എനിക്ക് അറിയാല്ലോ നിന്നെ

 

വളരെ അടുത്ത സുഹൃത്ത്,നന്ദിനി, രണ്ടാഴ്ചയിലേറെയായി മിണ്ടിയിട്ട്.സാധാരണ ആശയ വിനിമയം നടത്താറുള്ള  മാധ്യമങ്ങളിലെല്ലാം നിറഞ്ഞ മൗനം.പോസ്റ്റുകൾക്കും മെസ്സേജുകൾക്കും ഫോട്ടോകൾക്കും ഒന്നിനും ഒരു പ്രതികരണവും ഇല്ല. നിത്യേന കോഴി കൂവുന്നതു പോലെ എന്നെ ഉറക്കമുണർത്തിയിരുന്ന വാട്ട്സാപ്പിലെ ശുഭദിന സന്ദേശങ്ങളും ഇല്ല. എല്ലാം ഭദ്രമല്ലേ എന്ന സംശയത്തിനും കനത്ത മൗനം മാത്രം മറുപടി. പരമ്പരാഗത രീതി അവലംബിച്ച് ഫോൺ ചെയ്താലോ ,അൽപം നീരസം കലർന്ന ധൃതിയോടെ അവൾ സംസാരം മുറിച്ചുമാറ്റുന്നു.ഇവൾക്കിതെന്തു പറ്റി?

ഇനി വല്ല കുടുംബ പ്രശ്നവും????ആവാൻ വഴിയില്ല: ആയിരുന്നെങ്കിൽ അത് സമസ്ത സമൂഹ മാധ്യമങ്ങളിലൂടെയും കണ്ണീരായി പെയ്തേനെ. കാതങ്ങൾക്ക് അപ്പുറമായതിനാൽ ഉടനെ പോയി നേരിട്ട്  കാണാനും വഴിയില്ല.

പിഴവ്, അതും ഗുരുതരമായ പിഴവ് എൻ്റെ ഭാഗത്ത് തന്നെ ആണ്, തീർച്ച. ഇനി  ഓണം ,തിരുവാതിര,പിറന്നാൾ,വിവാഹ വാർഷികം തുടങ്ങിയ വല്ല വിശേഷ ദിന ആശംസകളും നേരാൻ മറന്നതിനാവുമോ???അതാവില്ല… അത്തരം മറവികൾ എൻ്റെ ഭാഗത്ത് നിത്യ സംഭവമാണ്. എന്ത് കൊണ്ട് ഓർത്തില്ല എന്ന ശകാരവർഷത്തോടെ അവൾ അതെല്ലാം മാപ്പാക്കാറാണ് പതിവ്.                        

ഇത് അതൊന്നുമല്ല, ഉറപ്പ്. അവൾ അവസാനം അയച്ച വാട്ട്സാപ്പ് മെസേജ് നോക്കിയിരിക്കുമ്പോൾ ചെറുതായി നോവുന്നുണ്ട്. കൂർത്ത കുപ്പിച്ചില്ല് പോലെയുള്ള എന്നെ സ്നേഹിക്കാൻ ഒരുപാട് പേരൊന്നും ഇല്ല. അതിനാലും കൂടി ഈ മൗനം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് അവരുടെ വിവാഹ വാർഷിക ദിനത്തിലാണ് അവളുടെ അവസാന സന്ദേശം വന്നിരിക്കുന്നത്.ആദ്യ വിവാഹവാർഷികത്തിനെടുത്ത ഫോട്ടോയും ഈ വിവാഹ വാർഷികത്തിനെടുത്ത ഫോട്ടോയും കലാപരമായി ചേർത്ത് വച്ചതാണ് ആ ചിത്രം.ഞാനും ഒട്ടും കുറച്ചിട്ടില്ല. അന്നത്തെപ്പോലെ തന്നെ ഇന്നും, കാലം തൊടാൻ മടിച്ചു നിൽക്കുന്നു,ദൈവത്തിൻ്റെ പൊന്നോമനകൾ ….. എന്നിങ്ങനെ നീണ്ടു പോവുന്നു ആ പുകഴ്ത്തൽ സാഹിത്യം.

ഒരു നിമിഷം ….. ദൈവമേ എന്താണീ എഴുതി അയച്ചിരിക്കുന്നത്… കാലൻ തൊടാൻ മടിച്ചു നിൽക്കുന്നു എന്നോ…

മംഗ്ലീഷിൽ കാലം എന്ന് ടൈപ്പ് ചെയ്തത് സർവ്വവിജ്ഞാനിയായ എൻ്റെ ഫോൺ കാലൻ എന്നാണ് ഓട്ടോ കറക്റ്റ് ചെയ്തിരിക്കുന്നത്.

നേരിട്ട് ചെന്ന് കാര്യം തിരക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ എൻ്റെ കാലൻ അവളായേനെ!!!

One thought on “എനിക്ക് അറിയാല്ലോ നിന്നെ

Leave a comment