കലോൽസവ കാലം.ഇന്നലത്തെ കുട്ടികൾക്കും ഇന്നത്തെ കുട്ടികൾക്കും ഓർമ്മകളുടെ പെരുന്നാൾക്കാലം.
വർഷങ്ങൾക്ക് മുമ്പുള്ള ഒരു സ്കൂൾ ആനിവേഴ്സറി. സ്ഥലം റെയിൽവേ സ്കൂൾ.സ്കൂളിലെ എല്ലാ കുട്ടികളും-പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ-ചുരുങ്ങിയത് ഒരു പരിപാടിയിലെങ്കിലും പങ്കെടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി നിരവധി ഗ്രൂപ്പിനങ്ങൾ രംഗത്തിറക്കുകയും ചെയ്തിരുന്ന നളിനി ടീച്ചറാണ് അമരത്ത്.നൃത്തത്തിലും സംഗീതത്തിലും എൻ്റെ കഴിവ് വലിയൊരു വട്ടപ്പൂജ്യമാണ് എന്നത് ഒരിക്കൽ കൂടി സംശയാതീതമായി തെളിയിച്ച് എല്ലാ ഇനങ്ങളിൽ നിന്നും പുറത്തായി നടക്കുകയായിരുന്നു ഞാൻ.ഇന്ത പൊണ്ണുക്ക് ഡാൻസ് വരവേ വരാതേയെന്ന് നളിനി ടീച്ചറും ഖിന്നയായി.
കൂട്ടുകാരികളായ കൂട്ടുകാരികളൊക്കെ കലാകാരികളാണല്ലോ ഇൗശ്വരാ എന്ന തിരിച്ചറിവോടെ റിഹേഴ്സലുകൾ നടന്നിരുന്നിടത്തൊക്കെ അനാവശ്യമായി ചുറ്റിക്കറങ്ങി നടന്നിരുന്ന അന്നാളുകളിലൊന്നാണ് മഗ്ദലനമറിയം ടാബ്ലോ ആയി അവതരിപ്പിക്കാൻ റോസ്മേരി ടീച്ചർ തീരുമാനിക്കുന്നത്.
പട്ടിണി മരണത്തിൽ നിന്ന് ജസ്റ്റ് മിസ്സ് എന്ന മട്ടിലുള്ള ദേഹപ്രകൃതിയും തോളൊപ്പം നിൽക്കുന്ന എണ്ണ കാണാത്ത ചെമ്പൻമുടിയും ഉള്ള ഞാനാണ് യേശുവാകാൻ സർവ്വഥാ യോഗ്യ എന്ന് റോസ്മേരി ടീച്ചർ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.(ഒന്നും ചെയ്യാനില്ലാതെ വെറുതേ കറങ്ങി നടന്നിരുന്ന മറ്റൊരാൾ അവിടെ ഇല്ലായിരുന്നു എന്നതും സത്യമാണ്)മഗ്ദലന മറിയമായി സ്കൂളിലെ ഓൾ റൗണ്ടറും സകലകലാവല്ലഭയും അതിസുന്ദരിയും ആയ എലിസബത്ത്; എൻ്റെ സീനിയർ.പിന്നെ എന്നെപ്പോലെത്തന്നെ അവശകലാകാരികളായ(കലയുടെ കാര്യത്തിൽ അവശത അനുഭവിക്കുന്ന)കുറച്ചു പേരും കൂടി ഉൾപ്പെട്ടതായിരുന്നു ടീം മഗ്ദലന മറിയം.യേശുവിൻ്റെ കാൽ കണ്ണീരാൽ കഴുകുന്ന മറിയം,കൈകളുയർത്തി മറിയത്തെ അനുഗ്രഹിക്കുന്ന യേശു,പശ്ചാത്തലത്തിൽ യേശുവിൻ്റെ ശിഷ്യൻമാർ,ശീമോൻ്റെ ഭടൻമാർ,ശീമോൻ ഇതായിരുന്നു ടീച്ചറുടെ സങ്കൽപത്തിലെ ടാബ്ലോ.
സന്ദർഭവശാൽ ഇതേക്കുറിച്ച് അറിയാനിടയായ മലയാളം പഠിപ്പിക്കുന്ന നാരായണൻ മാഷുടെ മനസ്സിൽ ഒരു കലക്കൻ ആശയമുദിച്ചു.എന്തു കൊണ്ട് മഹാകവി വളളത്തോളിൻ്റെ മഗ്ദലന മറിയത്തെ ആസ്പദമാക്കി ഇതൊരു സംഗീതനാടകശിൽപ്പമാക്കിക്കൂടായെന്ന്. റോസ്മേരി ടീച്ചർക്കും ശൈലജ ടീച്ചർക്കും നൂറുവട്ടം സമ്മതം.
യേശുവും ശീമോനും ഇരിക്കുന്നു.പുറകിലായി ഭടൻമാർ,ശിഷ്യൻമാർ.മറിയം കണ്ണീരോടെ വാതിൽക്കൽ എത്തുന്നു.യേശു എഴുന്നേറ്റ് നിന്ന് അവളെ അകത്തേക്ക് ക്ഷണിക്കുന്നു.അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് നാഥൻ്റെ കാൽക്കൽ വീഴുന്നു. അവൻ്റെ തൃപ്പാദങ്ങൾ കണ്ണീരാൽ കഴുകി സ്വന്തം തലമുടി കൊണ്ട് തുടച്ച് അവനെ സുഗന്ധതൈലങ്ങളാൽ അഭിഷേകം ചെയ്യുന്നു.യേശു മറിയത്തെ പിടിച്ചുയർത്തി ആശ്ലേഷിച്ച് അനുഗ്രഹിക്കുന്നു.ഇതായിരുന്നു രംഗം.
റിഹേഴ്‌സൽ തുടങ്ങി.”നാഥാ തവാജ്ഞകൾ….”വരികൾ മുഴങ്ങി.യേശുവും ടീമും തകർത്തഭിനയിച്ചു.
വളരെ തിരക്കുള്ള ഒരു വ്യക്തിയായിരുന്നു മറിയം. ആനുവൽ ഡേക്ക് അവളുടെ ഒരുപാട് ഇനങ്ങൾ അരങ്ങേറാനുണ്ടായിരുന്നു.അതിനാൽ റിഹേഴ്സലുകൾക്ക് മറിയം എത്തിയിരുന്നില്ല.പുറകിൽ കുന്തം പിടിച്ച് ചുമ്മാ നിൽക്കേണ്ടിയിരുന്ന ഒരു ഭടിയായിരുന്നു മറിയത്തിൻ്റെ ഡ്യൂപ്പ്.മറിയം പങ്കെടുത്ത ഒന്നു രണ്ടു റിഹേഴ്സലുകളിലാകട്ടെ അവൾ കൈ രണ്ടും പിറകിൽ കെട്ടി യേശുവിന് സമീപം നിന്ന് നാരായണൻ മാഷ് പറയുന്നത് ശ്രദ്ധയോടെ കേട്ട് തലയാട്ടിയതേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും അഭിനയിച്ചു നോക്കാനുള്ള റോസ്മേരി ടീച്ചറുടെ നിർദ്ദേശം” ഞാൻ സ്റ്റേജിൽ ചെയ്തോളാം”എന്ന് അവൾ തള്ളിക്കളഞ്ഞു.
കാര്യങ്ങൾ ഇവ്വിധം ഉഷാറായി പുരോഗമിക്കേ യേശുവിൻ്റെ കൈയിലൊരു ആട്ടിൻകുട്ടി കൂടെ ഉണ്ടായിരുന്നെങ്കിൽ സംഗതി ജോറായേനേ എന്ന് റോസ്മേരി ടീച്ചർക്ക് ഒരു തോന്നൽ.ആട്ടിൻകുട്ടി കടിച്ചാലോ എന്ന എതിർവാദമുന്നയിച്ച് യേശു അതിനെ ചെറുത്തു.
ആനുവൽ ഡേയുടെ തലേന്ന്.. സ്റ്റേജ് റിഹേഴ്സൽ…സ്റ്റേജിൽ നിന്നു കൊണ്ട് റെയിൽവേ ഇൻസ്റ്റിറ്റൂട്ടിലേക്ക് നോക്കണമെന്ന് നാരായണൻ മാഷ് യേശുവിനോടു പറഞ്ഞു.
സ്റ്റേജിൽ നിന്ന് നോക്കിയാൽ ഇൻസ്റ്റിറ്റൂട്ട് കാണില്ലല്ലോ. അത് അൽപം വലതു മാറിയല്ലേ കിടക്കുന്നതെന്ന് യേശു.
കാണില്ല, പക്ഷേ നീ ഇവിടെ നിന്ന് അതു കണ്ടു പിടിക്കാൻ നോക്കണമെന്ന് മാഷ്.
സ്റ്റേജിനെക്കുറിച്ചോ സ്റ്റേജ് മാനറിസത്തെക്കുറിച്ചോ യാതൊരു അറിവും ഇല്ലാതിരുന്ന യേശുവിനെ പ്രബുദ്‌ധയാക്കുവാൻ മറ്റൊരു മാർഗ്ഗവും മാഷിൻ്റെ മുന്നിലില്ലായിരുന്നു.സ്റ്റേജ് റിഹേഴ്സലിനും മുടി രണ്ടു വശത്തു മെടഞ്ഞിട്ട മറിയം പതിവുപോലെ കൈ രണ്ടും പിന്നിൽ കെട്ടി തലയാട്ടി നിന്നതേയുള്ളൂ.യേശു കലക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആനുവൽ ഡേ… യേശുവിൻ്റേയും ശിഷ്യൻമാരുടെയും മേക്കപ്പ് ശടേന്ന് കഴിഞ്ഞു. പള്ളീലച്ചൻ്റെ വെളുത്ത ളോഹ,ചൊറിയുന്ന ടൈപ്പ് പശ വച്ച് ഒട്ടിച്ച താടിമീശകൾ, അഴിച്ചിട്ട തലമുടി, കൈയിലൊരു വളഞ്ഞ വടി.യേശു തയ്യാർ.ശിഷ്യരും സമം. ശീമോൻ്റെ കിരീടവും ആഡംബരവും കണ്ട് യേശുവിന് ചെറിയ ഒരു വേദന തോന്നാതിരുന്നില്ല.ഫുൾ മേക്കപ്പിൽ യേശുവും ശിഷ്യഗണങ്ങളും ബാക്ക്സ്റ്റേജിൽ കറങ്ങി നടന്നു.തിരുവാതിരയുടേയും ഒപ്പനയുടേയും നാടോടി നൃത്തത്തിൻ്റെയുമൊക്കെ മേക്കപ്പ് നടക്കുന്നിടത്ത് വായും പൊളിച്ച് നോക്കി നിന്നു. ഒരൽപം റോസ് പൗഡറും ലിപ്സ്റ്റിക്കുമൊക്കെ തങ്ങൾക്കും കൂടി ആവാമായിരുന്നുവെന്ന് ആശിച്ചു.
അൽപ്പ നേരം കഴിഞ്ഞപ്പോൾ യേശുവിനെ നാരായണൻ മാഷ് വന്നു വിളിച്ചു.
അടുത്തത് നമ്മളാണെന്നും ആനുവൽ ഡേയുടെ ഹൈലൈറ്റ് നമ്മുടെ പരിപാടിയാണെന്നും മാഷ് പറഞ്ഞപ്പോൾ യേശുവിന് ചെറുതായി ശ്വാസം മുട്ടലനുഭവപ്പെട്ടു.
സ്റ്റേജ് സജ്ജീകരിച്ചു. മറിയത്തിനും യേശുവിനും നടക്കാനുള്ള ലൈൻ ഇട്ടു. മാഷ് യേശുവിനെ ഒന്നുകൂടി ബ്രീഫ് ചെയ്തു.മറിയത്തെ എവിടേയും കാണാനില്ല. യേശു കസേരയിലും ശീമോൻ സിംഹാസനത്തിലും ഇരുന്നു. മറ്റുള്ളവർ വശങ്ങളിലും പുറകിലും നിരന്ന് നിന്നു. പശ്ചാത്തലത്തിൽ കവിത മുഴങ്ങി,കർട്ടൻ പൊങ്ങി. മുന്നിലെ വലിയ ജനക്കൂട്ടത്തെ കണ്ട യേശുവിൻ്റെ കണ്ണിൽ ഇരുട്ടു കയറി.കസേരയിൽ അന്തംവിട്ട് മിഴിച്ചിരിക്കുന്ന യേശുവിനെ നോക്കി സൈഡ് കർട്ടനിടയിൽ നിന്ന നാരായണൻ മാഷ് ഒച്ചയില്ലാതെ അലറി”യേശൂ… എണീക്ക്… എണീക്ക്”.യേശു മാഷെ ദയനീയമായി നോക്കി. മാഷ് എന്താണു പറയുന്നതെന്ന് യേശുവിന് മനസ്സിലാവുന്നില്ല. സ്റ്റേജിൽ പാട്ട് അലയടിക്കുമ്പോൾ പാവം യേശു എങ്ങനെ കേൾക്കാനാണ്. യേശുവിന് സമീപം നിന്നിരുന്ന പ്രത്യുൽപ്പന്നമതിയായ ശിഷ്യൻ തൻ്റെ കയ്യിലിരുന്ന വടി കൊണ്ടു യേശുവിൻ്റെ പള്ളക്കിട്ട് കുത്തിയിട്ട് പറഞ്ഞു “എണീക്കെടീ”
യേശുവിന് പെട്ടെന്ന് ഓർമ്മ വന്നു. യേശു എഴുന്നേറ്റ് നിന്ന് ഇൻസ്റ്റിറ്റൂട്ട് കണ്ടു പിടിക്കാനുള്ള ശ്രമമാരംഭിച്ചു.യേശു അകത്തേക്ക് ക്ഷണിക്കുന്നതും കാത്തു സൈഡ് കർട്ടനിടയിൽ നിന്നിരുന്ന മറിയത്തിന് ഒരു കാര്യം മനസ്സിലായി;യേശു ക്ഷണിച്ചിട്ട് താൻ അകത്തേക്ക് പ്രവേശിക്കില്ലായെന്ന്.
“മുട്ടുവിൻ വാതിൽ… ” വന്നപ്പോൾ ക്ഷണം കാത്തു നിൽക്കാതെ മറിയം കരഞ്ഞു കൊണ്ട് ഓടി വന്ന് യേശുവിൻ്റെ കാൽക്കൽ വീണു.ഇൻസ്റ്റിറ്റൂട്ട് കണ്ടു പിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലേർപ്പെട്ടിരുന്ന യേശു ആ മിന്നലാക്രമണത്തിൽ സ്തംഭിച്ചു പോയി. കാൽക്കൽ വന്ന് തല്ലിയലച്ചു വീണ വെള്ളത്തുണിയിൽ മൂടിയ രൂപം ഏതാണെന്ന് യേശുവിന് ഒരു പിടിയും കിട്ടിയില്ല.
ഒരു ദീനരോദനത്തോടെ തൻ്റെ കാലുകൾ സ്വതന്തമാക്കാനുള്ള യേശുവിൻ്റെ ശ്രമം കാർകുഴൽ കൊണ്ട് തൃക്കഴൽ തുടയ്ക്കുന്ന മറിയം ചെറുത്തു,കുതറുന്ന യേശുവിൻ്റെ കാലുകൾ പിടിച്ചു വലിച്ച് മറിയം തലപൊക്കി യേശുവിനെ ഭീഷണമായി ഒന്ന് നോക്കി.ഭൂതപ്രേതപിശാചുക്കളുടെ അസ്ഥിത്വത്തിൽ സന്ദേഹമേതുമില്ലാതിരുന്ന യേശു വെള്ള വസ്ത്രം ധരിച്ച് മുഖം മുഴുവനായും മുടി കൊണ്ട് മറച്ച ആ രൂപത്തെക്കണ്ട് വല്ലാതെ ഭയന്നു.തുടർന്ന് യേശുവിൻ്റെ കരച്ചിൽ “പൊയ് കൊൾക പെൺകുഞ്ഞേ ” യിനേക്കാളുച്ചത്തിൽ സ്റ്റേജിൽ മുഴങ്ങി.കാൽ വലിച്ചെടുക്കാനുള്ള ശ്രമത്തിനിടെ യേശു അടി തെറ്റി മറിയത്തിൻ്റെ പുറത്തു കൂടി വീണു.ശീമോനും ഭടൻമാരും യേശുശിഷ്യരും ഇതൊക്കെ കണ്ട് ആർത്തലച്ചു ചിരിക്കുകയായിരുന്നു.കർട്ടനിട് എന്ന നാരായണൻ മാഷുടെ അലർച്ച എല്ലാ കോലാഹലങ്ങൾക്കുമിടയിൽ യേശു വ്യക്തമായി കേട്ടു.പശ്ചാത്താപമേ പ്രായശ്ചിത്തം മുഴങ്ങുമ്പോൾ സ്റ്റേജിൽ മറിയം യേശുവിനെ കൈകാര്യം ചെയ്യുകയായിരുന്നു.
അനന്തരം ബാക്ക്സ്റ്റേജിൽ വച്ച് യേശു കേട്ട എല്ലാ ഭർത്സനങ്ങളുടെയും യഥാർത്ഥ അവകാശി മറിയം ആണെന്ന കാര്യത്തിൽ അന്നും ഇന്നും യേശുവിന് യാതൊരു സംശയവുമില്ല.
അവളുടെ ഒരു സ്റ്റേജിൽ ചെയ്തോളാം…
