നേരിട്ടും നവ മാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയും നമ്മെ തഴുകി ഒഴുകിപ്പരക്കുന്ന പോസിറ്റീവ് തിങ്കിംഗ്, പോസിറ്റീവ് ഔട്ട്ലുക് വാചാടോപങ്ങൾ പലപ്പോഴും ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവയാണ്. ഉദാഹരണത്തിന്, പാദുകമില്ലാത്തതിന് ഞാൻ കരഞ്ഞിരുന്നു; കാലുകളില്ലാത്തവനെ കാണുന്നത് വരെ.
അതായത് … നമ്മളേക്കാൾ കഷ്ടപ്പെടുന്നവരെ നോക്കി നാം ആശ്വാസം കൊള്ളണമെന്ന്. വാസ്തവത്തിൽ നമ്മേക്കാൾ നിർഭാഗ്യവാൻമാരെ കണ്ടാൽ നാം കൂടുതൽ വ്യസനിക്കുകയല്ലേ വേണ്ടത്? അവൻ്റെ വേദനയുടെ ആഴവും പരപ്പും നമ്മുടെ വേദനയേക്കാൾ പതിൻമടങ്ങ് ആയിരിക്കും എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ സങ്കടപ്പെടുത്തുകയല്ലേ വേണ്ടത്? ദൈവമേ…സ്തുതി…
ഞാനും ഒരു പോസിറ്റീവ് തിങ്കറും അമച്വർ മോട്ടിവേഷനൽ സ്പീക്കറും ഒക്കെയായിരുന്നു ഈ അടുത്ത കാലം വരെ. എൻ്റെ പോസിറ്റീവ് എനർജി സഹിക്കാൻ പറ്റാതെ മക്കൾ രണ്ടാളും പിന്നെ അവരുടെ അച്ഛനും കൈ കൂപ്പി അപേക്ഷിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനതിൽ നിന്നും സ്വൽപം പുറകോട്ടടിച്ചത് .
കുറച്ചു കാലം മുമ്പത്തെ കഥയാണ്. അപ്പു കോളേജിൽ ചേരാൻ പോയ വർഷം. അവൻ ആദ്യത്തെ സെമസ്റ്റർ അവധിക്ക് വന്ന കാലം. ഒരുനാൾ
അവൻ്റെ കൂട്ടുകാരൻ അവനെ കാണാൻ വന്നു. ഒന്നിച്ചു കളിച്ചു വളർന്നവരാണ് അവർ. അയൽക്കാർ.അവനും ആ വർഷം കോളജിൽ ചേർന്നവനാണ്. അവനും അവധിക്ക് വന്നിരിക്കുകയാണ്. പഠിക്കാൻ പോവുമ്പോൾ മത്തങ്ങ പോലെയിരുന്ന കുഞ്ഞുങ്ങൾ മുരിങ്ങാക്കോലു പോലെ തിരിച്ചു വന്നത് കണ്ട് വിഷമിച്ചു പോയിരുന്നു ഞങ്ങൾ അമ്മമാർ.. ഗൃഹാതുരത്വത്തിൻ്റെയും തുണി അലക്കിത്തരാനും ചോറു വിളമ്പിത്തരാനും ബെഡ്ഷീറ്റ് മാറ്റി വിരിക്കാനും അമ്മ കൂടെ ഇല്ലാത്തതിൻ്റെയും വിശക്കുമ്പോൾ വല്ലതും എടുത്തു തിന്നാൻ ഒരു അടുക്കള ഇല്ലാത്തതിൻ്റെയുമൊക്കെ നൂറു നൂറു കദന കഥകൾ അപ്പുവിനെന്ന പോലെ അവനുമുണ്ടായിരുന്നു പറയാൻ.
അവൻ പറഞ്ഞു” എല്ലാം സഹിക്കാം ആൻ്റി…പക്ഷേ അവര് എല്ലാം ഹിന്ദിയിലാണ് എക്സ്പ്ലൈൻ ചെയ്തു തരുന്നത്. അതാ ഏറ്റവും പ്രയാസം. ഒന്നും മനസ്സിലാവുന്നില്ല.”
ഓ.. അത് പറയാൻ വിട്ടു പോയി..അവൻ വടക്കേ ഇന്ത്യയിലെ ഒരു കലാലയത്തിലാണ് എഞ്ചിനീയറിംഗിന് ചേർന്നിരിക്കുന്നത്.
അവൻ്റെ വിഷമം കാണാനാവാതെ അവനെ ഒന്നു ആശ്വസിപ്പിക്കാനായി ഞാനെൻ്റെ പോസിറ്റീവ് തിങ്കിങ് പൊടി തട്ടിയെടുത്തു.
“അത് സാരമില്ല മോനേ, നിൻ്റെ ഹിന്ദി മെച്ചപ്പെടും എന്ന ഒരു ഗുണമുണ്ടല്ലോ”
ഇത് കേട്ടപ്പോൾ അന്നേരമത്രയും ബധിരത നടിച്ചിരുന്ന അപ്പുവിൻ്റെ ക്ഷമ നശിച്ചു. “അമ്മാ… എല്ലാത്തിനും ഒരു ലിമിറ്റുണ്ട് ട്ടോ. അവൻ പറഞ്ഞത് അവന് എഞ്ചിനീയറിംഗ് കോഴ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാവുന്നില്ല എന്നാണ്. അവൻ പോയിരിക്കുന്നത് എഞ്ചിനീയറിംഗ് പഠിക്കാനാണ്, അല്ലാതെ ഹിന്ദി മെച്ചപ്പെടുത്താനല്ല. അതിന് വീട്ടിൽ വെറുതേയിരുന്ന് ഹിന്ദി സിനിമ കണ്ടാൽ മതി.അമ്മയുടെ പെപ് ടോക് കൊണ്ട് അവൻ്റെ അവസ്ഥ മെച്ചപ്പെടാൻ പോണില്ല.അവനെക്കൊണ്ട് ആകാവുന്ന മട്ടിൽ അവനത് നേരിട്ടേ പറ്റൂ, അവൻ അമ്മയോട് ഉപദേശം ചോദിച്ചതല്ല, അവൻ വെറുതേ സംസാരിക്കുകയാണ്. അമ്മ വെറുതേ കേട്ടാൽ മാത്രം മതി”
എന്നിട്ട് തിരിഞ്ഞ് കൂട്ടുകാരനോട് ” നീയല്ലാതെ അമ്മയോട് ഇതൊക്കെ വന്ന് പറയുമോ..ഈ ലോകത്തെ എല്ലാ പ്രശ്നങ്ങളും പെപ്പ് ടോക്കിലൂടെയും പോസിറ്റീവ് തിങ്കിംഗിലൂടെയും നേരിടാം എന്നാണ് അമ്മയുടെ വിചാരം. ഇനി ഇത് നിൻ്റെ അമ്മയോട് ചെന്നു പറഞ്ഞ് രണ്ടാളും കൂടെ വളരെ കൂടിയാലോചിച്ച് നിനക്ക് ഹിന്ദി ട്യൂഷൻ ഏർപ്പെടുത്തിയാലും അതിശയിക്കണ്ട.”
അവനങ്ങനെയാണ്.നിമിഷനേരം കൊണ്ട് ആത്മ സംതൃപ്തിയുടെ ഉന്നത ശ്രേണിയിൽ നിന്ന് യാഥാർത്ഥ്യത്തിൻ്റെ പരുക്കൻ തറയിലേക്ക് എന്നെ തള്ളിയിടും.എൻ്റെ അലുക്കു പിടിപ്പിച്ച വാക്കുകളിലെ,പ്രവർത്തികളിലെ പൊള്ളത്തരങ്ങൾ കണ്ണാടിയിലെന്നവണ്ണം പ്രതിഫലിപ്പിക്കും. വാക്കുകൾ കൊണ്ടുള്ള മായാജാലത്താൽ ഒരു നല്ല ശമരിയാക്കാരി ആവാനുള്ള എൻ്റെ ശ്രമങ്ങളെ നിമിഷാർദ്ധം കൊണ്ട് തകർത്തു കളയും.
ഒരു നിമിഷം അന്ധാളിച്ചുവെങ്കിലും പെട്ടെന്ന് ഞാൻ ജ്ഞാനവൃദ്ധയായി. കാര്യം ശരിയല്ലേ..അതല്ലേ നമ്മൾ. നമുക്ക് മനസ്സിലാക്കാനോ, ഊഹിക്കാൻ പോലുമോ ആവാത്ത ജീവിത സാഹചര്യങ്ങളിൽ പെട്ട് ഉഴലുന്നവരെ വരെ ഉപദേശിക്കാനും വഴി കാട്ടാനും നമ്മൾ മുന്നിൽത്തന്നെയുണ്ടാവാറില്ലേ..
എനിക്ക് നിങ്ങളോടു പറയാനുള്ളത് ഇത്ര മാത്രം…ദയവായി ഞങ്ങൾ പോസിറ്റീവ് തിങ്കേഴ്സിനെ തെറ്റിദ്ധരിക്കരുതേ.കാരുണ്യവും സഹജീവി സ്നേഹവും കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്നവരാണ് ഞങ്ങൾ. ഒരു ചെറുവിരലനക്കാൻ പോലും സാധിക്കില്ലായെങ്കിലും പ്രാർത്ഥനയും ഉപദേശവും എന്നുമുണ്ടാവും. പിന്നെ, ഞങ്ങളുടെ ഉപദേശം വള്ളി പുള്ളി വിടാതെ അനുസരിച്ച് വല്ല പുലിവാലും പിടിച്ചാൽ അതിന് ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. ജീവിതത്തിൻ്റെ സാമാന്യ നിയമങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞത മാത്രമായിരിക്കും അതിന് കാരണം.നല്ല മനുഷ്യർ എന്ന മേനി മാത്രമേ ഞങ്ങൾക്കു വേണ്ടൂ; യഥാർത്ഥത്തിൽ നല്ലവരാവണമെന്ന ശാഠ്യം ഞങ്ങൾക്കില്ല .വാക്കുകളിലെ ആത്മാർത്ഥത കൊണ്ട് പ്രവർത്തികളിലെ നിരാസം ഞങ്ങൾ മറച്ചു പിടിച്ചോളാം.
ഏച്ചുകൂട്ടൽ: ഇപ്പോഴും ഇടക്കൊക്കെ എൻ്റെ ഉള്ളിലെ പോസിറ്റീവ് തിങ്കർ പുറത്തു ചാടാൻ കലശലൽ കൂട്ടാറുണ്ട്.പക്ഷേ അപ്പോഴെല്ലാം “എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് ട്ടോ അമ്മാ…”എന്നും പറഞ്ഞ് അപ്പു മനസ്സിലെത്തും.
അങ്ങനെയാണ് ഞാൻ ഒരു പോസിറ്റീവ് തിങ്കർ അല്ലാതായത്.
