പ്രണയത്തിൻ്റെ നാൾവഴികൾ

തുടക്കത്തിൽ പ്രണയം
കർത്താവിനെപ്പോലെ:
ഞാൻ നിന്നോട് കൂടെയെന്നോതി
അത് നിന്നെ കാറ്റിലൂടെയും
കോളിലൂടെയും നടത്തും.
അപരിചിത ഭൂപ്രദേശങ്ങളിലും
നിൻ്റെ ശത്രുക്കൾക്കിടയിലും
അത് നിന്നെ കാക്കും.

പിന്നീട് പ്രണയം
സ്വപ്നാടനം പോലെ:
നീ പോലുമറിയാതെ
അകലങ്ങളിലേക്ക്
നീ യാത്ര പോവും.
ഒന്നുമേ കാണാതെ
ഒന്നുമേ കേൾക്കാതെ
ഒന്നുമേ അറിയാതെ
വാൾത്തലപ്പുകളിലൂടെ
നീ നടക്കും.
അടഞ്ഞ വാതിലുകളും
കന്മതിൽക്കെട്ടുകളും
നീ താണ്ടും.

ഒടുക്കത്തിൽ പ്രണയം
ചതിയനായ വഴികാട്ടിയെപ്പോലെ:
വിജനമായ കുന്നിൻ മുകളിൽ
അത് നിന്നെ ഉപേക്ഷിക്കും.
നിൻ്റേതെന്നു നീ കാത്തുവച്ചിരുന്ന-
തൊന്നൊഴിയാതെ കവർന്നെടുത്ത്,
ആഴമേറിയ കൊക്കയിലേക്ക്
നിന്നെ വലിച്ചെറിഞ്ഞ്
പ്രണയം കടന്നുകളയും.

One thought on “പ്രണയത്തിൻ്റെ നാൾവഴികൾ

Leave a comment