കറുത്ത സ്റ്റിക്കറുകളാണ് ഇപ്പോഴത്തെ വാർത്താ താരം.നാട്ടിലെങ്ങും വീടുകളിൽ ദുരൂഹതയുളള കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നു.അങ്കലാപ്പിലായ ജനങ്ങൾ പലരേയും സംശയിച്ചു.തിരുട്ടു ഗ്രാമക്കാർ തൊട്ട് നാടോടികൾ വരെ പ്രതിപ്പട്ടികയിലായി.പാവം കുറേ തമിഴൻമാരും ബംഗാളികളും -രാജസ്ഥാനിൽ നിന്ന് വന്ന ബംഗാളികൾ വരെ- നാട്ടുകാരുടെ അടി മേടിച്ചു കൂട്ടി.
നവമാധ്യമപ്പോരാളികൾ കുട്ടികളെ പിടുത്തക്കാരുടേയും കണ്ടാലുടനെ തല്ലിക്കൊല്ലേണ്ടവരുടേയും ചിത്രങ്ങൾ തുരുതുരാ പോസ്റ്റ് ചെയ്തു.രാജസ്ഥാനിൽ പിതാവ് ക്രൂരശിക്ഷക്കു വിധേയനാക്കിയ കുരുന്നു ബാലൻ കരയുന്നതു മലയാളത്തിലാണെന്നും ഭിക്ഷാടനമാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞാണതെന്നും വരെയുള്ള സന്ദേശങ്ങൾ പ്രചരിച്ചു.കരക്കമ്പികൾ തലങ്ങും വിലങ്ങും പറന്നു.
എന്നിട്ടിപ്പോൾ പോലീസ് പറയുന്നത് സിസിടിവി നിരീക്ഷണ ക്യാമറകൾ വിൽക്കുന്നവരുടെ വിപണനതന്ത്രമാണ് ഈ അജ്ഞാത സ്റ്റിക്കറുകൾ എന്നാണ്.ഓൺലൈൻ ഗെയ്മേഴ്സിനേയും സംശയിക്കുന്നുണ്ടത്രേ.(മാതൃഭൂമിന്യൂസ്, ഫെബ്രുവരി1,2018)
എന്താ കഥ ല്ലേ???!!!ഇതിൻ്റെ പേരിൽ തല്ല് നിർല്ലോഭം വാങ്ങിക്കൂട്ടിയ എല്ലാ അപ്പാവികളോടും ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു….
രാവിരുട്ടി വെളുത്തപ്പോഴേക്കും ഒരു വീട്ടിൽ ഏഴോളം സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്രേ.CCTV ക്യാമറക്കാരാണ് യഥാർത്ഥത്തിൽ ഇതിനു പുറകിൽ പ്രവർത്തിച്ചിരിക്കുന്നതെങ്കിൽ ആ ക്യാമറാ മുതലാളിയോടു വിനീതമായ ഒരു ഒരു അഭ്യർത്ഥന;അത്രയധികം സ്റ്റിക്കറുകൾ ഒരുമിച്ച് ഒരു വീട്ടിൽത്തന്നെ ഒട്ടിച്ചുവയ്ക്കാനുള്ള ആർജ്ജവം കാണിച്ച മിടുക്കനായ ക്യാമറ തൊഴിലാളിയെ ജോലിയോടുള്ള തൻ്റെ കൂറും ആവേശവും പരിഗണിച്ച് പൊന്നാടയണിച്ച് ആദരിക്കണം.ഒരു വീരശൃംഖലയും ആവാം.

Pingback: വിപണന തന്ത്രങ്ങൾ — കടവാതിലിൻ്റെ ജീവിത ദർശനം – ente keralam