അങ്ങനെ വീടിൻ്റെ പെയിൻറിംഗ് പണി കഴിഞ്ഞു.എട്ടു പത്തു വർഷങ്ങൾക്ക് ശേഷമാണ് വീട് പെയിൻ്റ് ചെയ്യുന്നത്.ഇതിനു മുമ്പ് പെയിൻറടി നടക്കുമ്പോൾ സഹായത്തിനായി ഇടംവലം ഉണ്ടായിരുന്ന എൻ്റെ രണ്ട് കുട്ടി സോൾജേഴ്സ് ഇന്ന് വളർന്ന് വലുതായി കോളേജ് കുമാരൻമാരായി വിദൂര നഗരങ്ങളിലാണ്.അടുത്ത രണ്ട് മാസങ്ങളിലായി അവധിക്കാലത്ത് രണ്ടാളും എത്തും.
വീട് പെയിൻ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മൂത്തവൻ തുറന്ന ചിരിയോടെ പറഞ്ഞു “നന്നായി അമ്മാ,ഞാൻ വരാൻ കാത്തു നിൽക്കാതെ ചെയ്തത് എന്തായാലും നന്നായി. ഞാൻ രക്ഷപ്പെട്ടു” എന്ന്.ചെറിയവൻ ഒരു അടക്കിച്ചിരിയോടെ പറഞ്ഞു “ശ്ശേ…വേണ്ടായിരുന്നു അമ്മാ,ഞാൻ വന്നിട്ട് ചെയ്യാമായിരുന്നല്ലോ,ഞാൻ സഹായിക്കുമായിരുന്നല്ലോ”എന്നും.രണ്ടിനും അർത്ഥം ഒന്നു തന്നെയാണ്;ഇനി ഞങ്ങളെ ഇതിനൊന്നും കിട്ടില്ല അമ്മാ..എന്ന്.
ഒരു കാലഘട്ടമാണ് ഈ പെയിൻറടിയിലൂടെ ചുമരിൽ നിന്ന് മാഞ്ഞ് പോയത്.പലതരം കലാവിരുതുകൾ,വിവിധ രീതികളിലുള്ള പേരെഴുതലുകൾ,ഒപ്പു പരിശീലനങ്ങൾ, അതിർത്തി നിർണ്ണയ രേഖകൾ,പഠിക്കാനിരിക്കുമ്പോൾ സ്ഥിരമായി അനുഭവപ്പെടുന്ന മടുപ്പ് മാറ്റാൻ ചുമരിൽ വരച്ച് ചേർത്ത ജ്യാമിതീയ രൂപങ്ങൾ….എല്ലാം മാഞ്ഞു പോയി.നഷ്ടപ്പെട്ടതിൽ ഏറ്റവും പ്രധാനം ഒരു നാൾവഴിക്കണക്ക് ആണ്:വളർച്ചയുടെ ഒരു ക്രോണിക്കിൾ.ഇടക്കിടക്ക് ഉയരം വച്ചോ എന്ന് നോക്കുന്നതിൻ്റെ ഭാഗമായി രേഖപ്പെടുത്തി വച്ചിരുന്ന വരകൾ.സ്ഥിര രേഖയായി എൻ്റെ ഉയരവും ചര രേഖകളായി അവരുടെ ഉയരങ്ങളും.എല്ലാ വരകളും തിയതിയും പേരും സഹിതം കൃത്യമായ കണക്കുകളാണ്.ഉയരം അടയാളപ്പെടുത്തിക്കഴിഞ്ഞാൽ കുറച്ചു നേരം വാക്കുതർക്കങ്ങളും പതിവാണ്.ഞാനാണ് കൂടുതൽ പൊക്കം വച്ചത്, നീ കാൽവിരലുകളിൽ ആയിരുന്നു നിന്നിരുന്നത്,നീ മുടിയുടെ മീതെ സ്കെയിൽ വച്ചാണ് അളന്നത്….എന്നിങ്ങനെ തർക്കം നീളും.തുടർന്ന് ചേകവന്മാരുടെ രീതിയിൽ തർക്ക പരിഹാരത്തിന് ശ്രമിക്കും.
ഇളയവൻ എൻ്റെ ഉയരം മറി കടന്ന ദിവസം വലിയ ആഘോഷമായിരുന്നു.ഇനി ഈ വീട്ടിലെ ഏറ്റവും പൊക്കം കുറഞ്ഞ ആൾ അമ്മയാണ് എന്ന സന്തോഷം ചില്ലറയായിരുന്നില്ല.തുടർന്ന് അടുത്ത ലക്ഷ്യമായി അച്ഛൻ്റെ ഉയരം രേഖപ്പെടുത്തി.ഇനി അമ്മക്ക് മുകളിൽ വച്ചിരിക്കുന്ന സാധനങ്ങൾ എത്തുന്നില്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി, ഞാൻ എളുപ്പത്തിൽ എടുത്ത് തരാം ട്ടോ….അവൻ പെട്ടെന്ന് ഉത്തരവാദിത്തപ്പെട്ടവനായി.എല്ലാം ഈ ഒരു പെയിൻ്റിംഗിലൂടെ മാഞ്ഞു പോയി.വീട് പുത്തനായി.കുത്തി വരച്ച് കേടു വരുത്താനുള്ള പ്രായം അവരുടേയും കടന്നു പോയി.അച്ഛനേക്കാൾ ഉയരമുള്ളവരായി അവർ സ്വന്തമിടങ്ങൾ തേടിപ്പോയി. ഓർമ്മകളിലെ ഉത്സവകാലം മാത്രം ബാക്കിയായി..ഇനി അവരുടെ കുത്തിവരകളിൽ ബാക്കിയുള്ളത് എന്നോട് പിണങ്ങി ഇളയവൻ കോംപസ്സു കൊണ്ട് ഫ്രിഡ്ജിൽ കോറി വരച്ചിട്ട വരകൾ മാത്രമാണ്.വേറൊന്ന് മാറ്റി വാങ്ങാൻ നേരമായിട്ടും കൂട്ടാക്കാതെ കിതയ്ക്കുകയും തളരുകയും ചെയ്യുന്ന ഈ പഴഞ്ചൻ ഫ്രിഡ്ജുമായി ഞാൻ മുന്നോട്ട് പോവുന്നതും ആ കുത്തിവരകളെ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവാത്തതു കൊണ്ടു മാത്രമാണ്.
വരച്ചും മായ്ച്ചും തിരുത്തി വരച്ചും കാലം മുന്നേറുകയാണ്.നമ്മുടെ കുഞ്ഞുങ്ങൾ;നമുക്ക് യാതൊരു അവകാശവുമില്ലെന്ന് ഖലീൽ ജിബ്രാൻ നമ്മോടു പറയുന്ന നമ്മുടെ മക്കൾ:അവരിത്ര കാലവും കുത്തി വരച്ചതൊക്കെയും നമ്മുടെ മനസ്സിൻ്റെ ഭിത്തികളിലാണ്.
ജീവിതയാത്രയിൽ പാദമിടറാതെ നീ അവരെ കാക്കേണമേ നാഥാ…കനൽപ്പാതകൾ താണ്ടേണ്ടി വരുമ്പോൾ നീ അവരെ കട്ടിയുള്ള തുകൽ പാദുകങ്ങൾ അണിയിക്കണേ…മരുഭൂമികൾ താണ്ടുമ്പോൾ വഴിയരികിലെ കൊച്ചു ജലാശയമായി നീ അവരെ കാക്കണേ…ആരണ്യകങ്ങളിൽ പേരറിയാത്ത സഹയാത്രികനാവണേ…ഞാനായി നീ അവരെ കാക്കണേ….
ലക്ഷ്യസ്ഥാനത്തെത്താൻ പ്രാപ്തിയുള്ള അമ്പുകളാവട്ടെ അവർ.തുടർന്ന് ലക്ഷ്യവേധികളായ ശരങ്ങൾ തൊടുക്കാൻ കെൽപ്പുള്ള വില്ലുകളാവട്ടെ.തിരിയിൽ നിന്ന് കൊളുത്തിയ പന്തം കണക്കേ അവർ അവരുടെ പാതയും മറ്റുള്ളവരുടെ പാതയും പ്രജ്ജ്വലിപ്പിക്കട്ടെ…

Chechi….super…
The warmth of your love for your kids is nicely portrayed….touching….
Keep writing….
LikeLike