നാൽപ്പത്തൊന്നു നാൾ നീണ്ട കഠിന തപസ്സിനൊടുവിൽ അവൻ പ്രത്യക്ഷപ്പെട്ടു;സാക്ഷാൽ ദൈവം.മരുഭൂമിയുടെ മര്യാദക്കനുസരിച്ച് തലേക്കെട്ടും നീളൻ കന്തൂറയുമായി ഒരു അലവലാതി ലുക്കിൽ.അഭയ വരദ ആയുധ പാണിയായി സർവ്വാഭരണവിഭൂഷിതനായി പട്ടുചേലയിൽ പൊതിഞ്ഞ് ചെണ്ടമേളത്തിൻ്റെയും ബാൻറുവാദ്യത്തിൻ്റെയും അകമ്പടിയോടെ വരുമെന്നായിരുന്നു പ്രതീക്ഷ.അല്ലെങ്കിലും പ്രതീക്ഷകൾ തെറ്റിക്കുന്നിടത്താണല്ലോ ദൈവത്തിൻ്റെ കളി കിടക്കുന്നത്.മിനിമം ഒരു ഊദിൻ്റെ മണമെങ്കിലും ആവാമായിരുന്നു….
സസ്പെൻസിൻ്റെയും ട്വിസ്റ്റിൻ്റെയും ഉസ്താദാണെന്ന് തോന്നുന്നു.അങ്ങ് ദൂരെ മരുപ്പച്ചയിൽ ഒരു പൊട്ടായി പ്രത്യക്ഷപ്പെട്ട് സ്ലോ മോഷനിൽ അടിവച്ചടി വച്ച് നടന്നു വന്നു.അവൻ്റെ വരവിൻ്റെ അടയാളങ്ങൾക്കായി കാതോർത്തുവെങ്കിലും ഒന്നുമുണ്ടായില്ല.കാറ്റ് വീശലോ കിളി ചിലയ്ക്കലോ ഇടിവെട്ടലോ സിംഹഗർജ്ജനമോ അങ്ങനെ എന്തെങ്കിലും ….ഒന്നുമുണ്ടായില്ല.വെറുതേ ഇളിച്ചു കാട്ടി ചവച്ചു കൊണ്ടു നിന്നിരുന്ന ഒട്ടകങ്ങൾ പോലും ഒന്നു ചിനക്കിയില്ല.ദൈവം കൈയിലിരുന്ന വളഞ്ഞ വടി വീശി മെല്ലെ മെല്ലെ നടന്നു വന്നു രായപ്പൻ്റെ മുന്നിൽ കുന്തിച്ചിരുന്നു.
ഇനിയിപ്പോ ആവലാതികളൊക്കെ അറബിയിൽ ബോധിപ്പിക്കേണ്ടി വരുമല്ലോ എന്ന രായപ്പൻ്റെ ആധി ഒറ്റനോട്ടത്തിൽ തന്നെ ദൈവം പിടിച്ചെടുത്തു.
-എലിപ്പനി എന്നോ മറ്റോ അല്ലേ ആ സൂത്രത്തിൻ്റെ പേര് –
“എലിപ്പനി അല്ല രായപ്പോ.. ടെലിപ്പതി”
രായപ്പൻ അന്തം വിട്ടു.
“മലയാളം അറിയോ?”
“മലയാളം അറിയില്ല,പക്ഷേ എനിക്ക് മനസ്സ് വായിക്കാനറിയാം.പറയ്, എന്തിനായിരുന്നു ഈ കഠിന തപസ്സ്?”
രായപ്പൻ്റെ കണ്ണ് നിറഞ്ഞു,നാവു വരണ്ടു,ദേഹം വിറച്ചു “ഭഗവാനേ…. ”
– ഇനി ഭഗവാനേ എന്ന് വിളിച്ചത് ഇഷ്ടപ്പെടാതിരിക്കുമോ,അങ്ങനെ വിളിച്ചതു കൊണ്ട് പിണങ്ങുമോ-
“നീ എന്ത് വേണമെങ്കിലും വിളിച്ചോ രായപ്പാ.എനിക്ക് സമയം തീരെയില്ല,നീ വേഗം കാര്യം പറ…. ”
“മനസ്സ് വായിക്കാനറിയണ ആളല്ലേ.കാര്യം ഇനി ഞാൻ പറഞ്ഞിട്ട് വേണോ അറിയാൻ?”
“ഇത്ര കാഞ്ഞ ബുദ്ധി ഉണ്ടായിട്ടും ഈ മരുഭൂമിയിൽ കിടന്ന് ഒട്ടകം മേച്ച് കഷ്ടപ്പെടലാണല്ലോ നിൻ്റെ വിധി എൻ്റെ രായപ്പാ”
“ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ,എന്നെ ഈ മരുഭൂമിയിൽ കൊണ്ടു വന്നു തള്ളിയതാരാ?”
“അതാ രായപ്പാ ഞാൻ ചോദിക്കണത് നിൻ്റെ ആവശ്യം എന്താണെന്ന്.നിൻ്റെ എല്ലാ കുഴമാന്ത്രങ്ങളും പരിഹരിച്ച് തരാനുള്ള ശേഷി എനിക്കില്ല;നേരവുമില്ല.ഇപ്പോ നീ എന്നെ വിളിച്ചു വരുത്തിയതെന്തിനാണെന്നു പറ”
“എനിക്ക് അമരത്വമാണ് വേണ്ടത് ഭഗവാനേ ”രായപ്പൻ കൈ കൂപ്പി വിനീതനായി.
“എൻ്റെ ദൈവമേ…..”
ദൈവം സ്വന്തം നില മറന്ന് ദൈവത്തെ വിളിച്ചു പോയി.
“ഇവിടെ ഈ മരുഭൂമിയിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ ഉണക്ക കുബ്ബൂസും തിന്ന് ഈന്തപ്പനയോല മേഞ്ഞ പന്തലിൽ അന്തിയുറങ്ങി ഒട്ടകത്തിനേയും മേച്ചു നടക്കുന്ന നിനക്ക് ചിരഞ്ജീവി ആവണോ?!!!”
രായപ്പന് സങ്കടം വന്നു.
“എനിക്ക് കിരൺ ടീവി ആവണം ന്നല്ല,എൻ്റെ അറബി മരണമില്ലാത്തവൻ ആവണം ന്നാണ്.അങ്ങേര് കിളവനായി അസുഖം വന്ന് കിടപ്പിലാണ്.എങ്ങാനും കാറ്റ് പോയാൽ പിന്നെ എൻ്റെ കാര്യം കട്ടപ്പൊക.പിള്ളേര് തല തിരിഞ്ഞവമ്മാരാണ്.എന്തൊക്കെ കാട്ടിക്കൂട്ടും എന്നറിയില്ല.എന്നെ ചിലപ്പോ കയറ്റി വിടാനും മതി”
“അനാ അറബാബ് മാഫീ രീദ് മൗത്… രായപ്പൻ അറബിയിൽ കരഞ്ഞു. അങ്ങനെയെങ്കിലും ഈ കണ്ണീച്ചോരയില്ലാത്തവനു കാര്യം പിടികിട്ടട്ടെ.
ചുട്ടു പൊള്ളുന്ന പൊരിമണലിൽ അന്തിച്ചിരുന്നു പോയി ദൈവം.
“ടാ പോത്തേ,നിന്നെ കേറ്റി വിട്ടാൽ അത്രയും നന്നായില്ലേ.നിൻ്റെ ഈ കഷ്ടപ്പാടിന് ഒരു അറുതി വരില്ലേ?തല്ലും ചവിട്ടും തെറിവിളിയും ഏറ്റ് ഇവിടെ ഇങ്ങനെ കിടക്കണതെന്തിനാൻ്റെ രായപ്പാ!!”
“ഇതാ പറയണത് ദൈവമാണെങ്കിലും ഒരു വകതിരിവൊക്കെ വേണമെന്ന്.”
കാര്യങ്ങൾ നേരാംവണ്ണം ഗ്രഹിക്കാൻ കഴിവില്ലാത്ത ദൈവത്തെയോർത്ത് രായപ്പൻ നിരാശനായി.
ഞാനീക്കിടന്ന് കഷ്ടപ്പെട്ട് പണിയെടുത്ത് അയക്കണ പണം കൊണ്ടല്ലേ നാട്ടിൽ എൻ്റെ അച്ഛനുമമ്മയും കുടുമ്മക്കാരും കഴിയണത്.ഞാൻ കയറിപ്പോയാൽ അവര് പട്ടിണിയാവില്ലേ.വിസക്ക് കൊടുത്ത കാശിൻ്റെ കടം തന്നെ വീട്ടിക്കഴിഞ്ഞിട്ടില്ല. വീടും പറമ്പും പിന്നെ ഉണ്ടായിരുന്ന ഇത്തിരി പൊട്ടുപൊടി സ്വർണവും എല്ലാം പണയത്തിലാണ്.അത് എടുപ്പിക്കണ്ടേ.പിന്നെ എനിക്കുമില്ലേ ചില്ലറ മോഹങ്ങള് ? നിരത്തു വക്കിൽ ഒരു ചെറിയ രണ്ടു നില വീട് വയ്ക്കണം,റോഡിനോടു ചേർന്ന് രണ്ട് കടമുറി പണിയണം,പെങ്ങന്മാരെ പൊന്നും പണവും കൊടുത്ത് കെട്ടിക്കണം, അച്ഛന് ചെറിയ ഒരു കാറ് വാങ്ങിക്കൊടുക്കണം,പിന്നെ എനിക്കും വേണ്ടേ ഒരു ജീവിതം.കല്യാണം….
ഇപ്പോ ദൈവത്തിന് ശരിക്കും കലി വന്നു.
“ടാ…നിർത്ത്,മതി.നിനക്ക് ഇവിടന്ന് ആണ്ടിനും സംക്രാന്തിക്കും കിട്ടണ നാലണക്കൂലി കൊണ്ട് തന്നെ വേണം ല്ലേ ഇതൊക്കെ ചെയ്യാൻ.എന്നാലും നാട്ടിൽ ചെന്ന് നാലു തെങ്ങിൻ്റെ കട കിളച്ച് കൂടാ ല്ലേ?നീയൊക്കെ ഇവിടെക്കിടന്ന് അനുഭവിക്ക്,കുരുത്തം കെട്ടവൻ.”
ദൈവം നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി.
