പാവം മധു.മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി തല്ലിക്കൊന്ന പാവം ആദിവാസി.ഈ ഭൂമിയുടെ ആദ്യത്തേയും അവസാനത്തേയും അവകാശികളിൽ ഒരുവൻ.
മാനസികനില തകരാറിലായ ആ യുവാവ് ഏതോ അപരിചിത ഭൂപ്രദേശത്ത് അലഞ്ഞു തിരിയുമ്പോളല്ല ആരുംകൊല ചെയ്യപ്പെട്ടത്;സ്വന്തം നാട്ടിൽ വച്ച് സ്വന്തം നാട്ടുകാരാൽ കൊല്ലപ്പെട്ടവനാണ് അവൻ.
യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്താണെന്ന് പല മാധ്യമ റിപ്പോർട്ടുകളും മാറി മാറി അരിച്ചു പെറുക്കിയിട്ടും എനിക്ക് മനസ്സിലാക്കാനാവുന്നില്ല.ഈ സംഭവത്തിന് ഒരു നാൾവഴിക്കണക്ക് ഉണ്ടാവില്ലേ?അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ കാടു കയറിയാൽ ഉത്തരവാദപ്പെട്ടവർ അത് അറിയാതെ പോവുമോ?
ആരാണ് ഓപ്പറേഷൻ മധുവിൻ്റെ ബുദ്ധികേന്ദ്രം?എന്തിനു വേണ്ടിയാണ് അവനെ തല്ലിക്കൊന്നത്? അവനു വിശന്നതിനാലാണോ? അവൻ ദുർബലനായതിനാലാണോ? സ്വയം പ്രതിരോധിക്കാൻ കഴിവില്ലാത്തവനായതിനാലാണോ?അതോ മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ?
മധു ഒരു തൊഴിൽ പരിശീലകനായിരുന്നുന്നെന്നും പണ്ടെന്നോ തലയ്ക്ക് ഏറ്റ മർദ്ദനത്തെ തുടർന്നാണ് മാനസികനില തകരാറിലായതെന്നും ഒരിടത്ത് വായിക്കാനിടയായി.ആരായിരിക്കും അന്ന് മധുവിൻ്റെ തലക്കടിച്ചത്,എന്തിന് വേണ്ടിയാവും?ആർക്കറിയാം!11??
പല പല വാർത്താ ശകലങ്ങൾ ചേർത്ത് വച്ച് വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത് മുക്കാലിയിൽ നിന്ന് ഒരു പറ്റം ആൾക്കാർ വനം വകുപ്പുമായി ചേർന്ന് കാട് കയറി മധു താമസിക്കുന്നിടത്ത് ചെന്ന് അവനെ വേട്ടയാടുകയായിരുന്നുവെന്നാണ്. മർദ്ദിച്ചവശനാക്കിയ അവനെ മുക്കാലി വരെ മുതുകത്ത് ഭാരമേറിയ ചാക്ക് കയറ്റി വച്ച് നടത്തിക്കൊണ്ടുവന്നത്രേ.പിടികൂടി കെട്ടിയിട്ട ശേഷം അവനോടൊപ്പം നിന്ന് സെൽഫിയെടുക്കാനും താങ്ങാനാവാത്ത ഭാരം പേറി ഇഴഞ്ഞ് നീങ്ങിയ അവന് ദാഹിച്ച വെള്ളം കൊടുക്കാതിരിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നത്രേ.മരണാസന്നനായി കുരിശിൻ്റെ വഴി താണ്ടിയ അവനെ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടവും വനംവകുപ്പിൻ്റെ ജീപ്പും അനുധാവനം ചെയ്തിരുന്നത്രേ.
അട്ടപ്പാടിയിൽ നിന്ന് ചാഞ്ഞും ചരിഞ്ഞും റിപ്പോർട്ട് ചെയ്യുന്നവരെല്ലാം തന്നെ ഈ ക്രൂര കൃത്യത്തിൻ്റെ ഉത്സാഹക്കമ്മിറ്റിക്കാരെ കുറിച്ച് അജ്ഞരാണ് എന്നതും കാണാതെ പോവരുത്.
ആരാണ് ഈ മുഖമില്ലാത്ത ആൾക്കൂട്ടത്തിന് ഒരാളെ തല്ലിക്കൊല്ലാൻ അധികാരം നൽകിയത്?ആരാണിവർക്ക് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഇരച്ച് കയറാൻ അധികാരം നൽകിയത്?എങ്ങനെയാണ്,എന്ന് മുതലാണ് നാമിത്ര കാടൻമാരായത്?
വിശന്നും മുഷിഞ്ഞും നാറിയും കറുത്തുമിരിക്കുന്നവനെ കണ്ടാൽ കൊന്നുകളഞ്ഞേക്കുക എന്ന് നാമെപ്പോഴാണ് പഠിച്ചത്?സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന പ്രകൃതിനീതി സർവൈവൽ ഓഫ് ദ റിച്ചസ്റ്റ് എന്നാക്കി തിരുത്തി പഠിച്ചു തുടങ്ങിയത് എന്നു തൊട്ടാണ്?
ഒരു മധുവിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ആൾക്കൂട്ട അതിക്രമങ്ങൾ.വൈപ്പിനിലെ വീട്ടമ്മയേയും ആന്ധ്ര സ്വദേശിയായ വൃദ്ധനേയും മറക്കാറായിട്ടില്ല.അഗളി സ്വദേശിയായ യുവാവ് കൊല്ലത്ത് തൻ്റെ പെൺസുഹൃത്തുമായി കടൽത്തീരത്തു പോയതിൻ്റെ പേരിൽ ആൾക്കൂട്ട അക്രമത്തിനിരയായതും തുടർന്ന് നാട്ടിൽ തിരിച്ചെത്തി ജീവനൊടുക്കിയതും അത്ര പഴയ ഒരു ഓർമ്മയല്ല.ഈ സംഭവങ്ങളിലെല്ലാം ആരെങ്കിലും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടുണ്ടോ?
ലോകത്തിൻ്റെ നാനാകോണുകളിൽ നിന്നും പലവിധത്തിലുള്ള അശുഭ വാർത്തകളും പുറത്തു വരുമ്പോഴും നമ്മുടെ നാട്ടിൽ-കേരളത്തിൽ-ഇതൊന്നും നടക്കില്ല,നടക്കാൻ നമ്മൾ സമ്മതിക്കില്ല എന്ന് പേർത്തും പേർത്തും മക്കളോട് പറഞ്ഞിരുന്ന എൻ്റെ നാവ് ഇന്ന് തൊണ്ട വഴി ആമാശയത്തിലേക്കിറങ്ങിക്കഴിഞ്ഞിരിക്കുന്നു.
മധുവിനെ കൊന്ന ആൾക്കൂട്ടത്തെ ചൂണ്ടിക്കാട്ടി നിങ്ങളാണത് എന്ന് പറയുമ്പോഴും മൂന്നു വിരലുകൾ എനിക്കു നേരെയും തള്ളവിരൽ മുകളിൽ ഉറക്കം നടിച്ചിരിക്കുന്ന ദൈവത്തിനു നേരെയും ചൂണ്ടുന്നതായി ഞാനറിയുന്നു.
നാട്ടുരാശാക്കൻമാരേ ആദിവാസിക്ക് ഇന്നും പയിക്കുന്നു.
