എൻ്റെ ഈശൻ

എൻ്റെ ഈശൻ
കർക്കശക്കാരനായ
ഒരു ഗണിതാധ്യാപകൻ.
കനലാളുന്ന കണ്ണുകളോടെ
കയ്യിലേന്തിയ ചൂരലോടെ
എൻ്റെ മുന്നിലിരിക്കുന്നു.
വെട്ടിയും തിരുത്തിയും
മായ്ച്ച് എഴുതിയും തെറ്റായ
സൂത്രവാക്യങ്ങളും സമവാക്യങ്ങളും
തെറ്റായിടത്ത് പ്രയോഗിച്ചും
തലയുയർത്താതിരുന്നു ഞാൻ
വേവലാതി കൊള്ളവേ
ഇത് തെറ്റ്, ഇത് തെറ്റെന്ന
ഗർജ്ജനത്തോടെ
ഉയർന്ന് താഴുന്ന ചൂരൽ
ഓർക്കാപ്പുറത്തെൻ്റെ
തോളിലും തലയിലും നടുവിലും
മിന്നൽപ്പിണരായി പതിക്കുന്നു.
സഹപാഠിയുടെ താളിൽ നിന്നു
ഇടംകണ്ണിട്ടു നോക്കി
പകർത്തിയെഴുതിയ
ഉത്തരവും തെറ്റിപ്പോയിരിക്കുന്നു.
മായ്ച്ച് മായ്ച്ച് ഏടും കീറിയിരിക്കുന്നു.
കണ്ണുനീർ വീണ്
കുതിർന്നും പോയിരിക്കുന്നു.
ഇത് തെറ്റാണ്, ഇത് തെറ്റാണ്;
ഞാനുമറിയുന്നു.
പക്ഷേ എന്താണു ശരി?ഏതാണു
ശരിയുത്തരത്തിലേക്കുള്ള വഴി?
ഈ പ്രശ്നത്തിനുത്തരം കാണാതെ
എനിക്കെഴുന്നേറ്റു പോവാനുമാവില്ലല്ലോ.

Leave a comment