മടക്കയാത്ര

” അമ്മേ ഇങ്ങനെയാണോ ചിക്കൻ ഉണ്ടാക്കുന്നത്?”
മകൻ്റെ കനപ്പിച്ച സ്വരം കേട്ട് അടുക്കളയിൽ പുകയൂതി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മ തിരിഞ്ഞു നോക്കി എന്തോ ഓർത്ത് പുഞ്ചിരിച്ചു.
അവരുടെ ചെത്തിത്തേക്കാത്ത ചുമരുകളുള്ള ചെറിയ വീട്ടിൽ മുതിർന്ന ഒരു ആൺശബ്ദം മുഴങ്ങിക്കേട്ടിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിരുന്നു.
പതിനാലാം വയസ്സിൽ ജോലി തേടി നാടു വിട്ട മകനാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നിരിക്കുന്നത്. അവനു താടിമീശകൾ മുളയ്ക്കുകയും അവൻ്റെ ശബ്ദം കനക്കുകയും മുഖം കരുവാളിക്കുകയും ചെയ്തിരിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് അവൻ നാടു വിട്ട സന്ധ്യ അമ്മ ഇന്നും ഓർക്കുന്നു. മെലിഞ്ഞ് ദുർബലനായ അമ്മയുടെ ആൺമക്കളിലെ മൂത്തവൻ ഏങ്ങലടികൾ നെഞ്ചിലൊതുക്കി തൊണ്ട കഴച്ച് ഒരു കണ്ണീർക്കടലായി പട്ടണത്തിൽ ജോലി വാങ്ങിത്തരാം എന്ന അകന്ന ഒരു ചാർച്ചക്കാരൻ്റെ വാഗ്ദാനത്തിനു പുറകേ പോയ സന്ധ്യ.അന്നു തൊട്ടിന്നു വരെ ഒരു രാത്രിയും അമ്മ സ്വസ്ഥമായുറങ്ങിയിട്ടില്ല,മനസ്സറിയെ ഒരുരുള ചോറുണ്ടിട്ടില്ല.

നാട്ടിൽ നിന്നു പോയ ശേഷം നാളിതുവരെ മകൻ ഒരു കത്തു പോലും അമ്മക്ക് അയച്ചിരുന്നില്ല.നീണ്ട നീണ്ട ഇടവേളകൾ താണ്ടി വരുന്ന ചെറിയ തുകകളുടെ മണിയോർഡറുകളിൽ നിന്നും അമ്മ ഒരു കാര്യം മനസ്സിലാക്കിയിരുന്നു; മകൻ്റെ ജീവിതം ദുരിതമയമാണെന്ന്. താഴെയുള്ളവരുടെ പട്ടിണി മാറ്റാൻ മകനെ പെരുവഴിയിലേക്കു തള്ളിവിട്ട ആ സന്ധ്യയെ ഓർത്ത് അമ്മ ഇന്നും സങ്കടപ്പെടുന്നുണ്ട്. വീട്ടിലെ പട്ടിണി മാറിയില്ല, അമ്മയ്ക്ക് തൻ്റെ മകനെ നഷ്ടപ്പെടുകയും ചെയ്തു.

അന്ന് വെളുപ്പാൻകാലത്ത് കൈയിലൊരു ചെറിയ പൊതിക്കെട്ടുമായി കയറി വന്ന മകനെ കണ്ട് അമ്മ അമ്പരക്കുകയും ആഹ്ളാദിക്കുകയും ചെയ്തു. വന്നപാടെ കിണററുവക്കത്തു ചെന്ന് ഒരു തൊട്ടി വെള്ളം കോരിക്കുടിച്ച് എനിക്കൊന്നുറങ്ങണം എന്നു പറഞ്ഞ് ഇറയത്തെ ബെഞ്ചിൽ കയറിക്കിടന്നുറങ്ങിയ മകനെ നോക്കിയിരിക്കേ അമ്മയുടെ ഉള്ള് പിടഞ്ഞു.കടന്ന അഞ്ചു വർഷം അവനനുഭവിച്ച ക്ലേശങ്ങളും വേദനകളും അവൻ്റെ കുരുന്നുടലിൽ അടയാളപ്പെട്ടിരുന്നു.അഞ്ചു വർഷത്തെ യാതനാപർവ്വം അമ്മയ്ക്കറിയാവുന്ന അമ്മയുടെ മകനെ നിശ്ശേഷം മാററി എഴുതിയിരുന്നു.

മോന് സുഖമല്ലേ എന്നു പോലും ചോദിക്കാൻ അമ്മ ഭയന്നു. ഇക്കാലമത്രയും അവനെങ്ങനെയാവും കഴിഞ്ഞിരിക്കുക എന്നതോർത്ത് ആവലാതിപ്പെടുകയും അതേപ്പറ്റി അവൻ തന്നോടൊന്നും പറയരുതേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു അമ്മ.

യുഗങ്ങളോളം എന്നു തോന്നിപ്പിച്ച ഒരുറക്കത്തിനു ശേഷം മകനുണർന്നു.ഉച്ചയൂണിന് അമ്മ കോഴിക്കറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവൻ്റെ അനിയത്തിയും അനിയനും അന്ന് സ്കൂളിൽ പോയിട്ടില്ല.ചേട്ടൻ വന്ന സന്തോഷത്തിലുപരി ഉച്ചക്ക് ചോറും കോഴിക്കറിയും വയറു നിറയെ കഴിക്കാമല്ലോ എന്ന ചിന്തയാണ് അവരെ ദീപ്തരാക്കിയത്. ചേട്ടൻ എന്തെല്ലാം കൊണ്ടു വന്നിരിക്കുമെന്നത് രാവിലേ തൊട്ടേ അവരുടെ ചർച്ചാവിഷയമായിരുന്നു.ചേട്ടൻ വലിയ ഒരു പെട്ടി കൂടി കൊണ്ട് വന്നിരിക്കുമെന്നും അത് അമ്മ അവരുടെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നും അതിൽ നിറയെ അവർക്കുള്ള സമ്മാനങ്ങളായിരിക്കുമെന്നും അവർ കരുതി.

അഞ്ചു വർഷങ്ങൾക്കിപ്പുറം കാണൂമ്പോൾ വീട് വല്ലാതെ ചെറുതായിപ്പോയത് പോലെ മകന് തോന്നി. അമ്മ ഒരുപാട് വ്യദ്ധയായതു പോലേയും. അമ്മ ഉണ്ടാക്കിയ കോഴിക്കറി സ്വാദുള്ളതായി അവന് തോന്നിയില്ല.

അടുക്കളയുടെ ഇറയത്ത് തൂക്കിയിട്ടിരുന്ന തോർത്തെടുത്ത് തോളിലിട്ട് തലയിലെ കരിയും പൊടിയും കൈ കൊണ്ട് തൂത്തെറിഞ്ഞ് അമ്മ മുറ്റത്തേക്കിറങ്ങി.
” ഉച്ചക്ക് പണിക്കിറങ്ങിയാൽ പകുതി കൂലി കിട്ടും ”
എന്നിട്ട് മകനെ ചേർത്തു പിടിച്ചു പറഞ്ഞു
“ഇത് ചിക്കനല്ല മോനേ, നാടൻ കോഴിക്കറിയാണ്.നമ്മുടെ വീട്ടിലെ മുട്ടയിട്ടു തുടങ്ങിയ രണ്ട് പിടക്കോഴികളെക്കൊണ്ടാണ് അമ്മ ഇതുണ്ടാക്കിയിരിക്കുന്നത്. മോൻ വയറു നിറച്ചുണ്ണ്. ”
എന്നിട്ട് അടുക്കളയിലെ പുകയിൽ കാണാതെ പോയ അവൻ്റെ ചേച്ചിയോടു പറഞ്ഞു
” കുട്ടികൾക്ക് ചോറു കൊടുക്ക്,നീയും കഴിക്ക്.ഒന്നും ബാക്കിയാക്കരുത്.”
“അമ്മ ഉണ്ണുന്നില്ലേ?”
“വയറു നിറഞ്ഞാൽ പിന്നെ പണിയെടുക്കാൻ പറ്റില്ല.ഞാൻ പണി മാറി വന്നിട്ട് കഴിച്ചോളാം.”
അമ്മ മകൻ്റെ തലയിൽ ഉമ്മവച്ചു.

തോർത്തും തലയിലിട്ട് വെയിലത്തേക്കിറങ്ങിയ അമ്മയെ നോക്കിയിരിക്കേ മകന് വേദനിച്ചു.കരഞ്ഞു കൊണ്ട് പടിയിറങ്ങിപ്പോയ പതിനാലാം വയസ്സിലെ ആ സന്ധ്യ തൊട്ട് ഇന്നു വരെ അടുക്കളയിൽ അമ്മ വിളമ്പി വയ്ക്കുന്ന കഞ്ഞി ഉപ്പു മാത്രമിട്ട് കുടിച്ച് ഉമ്മറത്തിണ്ണയിലെ ബെഞ്ചിൽ കിടന്നുറങ്ങാൻ കൊതിച്ച് ഉള്ളിൽ വാവിട്ടു കരഞ്ഞ് തള്ളി നീക്കിയ അസംഖ്യം ദിനരാത്രങ്ങളെക്കുറിച്ച് അവനോർത്തു.എന്നിട്ടും ഇന്ന് നാടിനോ വീടിനോ അമ്മയ്ക്കോ അമ്മ വച്ച അന്നത്തിനോ തന്നെ സാന്ത്വനപ്പെടുത്താനാവുന്നില്ലല്ലോ എന്നത് അവനെ വിഷമിപ്പിച്ചു.ഒരിക്കൽ പടിയിറങ്ങിയാൽ പിന്നെ തിരിച്ചുവരവുകൾ അസാദ്ധ്യമെന്ന് മകൻ തിരിച്ചറിഞ്ഞു.

Leave a comment