”നമുക്കിവിടെ കത്തണ വെയില്.തെക്കോട്ടൊക്കെ നല്ല മഴയും കൊടുങ്കാറ്റുമൊക്കെയാണത്രേ. കടലും ക്ഷോഭിച്ചൂന്നാ കേൾക്കണത്.”
ഉച്ചയ്ക്കു തൊട്ടു മുമ്പുള്ള പിരിയഡിൽ സ്റ്റാഫ് റൂമിലേക്ക് കയറി വന്ന പ്യൂൺ രാമകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു. സ്വന്തം കസേരകളിൽ ഇളവേറ്റിരിക്കുന്ന ലെഷർ പിരിയഡ് അദ്ധ്യാപകരെല്ലാം രാമകൃഷ്ണനെ നോക്കി.ക്ലർക്ക് പ്രഭാകരനോടൊപ്പം ശമ്പള ബില്ല് മാറാനായി ട്രഷറിയിൽ പോയി വരുന്ന വഴിയാണ് രാമകൃഷ്ണൻ.ട്രഷറിയിൽ പോയി വന്നാൽ ത്രസിപ്പിക്കുന്ന പല കഥകളും പറയാനുണ്ടാവും രാമകൃഷ്ണന്.
എന്നാലിന്ന് അങ്ങനെയൊന്നും പറയാനുള്ള ഒരു മാനസികാവസ്ഥയിലല്ല രാമകൃഷ്ണൻ.സ്റ്റാഫ് റൂമിലെ വേണു മാഷുടെ സാന്നിദ്ധ്യമാണ് കാരണം.ദൂരെയേതോ സകൂളിൽ നിന്നും അടുത്തയിടെ സ്ഥലം മാറി വന്ന മലയാളം മാഷാണ് വേണു മാഷ്.സാധാരണയായി സ്റ്റാഫ് റൂമിൽ സാറിനെ കാണാറില്ല. ഒഴിവു സമയത്ത് ലൈബ്രറിയിലാണ് പതിവ്.മൂപ്പര് ചെന്ന് കാവലിരുന്നില്ലെങ്കിൽ അവിടെയുള്ള ചിതല് പിടിച്ച പുസ്തകങ്ങളൊക്കെ വല്ലവരും എടുത്തു കൊണ്ടു പോയാലോ എന്ന മട്ടിൽ.ക്ളാസിൽ വടി കൊണ്ടു പോവില്ല.പിള്ളേരെ തല്ലില്ല,ശകാരിക്കില്ല.വരാന്തയിലും ലൈബ്രറിയിലും ഗ്രൗണ്ടിലും കഞ്ഞിവെപ്പുപുരയിലുമൊക്കെ പിള്ളേരെയും കൊണ്ട് നടക്കലാണു പ്രധാന പണി.
ഈ ബുദ്ധിജീവി നാട്യമൊക്കെ വെറും കാട്ടിക്കൂട്ടലാണ്, വലിയ പഠിപ്പൊന്നുമുള്ള ആളല്ല, ഇംഗ്ലീഷ് തീരെ അറിയില്ല, നക്സലൈറ്റാണ് (കണ്ടില്ലേ,ഹെഡ് മാഷും കൂടെ എത്ര ഭയഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് ) എന്നൊക്കെയുള്ള ഡ്രില്ലു മാഷുടെ പൂച്ചംപറച്ചിലിൽ രാമകൃഷണനു ചെറിയ വിശ്വാസമുണ്ട്.
ഇന്ന് പക്ഷേ മിണ്ടാതിരിക്കാനുംപറ്റില്ല.കൊടുങ്കാറ്റാണ് ചർച്ചാവിഷയം. കാറ്റിൻ്റെ ഗതിവിഗതികളൊക്കെ കണക്ക് ശാന്തട്ടീച്ചർ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുകയാണ്. വേണു മാഷും മൗനിയായിരുന്ന് എല്ലാം കേൾക്കുന്നുണ്ട്.
ശാന്തട്ടീച്ചറുടെ ശാസ്ത്രീയ വിശകലനങ്ങൾ രാമകൃഷ്ണന് അത്ര ശരിയായി തോന്നിയില്ല.
“എൻ്റെ ടീച്ചറേ, ഇതൊക്കെ നമ്മടെ കാലാവസ്ഥക്കാര് ഇപ്പഴല്ലേ അറിയണത്.”
”പിന്നെ കാറ്റടിക്കാൻ പോണൂന്ന് നാലു കൊല്ലം മുമ്പേ അറിയ്വോ?” തൻ്റെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്യപ്പെട്ടത് ടീച്ചർക്ക് രസിച്ചില്ല.
”ഹാ.. നാലു കൊല്ലം മുമ്പല്ലന്നേ… ഒരു കൊല്ലം മുമ്പേ കേരളത്തിലെ വലിയ ഒരു ശാസ്ത്രജ്ഞൻ ഈ സമയത്ത് ഇവിടെ കാറ്റടിക്കും, സുനാമിയുണ്ടാകും എന്നൊക്കെ കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നൂന്നേ.”
“അതേത് ശാസ്ത്രജ്ഞൻ?” ഡ്രില്ലു മാഷ്
“വല്ല പക്ഷിശാസ്ത്രക്കാരനുമാവും.” സുനിത ടീച്ചർ.വേണുമാഷുടെ മുന്നിൽ അല്ലെങ്കിലും ടീച്ചർക്ക് ഒരിത്തിരി തമാശ കൂടുതലാ.
“ഹാ… അല്ലന്നേ. പേര് ഞാൻ മറന്നു പോയി.വലിയ പുളളിയാ. ശാസ്ത്രീയ തെളിവൊക്കെയുണ്ട്. ഇസ് പി വച്ചിട്ടാണത്രേ കണ്ട് പിടിച്ചത്.”
“ഇസ്പിയോ ?” സ്റ്റാഫ് റൂം ഒന്നാകെ ഒരു ചോദ്യചിഹ്നമായി.
“ങ്ങാ…ഇസ്പി. ”
“എന്താ രാമകൃഷ്ണാ ഈ ഇസ്പി?” അതു വരെ മിണ്ടാതിരുന്ന മഹാമുനി വാ തുറന്നു.
“സാറിനറിയില്ലേ?”
“ഇല്ല” വീണ്ടും സ്റ്റാഫ് റൂം ഐക്യപ്പെട്ടു.
മാഷമ്മാരെ അറിവുള്ളവരാക്കുക എന്ന തൻ്റെ സ്ഥിരം ദൗത്യം രാമകൃഷ്ണൻ ചാരിതാർത്ഥ്യത്തോടെ നിറവേറ്റി.
“ഈ ഇസ്പീന്ന് വച്ചാ അമേരിക്കയിലെ കാലാവസ്ഥക്കാർക്ക് മാത്രം അറിയാവുന്ന ഒരു സംഗതിയാണ്.അവർ അത് ആർക്കും പറഞ്ഞു കൊടുക്കില്ല. അതു വച്ചാണ് അവർ കാറ്റും മഴയും ഭൂകമ്പവുമൊക്കെ കൃത്യമായി പ്രവചിക്കുന്നത്. എന്നാൽ സത്യത്തിൽ ഈ ഇസ്പി ആരുടെയാ?”
ഒരു നിമിഷത്തെ ഉദ്വോഗം നിറഞ്ഞ മൗനത്തിനു ശേഷം രാമകൃഷ്ണൻ തുടർന്നു
” നമ്മുടെ!!! നമ്മുടെ വേദങ്ങളിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ടന്നേ. എന്നാലും ആരും അത് വേണ്ടത്ര ശ്രദ്ധിച്ചില്ല. ഈ പുള്ളി അത് വായിച്ചു പഠിച്ചു. ആ വിദ്യ പ്രകാരം ഒരു വർഷം മുന്നേ കണ്ടു പിടിച്ച് പ്രവചിച്ച കാറ്റും മഴയും സുനാമിയും ആണന്നേ ഇപ്പോൾ നടക്കുന്നത്.”
“അതിന് സുനാമി ഇല്ലല്ലോ”
” അതൊക്കെ ഉണ്ടായിക്കോളും. ഇതേയ് തെറ്റില്ല. ഇസ്പിയാ ഇസ്പി.പക്ഷേ പറഞ്ഞത് നമ്മടെ ഇടയിലെ ഒരാളായതു കൊണ്ട് ആരും വില വച്ചില്ല, ഇപ്പോ എന്തായി??!!!”
പണ്ഡിതനും ഇന്ത്യാക്കാരനും സർവ്വോപരി മലയാളിയും ആയ ആ വലിയ ശാസ്ത്രജ്ഞനോട് നാം കാണിച്ച നെറിവുകേടോർത്ത് സ്റ്റാഫ് റൂം താടിയ്ക്ക് കൈയും കൊടുത്തിരുന്നു.
മലയാളം മാഷുടെ മുഖത്തു വിരിഞ്ഞ മുദു മന്ദഹാസം തനിക്കുള്ള പൂച്ചെണ്ടായി രാമകൃഷ്ണൻ ഏറ്റു വാങ്ങി.
