ആരാണോലും പോയീന്?
മേപ്പരെ മീത്തലെ കുഞ്ഞൻ.
ആര്, കാരീൻ്റെ മോനാ?
ആ, തെന്നെ..
നല്ലോണാനോലും..
വല്യ വല്യ കൂട്ടരൊക്കെ
വര്ന്ന് ണ്ടോലും
ഓൻ്റ ചാവ് കാണാൻ..
തന്നേ?
എന്നാല് എനക്കും പോണപ്പാ..
പക്ഷേ,
പോന്നേലും മുന്നേ
കുറച്ച് പണീണ്ടപ്പാ തീർക്കാൻ..
ആദ്യം കുറുക്കൻ കുന്നിൻ്റെ മണ്ടയ്ക്ക് കേറി
താടിക്കു കൈയും കൊടുത്ത്
ദൂരേക്കു നോക്കി ഇരിക്കണ
ഒരു ഫോട്ടം പിടിക്കണം…
അത് പിടിക്കാൻ ചങ്ങായി
ചോയീനെ വിളിക്കണം…
നല്ലോണം സങ്കടം കൂട്ടീട്ട്
കടുപ്പത്തിലൊരു ഫോട്ടോ.
എന്നിറ്റ് അയിമ്മെ വായിച്ചാ കരച്ചില് വരണ
ഒരു വാചകം എഴുതിപ്പിടിപ്പിക്കണം..
അല്ലാ, അത് പ്പോ ഏട്ന്ന് കിട്ടും?
തപ്പി എടുക്ക്വ ന്നെ..
ഏട തപ്പണം?
ആരിക്കറിയാ..
നമ്മട എഴുത്തശ്ശനോട് ചോയിക്കാ..
രാവണൻ ചത്തപ്പോ മണ്ഡോദരി-
അത് വേണ്ട.. ശരിയാവൂല-
കുംഭകർണൻ എന്താ പറഞ്ഞിന് ന്ന്..
അയിന് രാവണൻ ചത്തപ്പോ
ഓരില്ലാലോ..
ആര്?
കുംഭകർണ്ണനേയ്..
ഇങ്ങള് മക്കാറാക്കല്ലേന്ന്..
കുംഭകർണ്ണനില്ലെങ്കിൽ വെറും കർണ്ണൻ…
അതൊക്കെ എഴുത്തശ്ശൻ പറയട്ടെ..
എന്നട്ടതങ്ങോട്ട് എഴുതീറ്റ്…
ആ ഹാ…കലക്കും..
പോരാ.. ആയിറ്റില്യ..
ചത്ത് കെടക്കണോൻ്റെ
കാലു മാത്രം ഫോട്ടം
പിടിക്കണം..
എന്നിട്ടെല്ലാം കൂടെ ചേർത്ത്
എടുത്താൽ പൊങ്ങാത്തൊരു
കണ്ണീർ പോസ്റ്റ്
ഇറക്കണം..
ആ ഹാ…
ലൈക്കും കമൻ്റും
മണ്ടിപ്പാഞ്ഞ് വരുന്നത്
നിങ്ങള് കണ്ടോളീ..
എല്ലാരും നമ്പട്ടെ, ഞമ്മളെ സ്വന്താളാ
ഈ ചത്ത് കെടക്കണ കുഞ്ഞൻ ന്ന്..
കലമ്പീറ്റ് കാര്യല്ല്യ ചങ്ങായീ..
ബുദ്ധി വേണം ബുദ്ധി
ഓൻ്റെ ചാവില്
എനക്കൊരു പേര്..
എന്തേയ്, അതത്ര മോശാ?

ഗീതേച്ചീ… വളരെ ഇഷ്ടം… ഈ പച്ചയായ തുറന്നെഴുത്ത്..😍
ഇതൊരു നേർകാഴ്ച..
LikeLike