ആപാദചൂഢം കുളിർക്കെ എണ്ണ തേച്ച് ഒരു കൈയിൽ തോർത്തും മറുകൈയിൽ സോപ്പുപെട്ടിയുമായി അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കുവാനിറങ്ങിയ കൃഷ്ണൻ കർത്താവ് പടിപ്പുറത്ത് ഒരു മാത്ര ശങ്കിച്ചു നിന്നു.പിന്നെ ഇടത്തോട്ട് ധൃതിയിൽ നടന്നു.അമ്പലക്കുളം വലത്തോറത്തല്ലേ കൃഷ്ണാ എന്ന് എന്നത്തേയും പോലെ അന്നും കർത്താവിൻ്റെ അമ്മ ഓർമ്മിപ്പിച്ചു.ആധാരം കർത്താവ്,ബ്രോക്കർ കർത്താവ്, വെപ്രാളം കർത്താവ് എന്നിങ്ങനെ നിരവധി പേരുകളിൽ നാട്ടിൽ അറിയപ്പെടുന്ന കർത്താവിൻ്റെ യഥാർത്ഥ നാമധേയം കൃഷ്ണൻ കർത്താവാണെന്നത് നാട്ടുകാർ മറക്കാതിരിക്കുന്നത് നിത്യേന അമ്മ ഈ ചോദ്യം ചോദിക്കുന്നത് കൊണ്ടാണെന്ന് മനസ്സിൽ ചിരിച്ചു കൊണ്ട് കർത്താവ് ഇടതു തിരിഞ്ഞ് ആഞ്ഞു പിടിച്ചു.
വീട്ടിൽ നിന്നിറങ്ങി നേരെ അമ്പലക്കുളത്തിലേക്ക് പോവുന്നത് അദ്ദേഹത്തിൻ്റെ രീതിയല്ല.വിപരീത ദിശയിലേക്കു നടന്ന് അമ്പലപ്പറമ്പിലുള്ള അനിയൻ മേനോൻ മാഷുടെ വീട്ടിൽ ഹാജർ രേഖപ്പെടുത്തി കുറച്ച് നാട്ടുകാര്യവും പരദൂഷണവുമൊക്കെ പറഞ്ഞ് രണ്ട് പ്രാവശ്യത്തെ മുറുക്കാനും ഒരു ചായയും ചുളുവിൽ ഒപ്പിച്ച ശേഷമേ കർത്താവ് അമ്പലക്കുളത്തിലേക്ക് കുളിക്കാൻ പോവാറുള്ളൂ. അത്ര നേരം കഴിഞ്ഞാലേ തലയിൽ തേച്ചു പിടിപ്പിച്ച എണ്ണയൊക്കെ ശരിക്ക് പിടിക്കൂ. പിശുക്കത്തരത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള കർത്താവ് ഇടംവലം നോക്കാതെ ചിലവ് ചെയ്യുന്നത് തലയിൽ തേയ്ക്കുന്ന എണ്ണയുടെ കാര്യത്തിൽ മാത്രമാണ്. പലവിധ ആയുർവേദ,സിദ്ധ,ഒറ്റമൂലി എണ്ണകളും മാറി മാറി തേച്ചിട്ടും കർത്താവിൻ്റെ തല അങ്ങിങ്ങ് ചില കുറ്റിച്ചെടികൾ മുളച്ചു നിൽക്കുന്ന കുന്നിൻചരുവിലെ പാഴ്പ്പറമ്പിനു സമമായിരുന്നു.എണ്ണിയെടുക്കാൻ മാത്രം പോന്ന മുടിയിഴകൾ അവിടവിടെ എഴുന്നു നിൽക്കുന്ന തൻ്റെ തലയാണ് കർത്താവിൻ്റെ ഏക ദുഃഖം.മുടി വെട്ടിക്കാൻ ചെന്നാൽ ബാർബർ വേലപ്പൻ്റെ വളിച്ച തമാശകൾ എമ്പടി കേൾക്കണം.അതു കേട്ട് ആർത്ത് ചിരിക്കാൻ കുറേ ഏപ്പരാശികളും. ജീവിതത്തിൽ ഈ ഒരു ദുഃഖം മാത്രമേ ദൈവം കർത്താവിന് കൊടുത്തിട്ടുള്ളൂ.
രണ്ടാം വട്ടം മുറുക്കാൻ വായിലിട്ട് മാഷുടെ വീട്ടിൽ നിന്നിറങ്ങി കുളത്തിൽ മുങ്ങി നിവർന്ന് ഈറനോടെ ദേവിയെ തൊഴുത് വീട്ടിലെത്തുമ്പോഴേക്കും മക്കൾ രണ്ടാളും സ്കൂളിലേക്ക് പോയിക്കഴിഞ്ഞിരിക്കും;വീട് ശാന്തത കൈവരിച്ചിരിക്കും.ഭാര്യ വിളമ്പി വച്ചിരിക്കുന്ന ഒരു കിണ്ണം പൊടിയരിക്കഞ്ഞി നെയ്യൊഴിച്ച് ചമ്മന്തി ആധാരമാക്കി കോരിക്കുടിച്ച് കോടിക്കളർ ഷർട്ടും കോടി മുക്കിയ ഡബിൾ മുണ്ടും ഉടുത്ത് പോക്കറ്റിൽ നാലു പേനകൾ നിരനിരാ കുത്തി നിർത്തി അങ്ങാടിയിലെ തൻ്റെ ആധാരമെഴുത്താപ്പീസിലേക്ക് പുറപ്പെടും.നരച്ച കാലൻ കുടയും കറുത്ത ബാഗും ഭാര്യ ഉമ്മറത്തിണ്ണയിൽ എടുത്ത് വച്ചിരിക്കും.
ആധാരമെഴുത്തു കലയിലെ അഗ്രഗണ്യനാണെങ്കിലും വെപ്രാളം കർത്താവ് എന്നൊരു ദുഷ്പേര് നാട്ടിൽ പരക്കെയുള്ളതിനാൽ പലരും കർത്താവിനെ കൊണ്ട് ആധാരമെഴുതിപ്പിക്കാൻ മടിച്ചിരുന്നു.എന്നു കരുതി തൻ്റെ ആധാരമെഴുത്താപ്പീസിൽ വെറുതേ ഈച്ചയാട്ടി ഇരിക്കുന്നയാളല്ല ടിയാൻ.അവിടുത്തെ തൂപ്പുകാരൻ തൊട്ട് മേലാവ് വരെ താൻ തന്നെയായതിനാൽ ധാരാളം നിത്യത്തൊഴിലുകൾ അദ്ദേഹത്തിന് ചെയ്തു തീർക്കാനുണ്ടാവും. മറ്റൊരാൾക്ക് ശമ്പളം കൊടുത്ത് പാഴ്ചെലവ് ഉണ്ടാക്കി വയ്ക്കാൻ അദ്ദേഹത്തിന് തീരെ താൽപര്യം ഉണ്ടായിരുന്നില്ല.
ആധാരമെഴുതിയും നാട്ടിലെ കല്യാണങ്ങൾക്കും സ്ഥലക്കച്ചവടങ്ങൾക്കും മദ്ധ്യസ്ഥം നിന്നും സമ്പാദിക്കുന്ന വക തരക്കേടില്ലാത്ത പിശുക്ക് പ്രദർശിപ്പിച്ച് ഒട്ടും ചോർന്നു പോവാതെ കാത്തു സൂക്ഷിക്കാൻ കർത്താവ് ശ്രദ്ധിച്ചിരുന്നു.കച്ചവടങ്ങൾക്കും കല്യാണങ്ങൾക്കും ഇടനില നിൽക്കുന്ന വകയിൽ കമ്മീഷൻ കൂടാതെ പലപ്പോഴും പലരിൽ നിന്നും ലോഭമില്ലാതെ കിട്ടുന്ന വാണീവിലാസങ്ങളും അതും തൻ്റെ തൊഴിലിൻ്റെ ഭാഗമെന്നെണ്ണി ചിരിച്ചു കൊണ്ട് അദ്ദേഹം സ്വീകരിച്ചിരുന്നു.
കുന്നമ്പിള്ളിക്കാരുടെ പരന്ന് കിടക്കുന്ന പാടശേഖരങ്ങൾക്കപ്പുറം ചെറിയ ഒരു ചതുരക്കളം പോലെ കിടന്നിരുന്ന ലോനാമാപ്ലയുടെ പാടത്തേക്ക് ഇപ്പുറത്ത് നിന്ന് ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ആ കാണാവുന്നതൊക്കെ ലോന മാപ്ലയുടേതാണ് എന്ന് പറഞ്ഞ് പ്രാരബ്ധക്കാരനായ ലോനയുടെ മൂന്നാമത്തെ മകളുടെ കെട്ടു നടത്തിക്കാൻ മുൻകൈ എടുത്ത ചരിത്രവും കർത്താവിനുണ്ട്.ഒരു സാമൂഹ്യ സേവനം എന്ന നിലയിലാണ് അദ്ദേഹം ആ സംഭവത്തെ നോക്കി കാണുന്നത്.
ആധാരമെഴുത്താപ്പീസിൽ വലിയ തിരക്കില്ലെങ്കിലും അങ്ങാടിയിലെ സകല ന്യൂസുകളും ചൂടോടെ കർത്താവിന് കിട്ടും.അത് അനിയൻ മേനോൻ മാഷുമായി പങ്കു വയ്ക്കാനും അതിനു പകരമായി കാലത്തെ ചായയും മുറുക്കാനും അവിടുന്നു തരപ്പെടുത്തുവാനുമാണ് എന്നും കാലത്ത് ഇടത്തോട്ടുള്ള പ്രയാണം.ചൂടുള്ള വാർത്തകൾക്ക് അങ്ങാടിയിൽ ചിലപ്പോൾ ക്ഷാമം നേരിടാറുണ്ട്.അത്തരം സന്ദർഭങ്ങളിൽ ചില വാർത്തകൾ കർത്താവിന് സ്വന്തം നിലയിൽ പുറത്തിറക്കേണ്ടി വരും.പക്ഷേ ചൂടു ചായക്ക് പകരം ചൂടു വാർത്ത എന്ന സാമാന്യ തത്ത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളായതിനാൽ അദ്ദേഹത്തിന് അതിൽ ചാഞ്ചല്യം തോന്നാറില്ല.
സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം അനിയൻ മേനോൻ മാഷക്ക് പുതിയ ഒരു കമ്പം കേറിയിരിക്കുകയാണ്;മോട്ടോർ റിപ്പയറിംഗ്.നാട്ടിലെ എല്ലാ കേടായ മോട്ടോറുകളും പുള്ളി സ്വന്തം വീട്ടിൽ കൊണ്ടു വച്ചിരിക്കുകയാണ്,സ്വന്തം ചിലവിൽ നേരെയാക്കി കൊടുക്കാൻ.മോട്ടോർ റിപ്പയറിങ്ങിൻ്റെ ഗുട്ടൻസ് കിടക്കുന്നത് മോട്ടോർ വൈൻഡിംഗിലാണ്.ചെമ്പുകമ്പികൾ പ്രത്യേക എണ്ണത്തിൽ ചുറ്റണം.അതീവ നിഗൂഢമായ ഒരു ആഭിചാര കർമ്മം ചെയ്യുന്ന സൂക്ഷ്മതയിലാണ് പൂമുഖത്തിണ്ണയിലിരുന്ന് അനിയൻ മേനോൻ മോട്ടോർ വൈൻഡിംഗ് ചെയ്യാറ്.ആ സമയത്ത് മേനോനെ അറിയാവുന്ന ആരും ഉച്ചത്തിൽ ചുമയ്ക്കാറും കൂടിയില്ല.മുന്നിലിരിക്കുന്ന മോട്ടോറെടുത്ത് മണ്ടക്ക് എറിഞ്ഞേക്കുമോ എന്ന ഭയമാണ് അതിനാധാരം.
നിറഞ്ഞ പുഞ്ചിരിയോടെ ഉദയസൂര്യസമാനനായി കർത്താവ് അനിയൻ മേനോൻ മാഷുടെ പടിയ്ക്കൽ ഉദിച്ചു. മാഷ് പതിവു പോലെ തുരുമ്പെടുത്ത ഏതോ മോട്ടറിനു മുന്നിൽ ധ്യാനത്തിലിരിക്കുകയായിരുന്നു. കുറച്ച് മാറി മതിലും ചാരി മാഷുടെ അയൽക്കാരനായ രൂപ ബാലൻനായർ പത്രം വായിച്ചു കൊണ്ട് നിൽപ്പുണ്ട്. ബാലൻനായരെ കണ്ടപ്പോൾ കർത്താവിൻ്റെ ചിരിയുടെ മാറ്റൊന്നു കുറഞ്ഞു.സ്ഥലത്തെ ഒന്നാം നമ്പർ വസ്തു/ കല്യാണ ബ്രോക്കറാണ് ബാലൻ നായർ.ഒരു ഭിക്ഷു മറ്റൊരു ഭിക്ഷുവിനെ കണ്ടാൽ സ്വീകരിക്കേണ്ട അതേ നടപടിക്രമം തന്നെയാണ് ഒരു ബ്രോക്കർ മറ്റൊരു ബ്രോക്കറെ കണ്ടാലും കൈക്കൊള്ളേണ്ടത് എന്നതിൽ കർത്താവിന് സംശയമൊന്നും ഇല്ലെങ്കിലും ബാലൻ നായരോട് ലോഹ്യം നടിയ്ക്കാൻ ഒട്ടും അമാന്തം കാണിച്ചില്ല.
നാട്ടിൽ എവിടെയെങ്കിലും വസ്തുക്കച്ചവടത്തിനോ കല്യാണത്തിനോ ഉള്ള വിദൂര സാദ്ധ്യതയെങ്കിലും പൊട്ടി മുളച്ചാലുടനെ ഏതോ ഒരു അദൃശ്യമാപിനിയിലൂടെ രൂപ ബാലൻനായർ ആ വിവരം പിടിച്ചെടുക്കും:ഭൂമികുലുക്കം വരാൻ പോവുന്ന വിവരം ആദ്യം തിരിച്ചറിയുന്ന തിത്തിരിപ്പക്ഷികളെപ്പോലെ.രൂപ ബാലൻനായർ എന്ന പേരിന് അദ്ദേഹത്തിൻ്റെ അധീനതയിലുള്ള പൈസയുമായി യാതൊരു സംബന്ധവുമുണ്ടായിരുന്നില്ല.മുഴുവൻ സമയ ബ്രോക്കർ ആവുന്നതിന് മുൻപേ അദ്ദേഹം അങ്ങാടിയിൽ നടത്തി വന്നിരുന്ന തുണിക്കടയാണ് രൂപ ടെക്സ്റ്റൈയിൽസ്.
ബാലൻ നായരുമായി ചെറിയ ഒരു കുശലപ്രശ്നത്തിനു ശേഷം തപസ്സനുഷ്ഠിക്കുന്ന ദുർവ്വാസാവിൻ്റെ ചേലിലിരിക്കുന്ന മാഷുടെ ധ്യാനം തടസ്സപ്പെടുത്താതെ കർത്താവ് പൂമുഖത്തേക്ക് കയറി.ഒരു മൂളലോടെ മാഷ് കർത്താവിൻ്റെ ആഗമനം വരവ് വച്ചു. ഉമ്മറത്ത് അധികം ചുറ്റിക്കളിക്കാതെ കർത്താവ് ശടേന്ന് അടുക്കളത്തളത്തിലേക്ക് നടന്നു.അവിടെ ദേവകിയമ്മ ഇരിക്കുന്നുണ്ട്.ദേവകിയമ്മയുടെ മകൾ സുഭദ്രാമ്മ അടുക്കളയിൽ പണിത്തിരക്കിലാണ്.സുഭദ്രാമ്മയുടെ ഭർത്താവാണ് അനിയൻ മേനോൻ മാഷ്.
‘സുഖല്ലേ ദേവക്യേമ്മേ ”
“അലോഗ്യൊന്നൂല്യാ കർത്താവേ ”
“ഇന്നലെ കേക്കണോ ൻ്റെ ദേവക്യമ്മേ, വെട്ടോഴീല് ന്താ ഇണ്ടായേന്നറിയ്വോ”
ഈ ചോദ്യത്തോടെ കർത്താവ് ദേവകിയമ്മയുടെ മുന്നിലിരുന്ന താമ്പാളം സ്വന്തം മുന്നിലേക്ക് നീക്കിവച്ചു.
“ഈ കർത്താവിന് വീട്ടീന്ന് മുറുക്കീട്ട് പോന്നാ പോരെ? നിത്യം ഇവ്ട്ന്നന്നെ മുറുക്കണം ന്ന് ണ്ടോ?”
ദേവകിയമ്മ അങ്ങനെയാണ്.അൽപം മുൻശുണ്ഠി കൂടുതലാണ്.പക്ഷേ ചീത്ത പറച്ചിലൊക്കെ വാക്കുകളിലേയുള്ളൂ.മനസ് നിറയെ സ്നേഹമുള്ള ഒരു അമ്മയാണ്. രണ്ട് ദിവസം കർത്താവിനെ കണ്ടില്ലെങ്കിൽ ആളെ വിട്ട് അന്വേഷിപ്പിക്കും.
കർത്താവ് സ്വതസിദ്ധമായ ചിരിയോടെ താമ്പാളം പിടിച്ചു വാങ്ങി
“ൻ്റെ ദേവക്യേമ്മേ, ദ് കേക്കൂ”
അങ്ങാടിയിൽ നടന്ന സ്തോഭജനകമായ സംഭവങ്ങൾ വിവരിക്കാനുള്ള ഇട കിട്ടുന്നതിന് മുന്നേ ബാലൻ നായരുടെ ഭാര്യ സുലോചന രണ്ടാമത്തെ മകനായ സുമേഷിൻ്റെ കൈയും പിടിച്ച് അവിടെയെത്തി.
“ഞാനേയ് ഈ കർത്താവിനെ ഒന്ന് കാണാൻ ഇരിക്ക്യായിരുന്നു.”
“എന്തൂട്ടിനാ സുലോചനാമ്മേ?”
“എന്തൂട്ട് നാ ന്നാ?കർത്താവ് എന്തൂട്ടൊക്ക്യാ ഈ ചെക്കനോട് പറഞ്ഞ് കൊടുത്തിരിക്കണേ?”
സുലോചന സുമേഷിൻ്റെ മണ്ടയിൽ ഞോണ്ടിക്കൊണ്ട് ചോദിച്ചു.
പല തരം വിജ്ഞാനശകലങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീ കൃഷ്ണൻകർത്താവ്. അതിലെ ഏത് അറിവിൻ്റെ ശകലമാണ് സുലോചനാമ്മയെ പ്രകോപിപ്പിച്ചത് എന്നതിലേ കർത്താവിന് സംശയമുണ്ടായിരുന്നുള്ളൂ.
“എന്തൂട്ടാണ്ടായേ സുലോചന?” സുഭദ്രാമ്മ
“ൻ്റെ സൂദ്രേച്ചീ…ഞങ്ങള് കറുത്തേടത്തെയല്ല,വെളുത്തേടത്തെയാണ് ന്ന് ഈ ക്ടാവിനോട് പറഞ്ഞ് കൊടുത്തിരിക്ക്യാണ് ന്നേ.”
“ഞാൻ വെളുത്തേടത്തെയാ” മുൻ വരിയിലെ പല്ല് പോയ വിടവിലൂടെ നാക്ക് പുറത്തേക്കു നീട്ടി സുമേഷ് പ്രഖ്യാപിച്ചു.
“ഒറ്റ വീക്കാ വച്ച് തന്നാണ്ടല്ലോ.ഈ കർത്താവ് കാരണാ ദൊക്കെ.”
വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് കൊണ്ടിരുന്ന കർത്താവ് യാതൊരു വികാര വിക്ഷോഭവുമില്ലാതെ ആ ആരോപണം ചിരിച്ചു കൊണ്ട് സ്വീകരിച്ചു.
കഴിഞ്ഞ നാളുകളിലൊന്നിൽ കറുത്തേടത്തെ സുമേഷ് എന്ന സുലോചനാമ്മയുടെ മകനോട് കർത്താവ് ചോദിച്ചിരുന്നു: “ടാ..: നിങ്ങൾ എല്ലാരും കറുത്തോരായത് കൊണ്ടാ നിങ്ങക്ക് കറുത്തേടത്തെ എന്ന വീട്ടു പേര്? വെളുത്ത ആൾക്കാരാണെങ്കിൽ വെളുത്തേടത്തെ എന്നല്ലേ വീട്ടു പേര് ഇടണ്ടേ?”
അതു കേട്ട് വലിയ വായിൽ കരഞ്ഞ സുമേഷിന് അതിൻ്റെ പ്രതിവിധിയും കർത്താവ് ഉപദേശിച്ചിരുന്നു.
“ടാ… ഇനി ആരെങ്കിലും ചോദിച്ചാൽ നീ വെളുത്തേടത്തെ ആണ് എന്ന് പറഞ്ഞാ മതി ട്ടാ…”
അങ്ങനെ കറുത്തേടത്തെ സുമേഷ് എന്ന കിരിയത്തെ നായരുകുട്ടി വെളുത്തേടനായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.
ദേവകിയമ്മക്ക് ചിരി അടക്കാനായില്ല.
“പോട്ടെ സുലോചനേ… കർത്താവ് തമാശക്ക് പറഞ്ഞതാവും.”
“നല്ല തമാശ.ദേവക്യേച്ചിയേ.. എൻ്റെ ആങ്ങളേടെ കല്യാണാ മൊടങ്ങി അത് കാരണം. അറിയ്വോ?”
“ങ്ങേ?”
”കഴിഞ്ഞാഴ്ച്ച അവന് പെണ്ണുകാണാൻ മുപ്ലിയത്ത് പോയപ്പഴേ ഈ ചെക്കനേം കൊണ്ട് പോയിട്ട്ണ്ടായി.അവടെ ചെന്നപ്പോ ഒരു കാരണോര് ചോയ്ച്ചു കറുത്തേടത്തെ ആണ് ല്ലേ ന്ന്.”
ലഡ്ഡു കുത്തി നിറച്ച കുഞ്ഞുവായിലൂടെ സുമേഷ് ഉറക്കെ പ്രതിഷേധിച്ചത്രേ;ഞങ്ങൾകറുത്തേടത്തെയല്ല,വെളുത്തേടത്തെയാണ് എന്ന്.അതോടെ ആലോചന മുടങ്ങി.
സുലോചനാമ്മയുടെ കഥാകഥനം മുറുക്കാൻ ചവച്ചു കൊണ്ട് അങ്ങുമിങ്ങും മിഴിച്ചു നോക്കി വിവർണ്ണനായിരുന്ന കർത്താവ് ശ്രദ്ധിച്ചില്ല.കാണാതെ പോയ കുഞ്ഞിനെ തേടുന്ന കുറുഞ്ഞിപ്പൂച്ചയെപ്പോലെ അദ്ദേഹത്തിൻ്റെ മിഴികൾ കാതരമായി എന്തോ തേടുകയായിരുന്നു.അന്വേഷിപ്പത് കണ്ടെത്താൻ കഴിയാഞ്ഞതിൻ്റെ നിരാശ കർത്താവിൻ്റെ മുഖത്തെ പുഞ്ചിരി മാച്ചു കളഞ്ഞിരുന്നു.കഴിഞ്ഞ മൂന്നു നാലു ദിവസമായി അത് അവിടെത്തന്നെ ഉണ്ടായിരുന്നു,അടുക്കള വാതിലിൻ്റെ മേൽപ്പടിയിൽ: ഇരുണ്ട ഒരു കുപ്പി,അതിൽ നിറയെ കൊഴുത്ത ഒരു എണ്ണ.സുഭദ്രാമ്മയുടെ ഇടതൂർന്ന മുടിയുടെ പുറംലോകം അറിയാത്ത രഹസ്യം അതായിരിക്കണം,തീർച്ച.
അനിയൻ മേനോൻ മാഷ് അത്യാവശ്യം ജ്യോതിഷവും മന്ത്രവാദവും വൈദ്യവും ഒക്കെ വശമുള്ള ആളാണ്.അത്യപൂർവവും അതീവ രഹസ്യവുമായ ഏതോ വൈദ്യവിധി പ്രകാരം മൂപ്പർ തയ്യാറാക്കുന്ന എണ്ണ തേച്ചിട്ടാവും സുഭദ്രാമ്മക്ക് ഇത്ര പെരുത്ത് മുടി.വയസ്സ് ഇത്രയായെങ്കിലും മാഷ്ക്കും തല നിറയെ മുടിയുണ്ട്.എങ്ങനെയൊക്കെ ചോദിച്ചിട്ടും കയ്യോന്നി ഇട്ട് കാച്ചിയ വെളിച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നതെന്നേ സുഭദ്രാമ്മ പറയുന്നുള്ളൂ. കർത്താവിൻ്റെ നിരന്തരമായ എണ്ണ പ്രശ്നം കേട്ട് പൊറുതിമുട്ടിയ ദേവകിയമ്മയാവട്ടെ എന്നാ കർത്താവ് ഇനി കുറച്ച് മണ്ണെണ്ണ പരീക്ഷിച്ച് നോക്ക്വാ,ചെലപ്പോ ഫലം ണ്ടാവും എന്ന് പറഞ്ഞ് കളഞ്ഞു.
കർത്താവിനെ അലട്ടുന്ന ജീവിതപ്രശ്നത്തിൻ്റെ ഉത്തരമായിരുന്നു ഇന്നലെ വരെ ആ മേൽപ്പടിയിൽ ഇരുന്നിരുന്നത്.ഇന്ന് അത് കുറച്ചെടുത്ത് തലയിൽ തേയ്ക്കും എന്ന് ഉറപ്പിച്ചിട്ട് തന്നെയാണ് കർത്താവ് വന്നിരിക്കുന്നത്.പക്ഷേ സംഗതി അപ്രത്യക്ഷമായിരിക്കുന്നു.കൺവെട്ടത്തെങ്ങും ആ എണ്ണക്കുപ്പിയില്ല.കർത്താവിന് വെട്ടി വിയർത്തു.
“അടയ്ക്ക ചൊരുക്കീന്നാ തോന്നണേ” കർത്താവിൻ്റ ശബ്ദം ശിഥിലമായി.മുറുക്കാൻ തുപ്പിക്കളഞ്ഞ് തിരികെ ഇറയത്തേക്ക് കയറിയപ്പോഴാണ് കണ്ടത് അതാ അമ്മിക്കല്ലിനടുത്ത് കർത്താവിനെ കൊതിപ്പിച്ചു വലച്ച ആ മോഹിനി ഇരിക്കുന്നു.ആയിരം ധനുമാസ പൗർണ്ണമികൾ ഒരുമിച്ച് കർത്താവിൻ്റെ മനസ്സിൽ നിറഞ്ഞു.മതിമറന്നു പോയ അദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാൻ നിൽക്കാതെ ഒറ്റക്കുതിപ്പിന് ആ സുന്ദരിക്കുപ്പിയെ കയ്യിലെടുത്തു.കുപ്പി തുറക്കലും എണ്ണയെടുക്കലും അത് തലയിലും മുഖത്തും തേയ്ക്കലും നിമിഷനേരം കൊണ്ട് കഴിഞ്ഞു.ശീല വിശേഷം കൊണ്ട് ബാക്കി വന്ന എണ്ണ വയറ്റത്തു തേയ്ക്കുമ്പോഴാണ് ഈ എണ്ണക്ക് പന്തിയല്ലാത്ത ഒരു ഗന്ധമാണല്ലോ എന്ന് കർത്താവിന് തോന്നിയത്.
“എന്തൂട്ടാ ഈ കർത്താവ് കാട്ടണേ!!! വാർണീഷെടുത്ത് തലേൽ തേയ്ക്ക്വേ???!!!”
ദേവകിയമ്മയുടെയും സുഭദ്രാമ്മയുടെയും സുലോചനയുടെയും ഒരുമിച്ചുള്ള ആക്രന്ദനം കേട്ട് പൂമുഖത്ത് നിന്ന് മാഷും ബാലൻ നായരും അപ്പുറത്ത് നിന്ന് ചില അയൽക്കാരും ഓടിയെത്തി.
പെട്രോളൊഴിച്ച് കഴുകണോ അതോ എമരി പേപ്പർ ഇട്ട് ഉരയ്ക്കണോ അതോ ശാന്തി ആസ്പത്രിയിലേക്ക് എടുക്കണോ എന്ന് എല്ലാവരും തങ്ങളിൽ തങ്ങളിൽ ശങ്കിച്ച് നിൽക്കേ വാർണീഷടിച്ച് മിനുക്കിയ മുഖത്തോടെ വാർണീഷിൽ മുങ്ങി കുത്തനെ മേൽപ്പോട്ടു വടി പോലെ എഴുന്നേറ്റു നിൽക്കുന്ന മുടിയിൽ പിടിച്ചു കൊണ്ട് പ്രസന്നത കൈവിടാതെ കർത്താവ് ഇപ്രകാരം മൊഴിഞ്ഞു
“ഒന്ന് മുങ്ങിക്കുളിച്ചാ ശരിയാകും”
അനന്തരം പ്രഭാത സൂര്യൻ്റെ പൊൻകിരണങ്ങളിൽ വെട്ടിത്തിളങ്ങുന്ന ദാരുശിൽപം കണക്കേ അമ്പലക്കുളം ലക്ഷ്യമാക്കി ശരവേഗം നടന്നു.
