അന്ന്… ഒരു പക്ഷിപ്പനിക്കാലത്ത്..

പെട്രോൾ വില ബാരലിന് കൂടുതലും ലിറ്ററിന് കുറവും ആയിരുന്ന സുവർണ്ണകാലം.ഒമാൻ നിവാസികളുടെ വാരാന്ത്യ അവധി വ്യാഴവും വെള്ളിയും ആയിരുന്ന കാലം.അന്നാളുകളിലൊന്നാണ് ലോകം പക്ഷിപ്പനി ഭീതിയിലകപ്പെട്ടത്.ശക്തമായ ബോധവൽക്കരണത്തിലൂടെയും മുൻകരുതൽ നടപടികളിലൂടെയും ഒമാൻ പക്ഷിപ്പനിയെ ഫലപ്രദമായി തന്നെ പ്രതിരോധിച്ചു.

പാവം ചിക്കനെ വരെ ജനം സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന അക്കാലത്ത് പതിവു
പോലെ ഒരു വ്യാഴാഴ്ച ഉച്ചക്ക് ഹാഫ് ഡേ ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്കു വരികയായിരുന്നു അദ്ദേഹം.സൗകര്യത്തിനായി നമുക്ക് അദ്ദേഹത്തെ പിള്ളസാർ എന്നു വിളിക്കാം.സൽസ്വഭാവി,പരോപകാരി,സാത്വികൻ,ഒരു പെട്രോളിയം കമ്പനിയിലെ ഉന്നതോദ്യോഗസ്ഥൻ.

പാർക്കിംഗിലെത്തി വണ്ടിയെടുക്കാൻ തുടങ്ങിയപ്പോഴാണ് പിള്ളസാർ ഞെട്ടിപ്പിക്കുന്ന ആ ദൃശ്യം കണ്ടത്;തൻ്റെ കാറിനു മുന്നിൽ ഒരു പ്രാവ് ചത്തു കിടക്കുന്നു.മസ്കറ്റിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആരോഗ്യത്തെ അമ്മാനമാടുന്ന ഒരു പ്രശ്നമാണ് തൻ്റെ മുന്നിൽ കാലു രണ്ടും മേലോട്ടാക്കി ചത്തു മലച്ചു കിടക്കുന്നത്.ഒട്ടും സമയം പാഴാക്കാതെ സാർ തൻ്റെ വത്സല ശിഷ്യനായ സതീഷിനെ ഫോണിൽ വിളിച്ചു. ഓഫീസ് വിട്ടാലുടനെ മിന്നൽ വേഗത്തിൽ വീട്ടിലേക്കു പോവുന്ന സ്വഭാവക്കാരനായിരുന്നു ശിഷ്യൻ.

മസ്കറ്റ് മുനിസിപ്പാലിറ്റിക്കാർ വന്ന് വേണ്ടത് ചെയ്ത് കൊള്ളുമെന്നും സാറ് അവിടെ നിന്ന്
സമയം കളയാതെ വീട്ടിലേക്ക് ചെല്ലൂ ചേച്ചി കാത്തിരിക്കുന്നുണ്ടാവുമെന്നുമായിരുന്നു ഊണു കഴിച്ചു കൊണ്ടിരുന്ന സതീഷിൻ്റെ മറുപടി.ചെറുപ്പത്തിൻ്റെ വിവരമില്ലായ്മ. സമൂഹത്തോടുള്ള നമ്മുടെ കടമകളെ പറ്റി സാറ് ആ പൊരിവെയിലത്തു നിന്നു കൊണ്ട് ശിഷ്യനു ക്ലാസെടുത്തു.എന്നാൽ സാറ് ഒരു കാര്യം ചെയ്യൂ,HSE യിൽ വിളിച്ച് പറയൂ, അവർ വേണ്ടത് ചെയ്തോളും എന്നായി ശിഷ്യൻ.

വെരി ഗുഡ്.ഒരു പോംവഴി തെളിഞ്ഞ ആശ്വാസത്തോടെ സാറ് HSE മാനേജരെ വിളിച്ചു.ഓഫീസ് കെട്ടിടത്തിൻ്റെ ഉത്തരവാദിത്തം മാത്രമേ അവർക്കുള്ളൂ എന്നും മൊത്തം മസ്കററിൻ്റെ അടങ്കൽ ചുമതല അവർക്കില്ല എന്നും പാർക്കിംഗ് ഏരിയ മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ പെട്ടതാണെന്നും മാനേജർ സായിപ്പ് വിനയത്തോടെയും അസന്ദിഗ്ദ്ധമായും പ്രഖ്യാപിച്ചു.

അത്ര നേരത്തെ വെയിലു കൊണ്ട് അവശനായി കഴിഞ്ഞിരുന്ന പിള്ളസാർ കൂടുതലൊന്നും പറയാതെ കാറിൽ കയറി വീട്ടിലേക്ക് യാത്രയായി.
പോവുന്ന വഴി റൂവി പോലീസ് സ്റ്റേഷനിൽ കയറി കാര്യം പറയാമെന്ന് സാർ കണക്കുകൂട്ടി.അവർക്ക് സംഗതിയുടെ ഗൗരവം മനസ്സിലാകും.
പോലീസ് സ്റ്റേഷനു മുന്നിൽ വണ്ടിയിട്ട് ഝടുതിയിൽ സാർ സ്റ്റേഷനകത്ത് ഗൗരവഭാവത്തിൽ ഇരുന്നിരുന്ന ഒരു പോലീസുകാരൻ്റെ അടുത്തെത്തി. “ഗുഡാഫ്റ്റ്ർനൂൺ ഓഫീസർ”
“അസ്സലാമു അലൈക്കും”
“ദേറീസെ…” സലാം മടക്കാനൊന്നും നിൽക്കാതെ പിള്ളസാർ നേരെ കാര്യത്തിലേക്കു കടന്നു.തൻ്റെ ഒാഫീസിനു മുന്നിൽ ചത്തു കിടക്കുന്ന പ്രാവിനെക്കുറിച്ചും അതിൻ്റെ മരണത്തിനു പുറകിലെ കാരണത്തേക്കുറിച്ച് അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ഇതു കണക്കേ മസ്കററിലും പ്രാന്തപ്രദേശങ്ങളിലും ചത്ത നിലയിൽ കാണപ്പെട്ടേക്കാവുന്ന പക്ഷികളെക്കുറിച്ചു സമഗ്രാന്വേഷണം നടത്തേണ്ടതിൻ്റെ അടിയന്തിരപ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പണ്ഡിതോചിതമായ പ്രസംഗം നടത്തി.പടർന്ന് പിടിക്കാനിടയുള്ള ഒരു വൻവിപത്തിനെക്കുറിച്ച് അദ്ദേഹം ഇസ്തിരി വടിവുള്ള ഇംഗ്ലീഷിൽ വാചാലനായി.
ടൈ കെട്ടി മണി മണി പോലെ ഇംഗ്ലീഷ് പറയുന്ന സാറിനെ പോലീസുകാരൻ ഭാവവ്യത്യാസമില്ലാതെ നോക്കിയിരുന്നു,എന്നിട്ട് കഥാനന്തരം ചോദിച്ചു
“ലേഷ്?മൂഫി മുഷ്കിൽ?”
സാറിൻ്റെ മനസ്സിടിഞ്ഞു.പോലീസുകാരന് ഇംഗ്ലീഷറിയില്ല.പിള്ള സാറിന് അറബിക്കും വശമില്ല.ഹിന്ദി പിള്ളസാറിന് തോഡാ,തോഡാ;അയാൾക്ക് നഹി നഹി.തുടർന്ന് സാർ ആഗോള ഭാഷയായ ആംഗ്യഭാഷയിലേക്ക് കടന്നു.ഹിന്ദിയുടെ അകമ്പടിയോടെ തൻ്റെ കാറിനു മുന്നിൽ പക്ഷി ചത്തു കിടന്നത് പിള്ളസാർ കഥകളി മുദ്രകളാൽ അവതരിപ്പിച്ചു.രണ്ട് കൈയും കഴുത്തിൽ ഞെക്കിപ്പിടിച്ച് കണ്ണു തുറുപ്പിച്ച് മരണം അവതരിപ്പിച്ചത് പോലീസുകാരന് ശരിക്കും മനസ്സിലായി.
“മൗത്?”
പിള്ള സാർ ആശ്വാസത്തോടെ പുഞ്ചിരിച്ചു”യെസ്,മൗത്…ബേർഡ് മൗത്.”
ആരെയോ കഴുത്തിന് ഞെക്കിയോ കാറിടിപ്പിച്ചോ കൊന്ന ശേഷം കീഴടങ്ങാൻ വന്നിരിക്കുകയാണ് കശ്മലൻ.പോലീസുകാരൻ്റെ സ്വരവും ഭാവവും മാറി.
“മുൽക്കിയ,ലൈസൻസ്,ലേബർകാർഡ്”
പോലീസുകാരൻ ആജ്ഞാപിച്ചു.സാർ സംഗതികൾ പ്രസൻറ് ചെയ്തു.
“പഴ്സ്,മൊബൈൽ,കാർ കീ”
സാറിന് എന്തോ ഒരു പന്തികേട് അനുഭവപ്പെട്ടു.ഇതിനോടകം തന്നെ പിള്ളസാറിന് ചുറ്റും നാലഞ്ച് പോലീസുകാർ നിരന്നു കഴിഞ്ഞിരുന്നു.എല്ലാവരും ബെൽറ്റിൽ ഘടിപ്പിച്ച തോക്കിൽ കൈവച്ചിരുന്നു.
പിള്ളസാറിനോട് സംസാരിച്ചു കൊണ്ടിരുന്ന പോലീസുകാരൻ ആരേയോ ഫോണിൽ വിളിച്ച് എന്തൊക്കെയോ ശ്വാസം വിടാതെ പറഞ്ഞു തുടങ്ങി.ഇടക്ക് റിസീവർ മാറ്റിപ്പിടിച്ച് പിള്ളസാറിനോടു ചോദിച്ചു
“വെൻ?”
“ടുഡേ ആഫ്റ്റർ നൂൺ, ഓഫീസ് പാർക്കിംഗ്”
പിള്ള സാർ അറബിയിലേയും ഇംഗ്ലീഷിലേയും വെന്നിന് ഉത്തരം പറഞ്ഞു.
യാതൊരു പശ്ചാത്താപവുമില്ലാതെ മുന്നിൽ നിൽക്കുന്ന കോൾഡ് ബ്ലഡഡ്‌ കൊലയാളിയെ അമ്പരപ്പോടെ നോക്കി പോലീസുകാരൻ മുറിയുടെ ഒരു മൂല ചൂണ്ടിക്കാണിച്ചു.

എവിടേയോ എന്തോ ഒരു തകരാറുണ്ടല്ലോയെന്ന് മനസ്സിൽ പറഞ്ഞ് പിള്ളസാർ പോലീസുകാരൻ ചൂണ്ടിക്കാണിച്ച ഇടത്തു പോയി നിന്നു.ഒരു പ്രാവിൻ്റെ മരണം ഇന്നാട്ടിൽ ഒരു ക്രിമിനൽ കുറ്റമാണോ എന്നും അദ്ദേഹം സംശയിച്ചു.അങ്ങനെ മുറിയുടെ മൂലയ്ക്കൽ നിന്ന് വിയർക്കുമ്പോഴാണ് ചുമരിൽ എന്തൊക്കെയോ എഴുതിയും വരച്ചും വച്ചിരിക്കുന്ന ഒരു വൈറ്റ് ബോർഡ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്.സാറിൻ്റെ ഉള്ളിൽ പ്രകാശം പരന്നു.സമയം പാഴാക്കാതെ അദ്ദേഹം ബോർഡിൽ ഒഴിവുള്ള ഭാഗത്ത് ചത്തു കിടക്കുന്ന ഒരു പക്ഷിയുടെ ചിത്രം വരച്ച ശേഷം കൈകൾ മേലോട്ടും താഴോട്ടും അതിദ്രുതം ചലിപ്പിച്ച് പക്ഷി പറക്കുന്ന രീതി അനുകരിച്ച് പോലീസുകാരുടെ ശ്രദ്ധ അങ്ങോട്ടു ക്ഷണിച്ചു.പക്ഷേ അനിയന്ത്രിതമായ കൈവിറയലും ചിത്രരചനയിലെ പാടവമില്ലായ്മയും നിമിത്തം ഒരു സർക്യൂട്ട് ഡയഗ്രം പോലെയായിരുന്നു ചിത്രം ബോർഡിൽ പ്രത്യക്ഷപ്പെട്ടത്.ഇനി വല്ലയിടത്തും ബോംബ് വച്ച കഥയാണോ ഈ മലബാറി ഇംഗ്ലീഷിൽ പറയുന്നതെന്ന് ചുറ്റും നിന്നിരുന്ന പോലീസുകാർ തലപുകഞ്ഞാലോചിക്കേ സാർ മെല്ലെ സ്റ്റേഷനു പുറത്തേക്ക് വഴുതിയിറങ്ങി.ഇടുപ്പിൽ പിടിപ്പിച്ചിരിക്കുന്ന ഗണ്ണിൽ കൈവച്ച് രണ്ട് പോലീസുകാരും സാറിൻ്റെ പുറകേയിറങ്ങി.

റോഡിലിറങ്ങിയ സാർ അതു വഴി നടന്നു പോവുകയായിരുന്ന ഒരു പാകിസ്ഥാനിയുടെ കൈയിൽ കടന്ന് പിടിച്ച് തൻ്റെ കദന കഥ തോഡാ തോഡാ മാലൂമുള്ള ഹിന്ദിയിൽ വിവരിച്ചു.പാകിസ്ഥാനി തല കുലുക്കിയും വേണ്ട ഭാവരസങ്ങൾ വേണ്ടിടത്ത് പ്രകാശിപ്പിച്ചും സഹതാപത്തോടെ എല്ലാം കേട്ടു.നീ പോലീസ് സ്റ്റേഷനിൽ വന്ന് കാര്യങ്ങളെല്ലാം അറബിക്കിൽ ഒന്ന് വിശദമായി പറഞ്ഞ് മനസ്സിലാക്ക് എന്ന പിള്ളസാറിൻ്റെ അപേക്ഷ കേട്ടപാതി കേൾക്കാത്ത പാതി അയാൾ സാറിൻ്റെ കൈ വിടുവിച്ച് ഒളിംപിക്സിൽ നൂറു മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന മട്ടിൽ ഓടി.വികടം പിടിച്ച കൈ രേഖകളല്ലാതെ മറ്റൊരു രേഖയും സ്വന്തമായില്ലാതിരുന്ന ഒരു ഹതഭാഗ്യനായിരുന്നു ആ പാവം.

പാകിസ്ഥാനി ഓടിപ്പോയതോടെ വെട്ടിലായ സാർ പോലീസുകാർ ഏത് നിമിഷവും തന്നെ വലിച്ചിഴച്ച് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയേക്കുമെന്ന് ഭയപ്പെട്ടു.പോലീസ് സ്റ്റേഷനു മുന്നിൽ കഫറ്റീരിയ നടത്തിയിരുന്ന ഒരു മലയാളി ഈ രംഗങ്ങളെല്ലാം സാകൂതം വീക്ഷിക്കുന്നത് അപ്പോഴാണ് സാറിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.ഒറ്റക്കുതിപ്പിന് റോഡ് മുറിച്ചു കടന്ന് സാർ ദൈവദൂതനെപ്പോലെ തോന്നിച്ച ആ മലയാളിയുടെ കൈ പിടിച്ചു.പിള്ളസാർ റോഡു കുറുകേ കടന്നപ്പോൾ സ്റ്റേഷനിൽ നിന്ന് ഒരു പോലീസുവണ്ടി നിരത്തിലേക്കിറങ്ങുകയും ഒന്നു രണ്ട് സൈറൺ മുഴക്കുകയും ചെയ്തു.അങ്കലാപ്പിലായ പിള്ളസാർ തിരിഞ്ഞു നോക്കാൻ മിനക്കെടാതെ തൻ്റെ രക്ഷകൻ്റെ കരങ്ങൾ മുറുകെ പിടിച്ചു.കടയിൽ തിരക്കുള്ള സമയമാണ് എന്നൊക്കെ ഒഴികഴിവുകൾ പറഞ്ഞെങ്കിലും സാറിൻ്റെ ദയനീയാവസ്ഥ കഫറ്റീരിയ മുതലാളിയുടെ കരളലിയിച്ചു.സാറിനോടൊപ്പം സ്റ്റേഷനിൽ ചെന്ന് ചത്തത് ഒരു പക്ഷിയാണെന്നും പക്ഷിപ്പനി ബോധവൽക്കരണത്താൽ ഉത്തേജിതനായ പിള്ള സാർ ആ മരണമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും നല്ലവനായ ആ മലയാളി പോലീസുകാരെ അറിയിച്ചു.

റൂവി പോലീസ് സ്റ്റേഷനിൽ അപ്പോൾ ഹാജരുണ്ടായിരുന്ന സകല പോലീസുകാരും അത്ഭുതത്തോടെ ഏകസ്വരത്തിൽ സാറിനോട് ചോദിച്ചു”തായ്ർ?”
“യെസ്,ബേർഡ്,പീജിയൺ…”
സാറ് ആശ്വാസത്തോടെ പറഞ്ഞു.പ്രാവിൻ്റെ മരണം റിപ്പോർട്ട് ചെയ്യാൻ സാർ തിരഞ്ഞെടുത്ത പോലീസുകാരൻ ഒരു നിമിഷം സ്തബ്ധനായിരുന്ന ശേഷം പുറത്തേക്കു വിരൽ ചൂണ്ടി സ്റ്റേഷൻ ആകമാനം കുലുങ്ങുന്ന ഒച്ചയിൽ അലറി “റോ”

തൻ്റെ സ്ഥാവരജംഗമങ്ങൾ പെറുക്കിയെടുത്ത് പിള്ളസാർ നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി.വാതിൽ കടക്കവേ സ്റ്റേഷനകത്ത് നിന്ന് ഒരു കൂട്ടച്ചിരി സാർ കേട്ടു.

ഇതിനോടകം സമയം സായാഹ്നത്തോടടുത്തിരുന്നു.സാറ് വരാൻ വൈകുകയും ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തതിനാൽ വിഷമത്തിലായ സാറിൻ്റെ സഹധർമ്മിണി സതീഷിനെയും ഓഫീസിലെ മറ്റു സഹപ്രവർത്തകരേയും വിളിച്ച് കാര്യം തിരക്കിയിരുന്നു.സാറിനെ കാണാനില്ലെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു.കേട്ടവർ കേട്ടവർ സാറിൻ്റെ ഫോണിലേക്ക് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഒന്നു രണ്ടു മണിക്കൂർ സാറിൻ്റെ ഫോണിലേക്ക് നിർത്താതെ വിളിച്ചും ഇടക്കിടക്കുളള സാറിൻ്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ അഭിമുഖീകരിച്ചും നട്ടം തിരിഞ്ഞുപോയ
സതീഷ് പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പറയാൻ നിശ്ചയിച്ചു.പരാതിയുമായി സതീഷ് പോലീസ് സ്റ്റേഷൻ്റെ വാതിൽക്കലെത്തിയതും സ്റ്റേഷനകത്ത് നിന്ന് പിള്ളസാർ പുറത്തു വന്നതും ഒരുമിച്ചായിരുന്നു.മുഖമാകെ ചുവന്ന് വീർത്ത പിള്ള സാറിനെ കണ്ടപ്പോഴേ സംഗതി എന്തോ ഗുലുമാലാണെന്ന് സതീഷ് ഉറപ്പിച്ചു.

“എന്തു പറ്റി സാറേ”എന്ന ശിഷ്യൻ്റെ ചോദ്യം തൃണവൽഗണിച്ച് സാറ് കാറിനു നേരേ നടന്നു.വണ്ടി സ്റ്റാർട്ടാക്കിയ ശേഷം സതീഷിനെ നോക്കി സാറ് പൊട്ടിത്തെറിച്ചു”ഇനി മേലാൽ ഒരുത്തനും സമൂഹ നൻമ എന്നും പറഞ്ഞ് ഒന്നിനും പുറപ്പെടരുത്. നല്ലതു ചെയ്യാൻ വിചാരിക്കുന്നവർക്ക് എന്നും ദുരിതം മാത്രമേ ഉണ്ടാവുകയുള്ളൂ.ഇന്നു തൊട്ട് ആകാശം ഇടിഞ്ഞ് വീണാലും ഞാൻ കണ്ടില്ല എന്ന് വയ്ക്കുകയേ ഉള്ളൂ.മതിയായെടോ.”കാര്യം പിടികിട്ടാതെ കുഴങ്ങി നിന്ന സതീഷിനെ നോക്കി സാറ് തുടർന്നു”ഇനി വീട്ടിൽ ചെന്നാൽ അവളുടെ വക വേറെ ഉണ്ടാവും.നേരത്തിന് ഊണു കഴിക്കാൻ ചെല്ലാത്തതിനും നേരം വൈകുമെങ്കിൽ അത് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം കാണിക്കാത്തതിനും.”

ഒരു പാട് നേരം വൈകി വീട്ടിലെത്തിയ സാറിനോട് സഹധർമ്മിണി കാര്യം തിരക്കി.
തീർത്തും ദാർശനികമായിരുന്നു സാറിൻ്റെ മറുപടി.
“ആപദി കിം കരണീയം?
അടുത്ത ഫ്ലെറ്റ് പിടിച്ച് നാട്ടിൽ പോവുക,അതു തന്നെ കരണീയം.”

Leave a comment