കണ്ണനെ കാണുന്നവർ

ക്ഷേത്രനഗരി. നല്ല തിരക്ക്:കണ്ണനെ കാണാനെത്തിയവരുടെ തിരക്ക്.ആർത്തരായി,ദീനരായി,കുതുകികളായി, ഉല്ലാസികളായി,പ്രാർത്ഥനാ നിർഭരരായി ജനം കണ്ണൻ്റെ മുന്നിലേക്ക് ഒഴുകിയെത്തി.
ധൃതി പിടിച്ചോടുന്ന ആ പുരുഷാരത്തേയും നോക്കി തിരക്കേറിയ ഒരു ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനിരിക്കുകയായിരുന്നു അയാൾ. പഴമയുടെ പ്രൗഢിയും പുതുമയുടെ നിറച്ചാർത്തും ഉള്ള ഒരു ഹോട്ടൽ.

ദർശനത്തിനായെത്തിയിരിക്കുന്ന ഒരു വലിയ സംഘം അവിടുത്തെ മിക്കവാറും ഇരിപ്പിടങ്ങളും കൈയടക്കിയിരുന്നു.സംഘാംഗങ്ങൾ എല്ലാവരും വന്നില്ലേ ഇരുന്നില്ലേ എന്ന ഉറപ്പു വരുത്തിയും, അകത്ത് കയറാതെ പുറത്ത് തത്തിക്കളിക്കുന്ന യുവജനങ്ങളെ ഇടയ്ക്കിടക്ക് അകത്തേക്ക് ക്ഷണിച്ചും സംഘത്തലവൻ ഭക്ഷണശാലയുടെ നിയന്ത്രണം സ്വയം ഏറ്റെടുത്തിരിക്കുകയാണ് .പട്ടു വസ്ത്രങ്ങളുടെ ഉലച്ചിൽ, പരിമളം, സ്വർണ്ണവളക്കിലുക്കങ്ങൾ, കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചൽ, പൊട്ടിച്ചിരി…. സമ്പന്നത…

അയാൾക്കൊപ്പം മേശയ്ക്ക് ചുറ്റുമിരുന്ന് ആഹാരം കഴിച്ചിരുന്ന അപരിചിതർ ഒന്നിച്ചെഴുന്നേറ്റു.മൂന്നു ചെറുപ്പക്കാർ; സുഹൃത്തുക്കൾ ആയിരിക്കണം.സംഭാഷണം തീരെക്കുറവ്.മുഖത്തെ താടിയും ഗൗരവഭാവവും കൈകളിലെ ബഹുവർണ്ണ ചരടുകളും മൂന്നു പേർക്കും തുല്യം.

യുവാക്കൾ അവശേഷിപ്പിച്ച ഒഴിവിലേക്ക് പൊട്ടി വീണതു പോലെ ഒരു കുടുംബം വന്നിരുന്നു. പ്രായം ചെന്ന ഒരു അമ്മയും മകനും മകൻ്റെ ഭാര്യയും കുഞ്ഞും. ഗ്രാമീണരാണെന്നും ദരിദ്രരാണെന്നും സുവ്യക്തം.
”അച്ചേ… എച്ച് മസാൽദോശ ട്ടോളിൻ ”
മൂന്നു വയസ്സുകാരൻ ഉൽസാഹത്തിലാണ്.

കൃത്യാന്തര ബാഹുല്യം നിമിത്തം മറ്റെങ്ങോ അകപ്പെട്ടു പോയ സംഘത്തലവൻ നിമിഷാർദ്ധം കൊണ്ടു മേശക്കരുകിലേക്ക് കുതിച്ചെത്തി. തൻ്റെ കണ്ണൊന്നു തെറ്റിയപ്പോഴേക്കും ഇരിപ്പിടം കരസ്ഥമാക്കിയ ആ കുടുംബത്തെ നോട്ടത്താൽ ഭസ്മീകരിച്ചു കൊണ്ട് ആക്രോശിച്ചു
” ഇത് ഞാൻ റിസർവ്വ് ചെയ്ത സീറ്റാണ്.ഇതെല്ലാം എൻ്റെ ആൾക്കാരാണ്. ഞങ്ങൾ കുറേയധികം നേരമായി വന്നിട്ട്. ”
കാരണവരുടെ കൈ വീശലും ഔദ്ധത്യവും ഇംഗ്ലീഷ് കലർന്ന അട്ടഹാസവും ചെറുപ്പക്കാരനെ അധീരനാക്കി.അരുതാത്തത് ചെയ്തു പോയ കുട്ടിയുടെ പകപ്പോടെ യുവാവ് മകനേയും എടുത്ത് ദ്രുതഗതിയിൽ പുറത്തേക്ക് നടന്നു.സൗമ്യത വെടിയാതെ അമ്മയും ഭാവപ്പകർച്ച ഇല്ലാതെ ഭാര്യയും യുവാവിനു പിറകേ പുറത്തിറങ്ങി.

എച്ചിൽക്കിണ്ണങ്ങൾ എടുക്കാൻ വന്ന അന്യനാട്ടുകാരൻ ബാലൻ ഒരു നിമിഷം അവരെ നോക്കി തറച്ചു നിന്നു പോയി. അവന് നാട്ടിലെ അവൻ്റെ കുടുംബവും ഇത്തരം അസംഖ്യം മാനഹാനികളും ഓർമ്മയിൽ വന്ന് കാണും.

“അച്ചേ….എയ്ക്ക് മസാൽദോശാന്നും ”
മൂന്നു വയസ്സുകാരൻ മാത്രം കലാപക്കൊടി ഉയർത്തി.
സമ്പന്നതയുടെ കലപിലയിൽ ഒരു മൗഢ്യം പടർന്നു.വീണ്ടും ഭക്ഷണത്തിലേക്ക് മടങ്ങിപ്പോവാൻ അയാൾക്ക് മനസ്സു വന്നില്ല.
“സാറ് ഫുഡ് ഫിനിഷ് ചെയ്തില്ലല്ലോ.”
ആവശ്യത്തിലേറെ വിനയം പുരട്ടിയ വാക്കുകളിൽ പ്രതാപി അയാളെ വർഗ്ഗ വ്യത്യാസം ബോധ്യപ്പെടുത്തി. ഒന്നു മങ്ങിപ്പോയ കോലാഹലം വീണ്ടും തുടർന്നു.

പുറത്ത് തിളയ്ക്കുന്ന പതിനൊന്ന് മണി വെയിൽ. യുവാവ് അമ്മയുമായി തർക്കത്തിലാണ്. മൂന്നു വയസ്സുകാരൻ കലാപത്തിലും. അടുത്തു ചെന്നപ്പോൾ അമ്മ പല്ലില്ലാത്ത ചിരി തൂവി.സൗമ്യവും പ്രസന്നവും ഒട്ടുമേ കാലുഷ്യം കലരാത്തതുമായ ചിരി.വെളുത്ത മുടി,ഭസ്മചന്ദനാദികൾ.
“എയ്ക്ക് വേണ്ട മകനേ, നീയ്യ് അവ്ള്ക്കും ഉണ്ണിക്കും വാങ്ങിക്കൊടുക്ക് “.
കാലത്ത് തൊട്ട് ഒന്നും കഴിച്ചിട്ടില്ല, പോരെങ്കിൽ വയ്യാത്ത കാലവും എന്ന് മകൻ ഉച്ചവെയിലിനോട് ആവലാതിപ്പെട്ടു.
അമ്മ ചെല്ലൂ, ചെന്നു വല്ലതും കഴിക്കൂ അവരെ വിഷമിപ്പിക്കാതെയെന്ന് പറഞ്ഞ അയാളോടും അവർ പുഞ്ചിരിയോടെ വേണ്ടെന്ന് തലയാട്ടി.” എയ്ക്ക് വേണ്ട മകനേ ”

പാലക്കാടൻ ശീല്, പാലക്കാടൻ കാറ്റ്, എൻ്റെ മണ്ണ് ,എൻ്റെ ജനത; ഒരു നിമിഷം അയാളുടെ മനസ്സ് ശീതളിമയാർന്നു .ആ പൊള്ളുന്ന വെയിലിലും ഒരു ആൽമരച്ചോട്ടിലെത്തിയതു പോലെ ആശ്വാസം.കാറ്റ്,തണൽ.

കറുത്തു മെലിഞ്ഞ മകൻ. അസാധാരണമായ വെളുപ്പുനിറം കൈവരിച്ച മുണ്ട്. അത്ര തന്നെ വെളുത്ത, ഒരൽപ്പം തള്ളി നിൽക്കുന്ന പല്ലുകൾ, കറുത്ത് ചുരുണ്ട് എണ്ണ കിനിയുന്ന മുടി. അധീരമായ മിഴികൾ. നെറ്റിയിൽ പ്രസാദം. കറുത്തു മെലിഞ്ഞ് നീളമുള്ള മുടിയുമായി ഭാര്യ അരികേ.വാശിയും കുറുമ്പും കുതൂഹലവും നിറഞ്ഞ മൂന്ന് വയസ്സുകാരൻ.പുതിയ കുപ്പായമാണ് അവൻ്റേത്. അത് അവനെ അസ്വസ്ഥനാക്കുന്നുണ്ട്; വിശപ്പ് അവനെ വശം കെടുത്തുകയും ചെയ്തിരിക്കുന്നു.

”നിങ്ങൾനെ എങ്ങനെ തനിയെ വിട്ടിട്ട് പുഗ്ഗും പറയിൻ”
മരുമകൾ അമ്മയോട് കെഞ്ചി. അമ്മ ഭക്ഷണശാലയുടെ ചവിട്ടുപടിയിൽ വെയിൽ നോക്കി ഇരിക്കുകയാണ്.
“ഒന്നും വേണ്ടെടീ മക്ളേ” പുഞ്ചിരി ഒളിമങ്ങുന്നില്ല “വെസപ്പ് ഇല്യ കുട്ട്യേ ”

നിങ്ങൾ ആ കുട്ടിക്ക് വല്ലതും വാങ്ങിക്കൊടുക്കൂ, നിങ്ങളും വല്ലതും കഴിക്കൂ.അതുവരെ ഞാൻ ഇരിക്കാം അമ്മയുടെ അടുത്ത്” അയാൾ അമ്മയുടെ താത്ക്കാലിക രക്ഷാകർതൃത്ത്വം ഏറ്റെടുത്തു.

മകൻ അമ്മയുടെ മുഖത്ത് നോക്കി അൽപ്പനേരം മനസ്സാ സംവദിച്ചു.പിന്നെ ”എങ്ങണ്ടും പൂവരുത് ട്ടോളിൻ ” എന്നു പറഞ്ഞ് കുഞ്ഞിനെയും എടുത്ത് നടന്നകന്നു. മരുമകൾ അമ്മയുടെ കാൽമുട്ടിൽ ഒന്നു സ്പർശിച്ച ശേഷം ഭർത്താവിനെ അനുഗമിച്ചു.

അമ്മ ചവിട്ടുപടിയിൽ ഇരുന്ന് മുറുക്കുകയാണ്. അമ്മയുടെ അടുത്ത് ഇരുന്നപ്പോൾ അലക്കിയ വസ്ത്രത്തിൻ്റെ മണം, ഭസ്മത്തിൻ്റെ മണം, വെററില മുറുക്കാൻ്റെ മണം, നിറവിൻ്റെ വിരക്തിയുടെ മണം.കണ്ണ് നിറയാതിരിക്കാനാവുന്നില്ല. ജര ബാധിച്ച കൈകൾ,മെലിഞ്ഞുണങ്ങിയ ദേഹം.
വളരെ പഴയ,ഒരു പക്ഷേ കഴിഞ്ഞ ജൻമത്തിലേതെന്നു പോലും തോന്നിച്ച ഒരു സന്ധ്യയിൽ അയാൾ മുത്തശ്ശിയോടൊപ്പം ഇറയത്ത് ഇരുന്ന് നാമം ജപിച്ചു;മരങ്ങൾ നിറഞ്ഞ തൊടിയിൽ ഇരുൾ പതുക്കെപ്പതുക്കെ ചേക്കേറുന്നതും നോക്കി.
” അമ്മ എവിടന്നാ ?”
“പെട്ടത്തലച്ചി.ദൂരം ഒരു പാട്ണ്ട് മകനേ ”.
“വീട്ടിൽ ആരൊക്കെയുണ്ട്?”
ആരോടെങ്കിലും ഒന്നു സംസാരിക്കാൻ അയാൾ വല്ലാതെ ആഗ്രഹിച്ചിരുന്നു.
പെട്ടത്തലച്ചിയെന്ന പാലക്കാടൻ ഉൾഗ്രാമത്തിൽ നിന്നു വരുന്ന അമ്മയുടെ പേര് തങ്ക.ഭർത്താവ് കണ്ടമുത്തൻ.ഇപ്പോൾ പരലോകവാസി.
ആറു മക്കൾ, അഞ്ച് പെണ്ണ്,ഒരാണ്.
“പെണ്ണങ്ങളിനെയൊക്കെ കെട്ടിക്കൊടുത്തു. “മകനും വിവാഹിതനായി.
എല്ലാവരും അവനവൻ്റെ ഇടങ്ങളിൽ സ്വസ്ഥരായും പലവേള അസ്വസ്ഥരായും കഴിയുന്നു.
ശാന്തവും കരുണവും ആർദ്രവുമായ സാന്നിദ്ധ്യം. ധാരാളം ഇടവേളകളോടെയുള്ള സംസാരം.

” അമ്മ എന്താ ഭക്ഷണം കഴിക്കാൻ പോവാതിരുന്നത്?”
വെയിലിലേക്കു നോക്കി തലയാട്ടി പുഞ്ചിരിച്ചു അമ്മ.
അടിയുറച്ച ഗുരുവായൂരപ്പഭക്തനായിരുന്നു കണ്ടമുത്തൻ.എല്ലാ വർഷവും കണ്ടമുത്തൻ ഗുരുവായൂർ തൊഴാൻ വരും.
“ എല്ലാ മാസൂം വരണം ന്നന്നെ മൂപ്പര് ൻ്റെ മനസ്സിൽക്ക്. കൂട്ട്യാ കൂടില്ല മക്നേ, ദൂരം ഒരു പാട് .ചെലവും ജാസ്തി”
”അപ്പൻ പോയതീപ്പിന്നെ മകൻ മൊടക്കീട്ട്ല്യ” ഗുരുവായൂർ ദർശനം.

വിവാഹശേഷം ഭർത്താവിനോടൊപ്പം തങ്കയും തുടങ്ങി ഗുരുവായൂർ തീർത്ഥാടനം.ഇവിടെ ആദ്യമായി വന്ന ദിവസം അമ്മ ഇന്നും ഓർക്കുന്നു.
” അന്ന് തൊഴുതീങ്ങാണ്ട് ഈയ് ഓട്ടലീ വന്ന് കാപ്പീം പലാരോം തിന്നു. അന്നാണ് മക്നേ, നാൻ നടാടെ കാപ്പിക്കടയില് കയര്ണത്.മൂപ്പര് എപ്പഴും ഈ ഓട്ടലീ തന്നെ വരുള്ളൂ ”
അമ്മ അപാരമായ പ്രിയത്തോടെ ഹോട്ടലിനകത്തേക്ക് നോക്കി.
“എയ്ക്ക് വേറെ എവ്ടുന്നും ഒന്നും വേണ്ട മക്നേ.”
സ്നേഹം അമ്മയിൽ നിന്നും സാന്ദ്രമായി കിനിഞ്ഞിറങ്ങി.അത് തൊട്ടരികത്തിരുന്ന അയാളുടെ ഇടനെഞ്ചിലെ കനൽ കെടുത്തി.

“ഭർത്താവുമായി വഴക്ക് കൂടിയിട്ടേ ഇല്ലേ?”
ജിജ്ഞാസ അടക്കാൻ വയ്യ.
നര വീണ താടിമീശകളുമായി സമീപത്ത് ഇരിക്കുന്ന മധ്യവയസ്കനെ അമ്മ പുഞ്ചിരിയോടെ കനിവോടെ അൽപനേരം നോക്കിയിരുന്നു. അയാൾ ആരാണെന്നാവും അമ്മ മനസ്സിൽ കരുതിയിരിക്കുക!

ഹോട്ടലിനു മുന്നിലെ നടവഴിയിലൂടെ തിരക്കിട്ടോടുന്ന പുരുഷാരത്തെ നോക്കിയിരുന്ന് പുഞ്ചിരി മായാതെ അമ്മ പറഞ്ഞു തുടങ്ങി; അരയാലികളിലൂടെ കാറ്റ് കടന്ന് പോവുന്നത് പോലെ.
വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ സന്ധ്യക്ക് അൽപം മദ്യപിച്ചു വന്ന് തങ്കയെ തല്ലുന്ന പതിവ് ഉണ്ടായിരുന്നു കണ്ടമുത്തന്.
” അത് പിന്നെ മക്നേ, അമ്മയ്ക്ക് ഒറ്റ മകൻ.മകന് അമ്മയും അമ്മയ്ക്ക് മകനും മാത്രം തൊണ.”
കല്യാണം കഴിച്ച് കൊണ്ടുവന്ന പെണ്ണ് മകൻ്റെ മനസ്സ് കീഴടക്കിയെന്ന് അമ്മക്ക് തോന്നാതിരിക്കാനായിരുന്നു ആ പ്രഹസനം.
അങ്ങനെയിരിക്കേ ഒരു വൈകുന്നേരം അമ്മായിയമ്മ തങ്കയോട് പറഞ്ഞു മകളേ പോയി കാലും മുഖവും കഴുകി വന്ന് ഭസ്മം തൊടൂ, എന്നിട്ട് കോലായിൽ നിലവിളക്ക് കൊളുത്തി വച്ച് നാമം ചൊല്ലൂ.
എങ്ങനെയാണ് നാമംചൊല്ലുക അമ്മേ
മകളേ നീ ഹരേ രാമ ചൊല്ലിയാൽ മതി.
അന്ന് സന്ധ്യക്ക് വീട്ടിലെത്തിയ കണ്ടമുത്തൻ നിരായുധനായി. കോലായിലെ ചുവരിലിരുന്ന് ഗുരുവായൂരപ്പൻ പുഞ്ചിരി തൂകുന്നു, കൊളുത്തി വച്ച നിലവിളക്കിനു മുന്നിലിരുന്ന് ഭാര്യ ഹരേ രാമ ചൊല്ലുന്നു. പ്രഹരങ്ങൾ നിന്നു…

പുറത്ത് വെയിൽ വീണ്ടും മൂക്കുന്നു.
“നല്ല ദർശനം കിട്ടിയോ അമ്മയ്ക്ക് ?”
“ഇല്ല മക്നേ, ഇക്കുറി അത്ര നന്നായി കാണാൻ പറ്റിയില്ല.”
ഇത് ഒരു സൂചനയാണ്: ദർശന നിരാസവും ഭക്ഷണശാലയിലെ നിഷ്കാസനവും എല്ലാം ഒരു സൂചനയാണ്.ഇനി ഇങ്ങോട്ട് വരണ്ട എന്ന് ഭഗവാൻ പറയുന്നതാണ്.
ഒരു മർമ്മരം പോലെ അമ്മ പറഞ്ഞു. മുഖത്തെ സൗമ്യതക്കും ദീപ്തിക്കും ഒരു മങ്ങലുമില്ല; വാക്കുകൾക്ക് ഇടർച്ചയുമില്ല. നിറവ് മാത്രം.

” അമ്മയ്ക്ക് ഒന്നും കൂടെ തൊഴണോ?”
“വേ‌ണ്ട മക്നേ…. നമ്മ മൂപ്പരിനെ പുത്തിമുട്ടിയ്ക്കാൻ പാങ്ങില്ല.”
ഗുരുവായൂരപ്പനെ പറ്റിയാണ്.ഇനി ഗുരുവായൂരപ്പൻ തങ്കയെ കാണാൻ പെട്ടത്തലച്ചിക്ക് വരും.വന്നിട്ട് കൂടെ കൂട്ടിക്കൊണ്ടു പോകാനും വഴിയുണ്ട്.
“അവൂ…. മതിയെടീ മക്ളേ, തങ്കപ്പെണ്ണേയ്….നിയ്ക്കി വയ്യാണ്ടായില്ലേ, ഇനി നിയ് അബടെ നിക്കണ്ട കെട്ടോ… എന്നാവും മൂപ്പരിൻ്റെ മനസ്സിൽക്ക് ”
പ്രസന്നമായ വാക്കുകൾ.

പിന്നെ മെല്ലെ എഴുന്നേറ്റ് ഭക്ഷണശാലയുടെ വാതിൽക്കൽ പോയി നിന്നു.. അൽപ്പം മുമ്പ് വിഷമിച്ചു നിന്നു പോയ ആ അന്യഭാഷക്കാരൻ ബാലനെ തിരക്കിനകത്തു നിന്നു കണ്ടെത്തി കൈകാട്ടി അടുത്തേക്ക് വിളിച്ചു. മടിശീലയിൽ നിന്ന് കുറച്ച് പൈസയെടുത്ത് അവൻ്റെ കൈയിൽ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു
” മക്നേ നീയ്യ് ഒരു നാലു വട പൊതിഞ്ഞ് വാങ്ങീട്ട് വാ ”
അവൻ വടയുമായി വന്നപ്പോൾ ഒരു നാണയത്തുട്ട് പുഞ്ചിരിയോടെ അഴുക്കു പുരണ്ട കൊച്ചു കൈകളിൽ വച്ചു കൊടുത്തു . വടയുടെ പൊതി ചേലത്തുമ്പിൽ കെട്ടി സ്വസ്ഥാനത്ത് തിരികെ വന്നിരുന്നു കൊണ്ട് പറഞ്ഞു:ഇല്ലെങ്കിൽ ആ കുട്ടിയുടെ മനസ്സ് നീറും. മസാല ദോശ കഴിക്കാൻ കൊതിച്ച് ഇരുന്ന എൻ്റെ കുട്ടിയുടെ മനസ്സും വല്ലാതെ നൊന്തിട്ടുണ്ടാവും. ആ നോവുകളൊന്നും ആരിലും കാലുഷ്യമായി പതിയ്ക്കരുത്. ആരും എൻ്റെ കുട്ടിയുടെ നോവു പതിഞ്ഞ് വേദനിക്കരുത്.

ആ ഉച്ചച്ചൂടിലും അയാൾക്ക് കുളിർന്നു;താങ്ങാനാവാത്ത കാരുണ്യം അയാളെ കരയിച്ചു..

കണ്ണീരടക്കാൻ മിനക്കെടാതെ അയാൾ മൊബൈൽ ഫോൺ ഓണാക്കി.മൂന്നു ദിവസം മുമ്പ് വീട്ടിൽ നിന്ന് ഭാര്യയുമായി കലഹിച്ച് ഇറങ്ങിയതായിരുന്നു അയാൾ. അപ്പോൾ തൊട്ട് ഫോൺ ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. വാശിയും ദേഷ്യവും വെറുപ്പും വൈരാഗ്യവും എല്ലാം ശമിച്ച് കാരുണ്യം മാത്രം നിറഞ്ഞു അയാളുടെ മനസ്സിൽ. കണ്ണീരോടെ പുഞ്ചിരിച്ച് അമ്മയെ നോക്കി അയാൾ വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി. അമ്മ സൗമ്യദീപ്തയായി വെയിൽ നോക്കി ഇരുന്നു.

One thought on “കണ്ണനെ കാണുന്നവർ

Leave a reply to Sunil kumar Cancel reply