ഇനിയും നേരമായില്ലേ?

കുഞ്ഞുങ്ങളുടെ ചോര വീണ് വഴുക്കുന്ന വഴികളിലൂടെ വേണമായിരുന്നു രക്ഷകന് വരാൻ.
അത് കൃഷ്ണനാവട്ടെ,ക്രിസ്തുവാവട്ടെ;കുഞ്ഞുങ്ങളുടെ ചോരയാൽ തുടുത്ത വഴികളിലൂടെയായിരുന്നു അവർ വന്നത്.
ഇതാ സമയമായിരിക്കുന്നു നിനക്ക് വീണ്ടും വരാൻ.ഞങ്ങളുടെ കാലദേശാന്തരങ്ങളൊക്കെയും കുഞ്ഞുങ്ങളുടെ ചോരയാൽ ചുവന്നിരിക്കുന്നു. ഞങ്ങളുടെ കുരുന്നുകൾ കുരുതി കൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു;ദൈവത്തിൻ്റെ നാമത്തിൽ,വിശ്വാസത്തിൻ്റെ നാമത്തിൽ,വർണത്തിൻ്റെ നാമത്തിൽ, യുദ്ധത്തിൻ്റെ നാമത്തിൽ,അധികാര പ്രമത്തതയുടെ നാമത്തിൽ,വിദ്യാഭ്യാസത്തിൻ്റെ നാമത്തിൽ, അറിവിൻ്റെ നാമത്തിൽ,അറിവില്ലായ്മയുടെ നാമത്തിൽ……
ഹെറോദ് ഇന്ന് ഒരാളല്ല,കംസനുമതേ.അവർ ഞങ്ങളുടെയെല്ലാം ആത്മാവിൽ വാസമുറപ്പിച്ചിരിക്കുന്നു.

പരാജയപ്പെട്ട ഒരു ജനതയായിത്തീർന്നിരിക്കുന്നു ഞങ്ങൾ.കോഴിക്കോട്ടെ അദിതി നമ്പൂതിരി തൊട്ട് കോട്ടയത്തെ ബിൻ്റോ വരെ നീ വിശ്വാസപൂർവ്വം ഞങ്ങളെ ഏൽപ്പിച്ച കുരുന്നുകളെയൊന്നും ഞങ്ങൾക്ക് കാത്തു രക്ഷിക്കാനായില്ല.കാക്കാൻ ചുമതലപ്പെട്ടവരെല്ലാം തോറ്റു പോയിരിക്കുന്നു.ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനോ നേർവഴി നടത്താനോ ആവാത്ത കെൽപ്പുകെട്ട സമൂഹമായി ഞങ്ങൾ മാറിയിരിക്കുന്നു.
ഒരുപാട് സ്വപ്നങ്ങൾ ബാക്കി വച്ച് കടന്ന് പോയ രോഹിത്,ജിഷ്ണു,ശങ്കർ, ആതിര,അമ്പലപ്പുഴയിലെ പെൺകുഞ്ഞുങ്ങൾ,വിനായകൻ,ജുനൈദ്, ഷുഹൈബ്,ഷെറിൻ മാത്യൂസ്,ഗൗരി നേഹ,ആദിത്യൻ,എങ്ങു പോയ് മറഞ്ഞെന്നറിയാത്ത നജീബ്…..പട്ടിക അനന്തമാണ്. കടന്നുപോയ ഓരോരോ കുഞ്ഞുങ്ങളും ഓരോരോ വീടുകളിലെ വിളക്കുകളായിരുന്നു. അവയൂതിക്കെടുത്തുമ്പോൾ ഇരുട്ടിലാണ്ടു പോവുന്ന വീടുകൾ നീ കാണുന്നില്ലേ…എത്ര പെട്ടെന്നാണു ഭൂമിയാകെ അന്ധകാരത്തിലേക്കു നീങ്ങുന്നതെന്ന്,ഞങ്ങൾ എത്ര പോരാത്തവരാണെന്ന് നീ കാണുന്നില്ലേ…

കടൽത്തീരത്ത് ഞെട്ടറ്റു വീണ പൂമൊട്ടു പോലെ കമിഴ്ന്ന് കിടന്ന ഏയലൻ കുർദിയും ശരീരത്തിനു പുറക് വശത്ത് ഇരുപതു ചുറ്റ് വെടിയുണ്ടകളേറ്റ് ജീവൻ വെടിഞ്ഞ കറുത്തവർഗ്ഗക്കാരനായ യുവാവും ഞങ്ങളുടെ ഓർമ്മകളിലെ അലമുറകളാവുന്നു.

യുദ്ധഭൂമിയിലെയും അസ്വസ്ഥപ്രദേശങ്ങളിലേയും ബാല്യങ്ങളെ നീ കാണുന്നില്ലേ…. അവരുടെ കണ്ണീരിനു ചോരയേക്കാൾ ചുവപ്പാണെന്നതു നീ കാണുന്നില്ലേ….അവരുടെ കുട്ടിക്കാലം നിലയ്ക്കാത്ത ആർത്തനാദമായി മാറുന്നതും നീ കാണുന്നില്ലേ…

രക്ഷകാ…വരിക…ഞങ്ങളുടെ തെരുവുകൾ കുട്ടികളുടെ ചോര വീണ് വഴുക്കിക്കൊണ്ടിരിക്കുന്നു.അവ നിനക്കു വരാൻ പാകപ്പെട്ടിരിക്കുന്നു.

One thought on “ഇനിയും നേരമായില്ലേ?

Leave a comment