കേരള ബജറ്റ് 2018- ഒരു താത്ത്വികാവലോകനം.

എഴുത്തുകാരികളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ബജറ്റ്.ധനമന്ത്രി ശ്രീ തോമസ് ഐസക് തൻ്റെ സാമ്പത്തിക രൂപരേഖകൾക്ക് ചിറക് നൽകിയിരിക്കുന്നത് സാഹിത്യകാരികളുടെ വരികൾ കടമെടുത്താണ്. കൊച്ചു കവയത്രി സ്നേഹയുടെ അടുക്കള എന്ന കവിതയെപ്പറ്റി അദ്ദേഹം തൻ്റെ FB പോസ്ററിൽ പ്രത്യേകം പറയുന്നുമുണ്ട്.വളരെ ശക്തമായ വരികളാണ് സ്നേഹയുടേത്.

ഒന്നു രണ്ടു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം.സായാഹ്നങ്ങൾ പാഴാക്കാനുള്ളതല്ല എന്നും പുസ്തകം തുറന്ന് വല്ലതും നാലക്ഷരം പഠിക്ക് എന്നും സ്കൂൾ വിദ്യാർത്ഥിയായ മകനെ ഞാൻ ഉപദേശിച്ചു.”അമ്മാ…എനിക്ക് വിശക്കുന്നു.കട് ലറ്റ് ഉണ്ടാക്കിത്തരൂ” എന്നായി അവൻ.പഠിക്കാൻ തുടങ്ങിയാലുടനെ വിശപ്പും ഉറക്കവും അവനെ സംഘം ചേർന്ന് ആക്രമിക്കുക പതിവാണ്.കട് ലറ്റ് പണി അത്ര എളുപ്പപ്പണി അല്ല(പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല എന്ന ലെവലിൽ)എന്ന് അറിയാവുന്ന ഞാൻ അടുക്കളയിലെ അമ്മ മെഷീനെ കുറിച്ചുളള ഈ കവിത അവന് ചൊല്ലിക്കൊടുത്തു.കവിളത്ത് കയ്യും വച്ച് കണ്ണും മിഴിച്ചിരുന്ന് അത് കേട്ട ശേഷം കാര്യമാത്രപ്രസക്തനും സാഹിത്യത്തിൽ യാതൊരു പിടിപാടില്ലാത്തവനുമായ അവൻ പറഞ്ഞത് “അമ്മാ….കട് ലറ്റ് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് വെറുതേ പറഞ്ഞാൽ മതി;ഞാൻ മനസ്സിലാക്കിക്കോളും.അതിന് കവിതയൊന്നും വേണ്ട പ്ലീസ്”എന്നാണ്.അമ്മയെക്കൊണ്ട് ആവില്ല എങ്കിൽ നമുക്ക് പുറത്തു നിന്ന് വാങ്ങിക്കാം എന്നൊരു പ്രായോഗിക പോംവഴിയും അവൻ പറഞ്ഞ് തന്നു.

കാര്യങ്ങൾ അത്ര എളുപ്പമല്ലാത്ത ഒരു സാമ്പത്തികാന്തരീക്ഷത്തിൽ ബജറ്റ് തയ്യാറാക്കാൻ സാറനുഭവിച്ചിരിക്കാവുന്ന വേദനകളുടെ കാണാപ്പുറങ്ങൾ ഈ വരികളിലൂടെ ജനങ്ങളിലേക്കെത്തുമാറാകട്ടെ.അച്ചുവിനെപ്പോലെ അന്തം വിട്ടിരുന്ന് ബജറ്റ് കേട്ട കേരള ജനത മനസ്സിലെങ്കിലും ഇങ്ങനെ പറയുമാറാകട്ടെ”സാറേ…. ഇത്തവണത്തെ ബജറ്റ് കുറച്ചു ബുദ്ധിമുട്ടാണ് എന്നു വെറുതേ പറഞ്ഞാ മതി;ഞങ്ങൾ മനസ്സിലാക്കിക്കോളും.അതിന് കവിത ചൊല്ലണ്ട.നമുക്ക് പുറത്തു നിന്ന് വല്ലതും താത്ക്കാലികമായി തരപ്പെടുത്താനാവുമോ എന്നു നോക്കാം.”എന്ന്.

Leave a comment