്റ്ററുടെ മകൻ പ്രഗതിയെ മാത്രമേ അവർ ഓർക്കുന്നുണ്ടായിരുന്നുള്ളൂ.
വിവാഹിതയായി ബോംബേയിൽ വന്ന ശേഷം അമ്മ അപൂർവമായ പൂനേക്ക് പോയിരുന്നുള്ളൂ.പൂനേക്കുള്ള യാത്രകൾ പലവിധ കാരണങ്ങൾ പറഞ്ഞ് അവസാന നിമിഷം അച്ഛൻ മുടക്കുമായിരുന്നു;അച്ഛൻ്റെ ദൈനംദിന കാര്യങ്ങൾ സുഗമമായി നടക്കാൻ .മുതിർന്ന ശേഷം തങ്ങളും ചങ്ങലയില്ലാതെ അമ്മയെ വീട്ടിൽ കെട്ടിയിടുകയായിരുന്നു എന്ന് ആരവിന് തോന്നി.
അമ്മ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടേ ഇരുന്നിരുന്നു.
ബാൽക്കണിയിലെ ചെടികൾക്ക് വെള്ളമൊഴിച്ചു,എന്നും വീട്ടു സാധനങ്ങൾ പൊടി തട്ടി,സ്വീകരണമുറിയിലെ ഗോൾഡ് ഫിഷുകൾക്ക് തീറ്റ കൊടുത്തു,അവയോട് സംസാരിച്ചു,അച്ഛനില്ലാത്ത നേരം പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ വച്ചു….പണ്ട് ആരവ് തുടങ്ങി വച്ചതാണ് ഗോൾഡ് ഫിഷുകളെ വളർത്തൽ.ആരവ് കൊണ്ടുവന്ന ഗോൾഡ് ഫിഷുകളൊക്കെ എന്നേ മൺമറഞ്ഞിരുന്നു. അമ്മ ആരവ് അറിയാതെ പുതിയ പുതിയ ഗോൾഡ് ഫിഷുകളെ കൊണ്ട് വന്ന് ടാങ്കിലിട്ട് അവയുടെ എണ്ണം കാത്തു സൂക്ഷിച്ചു.
എപ്പോഴാണ് അമ്മ തങ്ങളുടെ ലോകത്തു നിന്ന് പുറത്തായതെന്ന് ആഭ അത്ഭുതപ്പെട്ടു. ആരവ് പന്ത്രണ്ടാം ക്ലാസ് കഴിയുന്നതു വരെ അമ്മയുമായി എപ്പോഴും സംസാരിക്കുമായിരുന്നു.അവൻ കോളജ് ഹോസ്റ്റലിലേക്ക് പോയതോടെയാണ് അമ്മ പതിയെ പതിയെ പുറം തള്ളപ്പെടാൻ തുടങ്ങിയതെന്ന് ആഭക്ക് തോന്നി.ആരവ് കോളജ് ജീവിതത്തിൻ്റെയും പിന്നീട് ജോലിയുടെയും തിരക്കിലായി.അമ്മയുടെ രീതികളോട് ആഭക്ക് തീരെ മതിപ്പില്ലായിരുന്നു.മുതിർന്ന ശേഷം അമ്മയേയും അമ്മയുടെ ചോദ്യങ്ങളേയും ആഭ പാടേ അവഗണിച്ചിരുന്നു.അമ്മയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള എളുപ്പവഴി അമ്മയെ ചവുട്ടിത്തേയ്ക്കലാണെന്ന് ആഭക്കറിയാമായിരുന്നു.മറ്റേതോ ലോകത്ത് അഭിരമിച്ചിരുന്ന അച്ഛൻ അമ്മയെ കാണാറു തന്നെയുണ്ടായിരുന്നോ എന്ന് ആഭക്ക് സംശയമായിരുന്നു.
ആഭ കരഞ്ഞു തുടങ്ങി.വളരെ പഴയൊരു സായാഹ്നത്തിൽ അഴിച്ചിട്ട മുടിയുമായി ആഭ ബാൽക്കണിയിൽ ഇരുന്നു.അൽപം ഉയർത്തിക്കുത്തിയ സാരിയും എളിയിൽ കുത്തി നിർത്തിയ ചീർപ്പുമായി സായാഹ്ന സൂര്യശോഭയിൽ ജ്വലിച്ച് അമ്മ നിന്നു. അമ്മയുടെ കൈവിരലുകൾ പൊൻ നിറമാർന്ന കടുകെണ്ണയിൽ കുതിർന്നിരുന്നു.ആഭയുടെ മുടിയിഴകളിൽ എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് ബാൽക്കണിയുടെ ചുവരിലേക്ക് ബാസ്കറ്റ് ബോൾ എറിഞ്ഞ് പിടിച്ചു കൊണ്ടിരുന്ന ആരവിനെ നോക്കി അമ്മ ചിരിക്കുകയായിരുന്നു. ആരവിനെ ഭൂമിയുടെ ഭ്രമണം പഠിപ്പിക്കുകയായിരുന്നു അമ്മ.ഒരു സാങ്കൽപ്പിക അച്ചുതണ്ടിനെ ആധാരമാക്കിയാണ് ഭൂമി കറങ്ങുന്നതെന്ന പാഠം പഠിക്കുകയായിരുന്നു ആരവ്.ഭൂമിയുടെ ആ അച്ചുതണ്ട് കാണാൻ പോവണം എന്ന് ശാഠ്യം പിടിക്കുകയായിരുന്നു ആഭ.അത് വെറുമൊരു സങ്കൽപം മാത്രമാണ് മോളേയെന്ന് അമ്മ ചിരിച്ചു. ചിരിക്കിടയിൽ അച്ഛൻ്റെ സ്കൂട്ടർ സൊസൈറ്റിയുടെ ഗേറ്റ് കടന്ന് വരുന്നുണ്ടോ എന്ന് സ്നേഹപുരസ്സരം അമ്മ നോക്കുന്നുണ്ടായിരുന്നു.
“അമ്മാ…ഈ സാങ്കൽപിക അച്ചുതണ്ട് പൊട്ടിപ്പോയാൽ എന്ത് സംഭവിക്കും?” ഒരു നിമിഷം ബോൾ കൈയിലെടുത്തു പിടിച്ച് ആരവ് സംശയിച്ചു.
“ഭൂമിയുടെ ഭ്രമണം താളം തെറ്റും, ഭൂമി ഇല്ലാതാവും” അമ്മ പറഞ്ഞു.
തങ്ങളുടെ വീടിൻ്റെ കാണാനാവാത്ത ആ അച്ചുതണ്ടാണ് ഇപ്പോൾ പൊട്ടിപ്പോയിരിക്കുന്നതെന്ന് ആഭ കണ്ണീരോടെ ഓർത്തു.താളം തെറ്റിയ ഭ്രമണമായിരിക്കും ഇനിയങ്ങോട്ട്.ആഭക്ക് ആകെ വിറച്ചു,കുളിർന്നു.
“ഞങ്ങൾ ഇറങ്ങട്ടെ, നമുക്ക് അന്വേഷിക്കാം” ഇൻസ്പെക്ടർ ആഭയെ കരുണാപൂർവ്വം നോക്കി.
“ആ ഫോട്ടോ മാക്സിമം ക്ലാരിറ്റിയിൽ എടുത്ത് നാളെത്തന്നെ എത്തിക്കണം.ഫോട്ടോ ഇല്ലാതെ കാര്യക്ഷമമായി അന്വേഷിക്കാനാവില്ല.തന്നെയുമല്ല ഫോട്ടോ വച്ച് കാണാനില്ല എന്ന പരസ്യം എല്ലാ പത്രങ്ങളിലും നാളെത്തന്നെ നൽകണം.”
രണ്ടു മാസം മുൻപു നടന്ന ലേഡീസ് ഗെറ്റ് റ്റുഗദറിൻ്റെ ഗ്രൂപ്പ് ഫോട്ടോയിൽ പിറകിൽ ഒരറ്റത്ത് മിസിസ് കുൽക്കർണി ഉണ്ടെന്ന് മിസിസ് അഗർവാൾ ഇതിനോടകം കണ്ടെത്തിയിരുന്നു.
തിരികേ പോലീസ് സ്റ്റേഷനിലേക്ക് പോവുമ്പോൾ പുത്ലീ ഭായി അസ്വസ്ഥയായിരുന്നു. ഏഴ് മാസം ഗർഭാവസ്ഥയിലുള്ള തൻ്റെ കുഞ്ഞിൻ്റെ ശിരസിൽ കൈവച്ച് അവർ കണ്ണടച്ചിരുന്നു.
“എന്നാലും അവർക്ക് എന്തു പറ്റിയിരിക്കും,ഈ കുൽകർണിക്ക്?”തുക്കാറാം ആശങ്കപ്പെട്ടു.
“ഒരു പക്ഷേ വല്ല അപകടത്തിലും പെട്ട് ആശുപത്രിയിലായതാവാം,ചിലപ്പോൾ അജ്ഞാത ജഡമായി മോർച്ചറിയിലുണ്ടാവാം,ചിലപ്പോൾ ആരെങ്കിലും തട്ടിക്കൊണ്ട് പോയിട്ടുണ്ടാവും,അജ്ഞാത ജഡമായി റോഡരികിലോ ചവറ്റുകൂനയിലോ റെയിൽവേ ട്രാക്കിലോ ഒന്നു രണ്ടു ദിവസത്തിനകം പ്രത്യക്ഷപ്പെട്ടേക്കാം, അവയവക്കച്ചവടം, ഒളിച്ചോട്ടം…” സാദ്ധ്യതകൾ ഒരുപാടായിരുന്നു.
“ഇനി ഗ്യഹസ്ഥാശ്രമം ഉപേക്ഷിച്ച് തീർത്ഥാടനത്തിനു പോയതായിരിക്കുമോ?” തുക്കാറാം
“എനിക്കു തോന്നുന്നത് അവരുടെ തിരസ്കൃതാവസ്ഥ കണ്ട് മനസ്സലിഞ്ഞു ഭൂമീദേവി മടിത്തട്ടിലേറ്റി കൊണ്ടു പോയതായിരിക്കും എന്നാണ്,.പണ്ട് അയോധ്യാപുരിയിലെ മഹാറാണി ജാൻകിയെ മാ ധർതി സ്വീകരിച്ചതു പോലെ..”
കണ്ണു തുറക്കാതെ തന്നോടെന്നവണ്ണം പുത് ലീ ഭായി ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.
