കേശവപിള്ള വല്ലാത്ത കലിപ്പിലാണ്.അങ്ങ് കോട്ടയത്തുള്ള സ്വവസതിയിൽ നിന്ന് നിത്യേന നടന്നു ചെന്ന് വിശ്വസ്തതയോടെ സർക്കാരിനെ സേവിച്ചിരുന്ന തന്നെ ഈ അടുത്തൂൺ കാലത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഓണംകേറാമൂലയിലുള്ള ഒരു വില്ലേജാപ്പീസിലേക്ക് മാറ്റി നിയമിച്ചതിൽ അദ്ദേഹത്തിനു തീർത്താൽ തീരാത്ത അമർഷമുണ്ട്. മേലാപ്പീസർക്കെതിരേ ധർമ്മയുദ്ധം നയിച്ചതിൻ്റെ പേരിലായിരുന്നു ഈ അപ്രതീക്ഷിത നടപടി അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.
അയൽക്കാരനുമായുള്ള അതിർത്തി തർക്കം,സഹോദരിയുമായുള്ള ഭാഗത്തർക്കം, ഭാര്യയുമായി കാലങ്ങളായി നിലനിന്നു പോരുന്ന ശീതയുദ്ധം,മക്കളുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസം എന്നിവയൊക്കെ കൊടുമ്പിരി കൊണ്ടു നിൽക്കുന്ന നേരത്തു വന്നു ഭവിച്ച തികച്ചും അന്യായവും തിടുക്കത്തിലുള്ളതുമായ ആ സ്ഥാനചലനത്തിൽ അദ്ദേഹം ഖിന്നനായിരുന്നു.
മന്ദരപ്പുള്ളിയിൽ വന്നിട്ട് മാസം മൂന്നു കഴിഞ്ഞെങ്കിലും ആ നാടുമായോ നാട്ടുകാരുമായോ അവരുടെ രീതികളുമായോ ഒരു വിധത്തിലും യോജിക്കാൻ അദ്ദേഹത്തിനായിട്ടില്ല.
എന്നത്തേയും പോലെ അന്നും ഒരു സാധാരണ ദിവസമായിരുന്നു.പതിവു പോലെ വില്ലേജാപ്പീസിനു മുന്നിലുള്ള ചായക്കടയിൽ പ്രഭാതഭക്ഷണത്തിനായി അദ്ദേഹം ഉപവിഷ്ടനായി.പ്രാതലിന് ഇഡ്ഢലിയും ദോശയുമല്ലാതെ മറ്റെന്തെങ്കിലുമൊക്കെ കൂടി ആവാം എന്നു പോലും അറിയാത്തവരാണ് ആ നാട്ടുകാർ.പക്ഷേ അന്നു കാലത്ത് അത്യന്തം ഉദാരമനസ്കനായി ഹോട്ടലുടമ കേശവപിള്ളയോട് അരുളിച്ചെയ്തു “ഇന്ന് വെള്ളേപ്പൂണ്ട് ട്ടോളിൻ .”
അപ്പവും സ്റ്റൂവും പ്രതീക്ഷിച്ച് ഇരുന്ന കേശവപിള്ളയുടെ മുന്നിലേക്ക് ദോശമാവ് കൊണ്ട് ഉണ്ടാക്കിയ ഇഡ്ഢലിയും ദോശയുമല്ലാത്ത ഒരു നിർമ്മിതിയിൽ ധാരാളം തേങ്ങാചട്നി കോരിയൊഴിച്ചത് പ്രതിഷ്ഠിച്ച് ഹോട്ടലുടമ അഭിമാനപുർവ്വം പുഞ്ചിരിച്ചു.
അപ്പത്തെ വെള്ളേപ്പം എന്നു പറഞ്ഞ് അവഹേളിച്ചത് കേശവപ്പിള്ള സഹിക്കും; ഇത് പക്ഷേ ക്ഷമയുടെ അപ്പുറത്താണ്.എന്നിരുന്നാലും ഒരക്ഷരം മിണ്ടാതെ(അടുത്ത ഭക്ഷണശാല മൂന്നു കിലോമീറ്ററുകൾക്കപ്പുറമാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം) മുന്നിലിരുന്ന ദോശിഡ്ഢലി അപ്പമെന്ന് സങ്കൽപ്പിച്ച് അദ്ദേഹം വാരി വിഴുങ്ങി.കേശവപ്പിള്ളയുടെ ആക്രമണ സ്വഭാവത്തോടെയുള്ള ഭക്ഷണ രീതി ഹോട്ടലുടമയെ സന്തോഷിപ്പിച്ചു.
“വെള്ളേപ്പം നന്നോ സാർ? ”
തൻ്റെ അന്ത:ക്കരണം ഒറ്റ നോട്ടം കൊണ്ട് ഹോട്ടലുടമയെ അറിയിച്ച് കേശവപിള്ള പുറത്തേക്കിറങ്ങി.
“എന്താണ്ടപ്പാ ദ്,വെട്ടാൻ വരണ പോത്തിനെപ്പോലെ”
ഹോട്ടലുടമ അമ്പരപ്പ് മറച്ചു വച്ചില്ല.
വെടി കൊണ്ട പന്നിയെപ്പോലെ ആപ്പീസിലെത്തി സ്വന്തം കസേരയിലിരുന്ന കേശവപിള്ളയുടെ സമീപത്തേക്ക് ശിപായി ഗോപാലൻ പതുങ്ങിപ്പതുങ്ങിച്ചെന്നു.
“എന്തൊക്കെ സാറേ വിശേഷങ്ങള് ?”
“ഓ…. എന്നാ പറയാനാ”
കേശവപിള്ള നിരാശനായി.ഇവിടുത്തുകാരെ പറ്റി ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അന്തം കെട്ട ജനത.
അന്നേരമാണ് കേശവപിള്ളയുടെ മുന്നിലേക്ക് ഒരു യുവാവ് ഓടിക്കയറി വന്നത്.വന്ന പാടേ അയാൾ കേശവപിള്ളയുടെ മുന്നിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ഗോപാലനെ നോക്കി എന്തൊക്കെ ഗോപാലേട്ടാ എന്നു ചിരിച്ചു.വെള്ള മുണ്ട്,വെള്ള ഷർട്ട്, പൗഡർ,മോതിരങ്ങൾ, മാല,ചിരി എന്നിവയാൽ അലംകൃതനായിരുന്നു ആഗതൻ.കൈയിലിരുന്ന ജീപ്പിൻ്റെ താക്കോലും പേഴ്സും അയാൾ കേശവപിള്ളയുടെ മേശപ്പുറത്തു വച്ചു.അനന്തരം വലം കൈയിരുന്ന ഒരു കടലാസ് കേശവപിള്ളയുടെ നേരെ നീട്ടി.ആ ഓണംകേറാമൂലയിലെ രാജാപ്പാർട്ടിനെ പരമ പുച്ഛത്തോടെ നോക്കിയിരിക്കുകയായിരുന്നു കേശവപിള്ള.കേശവപിള്ളയുടെ അനങ്ങാപ്പാറ നയം കണ്ട ആഗതൻ കസേരയിൽ മുന്നോട്ടാഞ്ഞിരുന്ന് കടലാസ് അൽപ്പം കൂടെ നീട്ടിപ്പിടിച്ചു.
കോപാക്രാന്തനായ കേശവപിള്ള വിഷുവിനു കത്തിച്ച നിലച്ചക്രം പോലെ കസേരയിലിരുന്ന് തിരിഞ്ഞു കത്തി.അദ്ദേഹം രൗദ്ര ഭീമൻ കെട്ടിയാടുന്നതു കണ്ട സഹപ്രവർത്തകർ പതിയെ രംഗമൊഴിഞ്ഞു;പ്യൂൺ ഗോപാലനടക്കം. അന്ധാളിച്ചു പോയ ആഗതൻ തൻ്റെ ജംഗമ വസ്തുക്കൾ പെറുക്കിയെടുത്ത് ഝടുതിയിൽ സ്ഥലം വിട്ടു.
അൽപനേരം കഴിഞ്ഞ് ശിപായി കേശവപിള്ളയുടെ ചാരത്തണഞ്ഞു.
സ്ഥലത്തെ ഒരു രാഷ്ട്രീയനേതാവും ജൻമിയും മില്ലുടമയും സർവ്വോപരി ഒരു സാംസ്കാരിക നായകനുമായിരുന്നു സന്ദർശകൻ.അയാളെ പിണക്കി അയക്കേണ്ടിയിരുന്നില്ല.
“ഓ…. അയ്യാളെന്നെ എന്നാ കാട്ടാനാ?ഇതീക്കൂടുതലൊന്നും എനിക്കിനി വരാനില്ലന്നേ.”
കേശവപിള്ള സംഭവത്തെ നിസ്സാരവൽക്കരിച്ചു.
നിർവ്വചിക്കാനാവാത്ത ഒരു തരം ചിരിയോടെ ശിപായി മേലാവിനോടു പറഞ്ഞു മന്ദരപ്പുള്ളി പാലക്കാടുള്ള തരക്കേടില്ലാത്ത ഒരു സ്ഥലമാണ്. അട്ടപ്പാടി, അഗളി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിങ്ങനെ ധാരാളം വനപ്രദേശങ്ങളും പിന്നോക്ക പ്രദേശങ്ങളും കൂടി ഉൾപ്പെട്ട ജില്ലയാണ് പാലക്കാട് ,അത് സാറ് മറക്കണ്ട എന്ന്.
രാവിലേ തൊട്ട് തുടങ്ങിയ ചെന്നിക്കുത്ത് കേശവപിള്ളക്ക് അധികരിച്ചു. ആരോടും ഒന്നും പറയാതെ അദ്ദേഹം ബാഗുമെടുത്ത് തൻ്റെ വാസസ്ഥലത്തു തിരിച്ചെത്തി മച്ചിൽ നോക്കി കിടന്നു.സന്ധ്യ മയങ്ങിയപ്പോൾ ഒരു കൈയിൽ പത്തിരിയും ഇറച്ചിക്കറിയും മറുകൈയിൽ വാറ്റുചാരായവുമായി ഗോപാലൻ വന്നു കയറി.
ജോലി സ്ഥലത്ത് ജൻമി കുടിയാൻ ബന്ധമാണെങ്കിലും സായാഹ്നങ്ങളിൽ സമഭാവേന വർത്തിക്കുന്നവരായിരുന്നു അവർ.ഒന്നു രണ്ടിറക്ക് വാറ്റ് അകത്ത് ചെന്നതോടെ കേശവപിള്ള ഒന്ന് അയഞ്ഞു.നാട്ടിലും വീട്ടിലും താൻ നേരിടുന്ന അസംഖ്യം വയ്യാവേലികളെ പറ്റി അദ്ദേഹം വാചാലനായി.
തീർത്തും അനഭിമതനായ ഒരു യുവാവുമായി വിവാഹത്തിനു തയ്യാറെടുത്തു നിൽക്കുകയാണ് മകൾ.ഒരു കാരണവശാലും താനതിനു സമ്മതിക്കില്ലെന്നു പറഞ്ഞപ്പോൾ അച്ഛൻ്റെ അനുവാദം വേണ്ടെന്നും ആശീർവ്വാദം മാത്രം മതിയെന്നും മകൾ അറിയിച്ചിരിക്കുകയാണ്.
മകനെ ഒരു എഞ്ചിനീയറായി കാണണമെന്ന് ഏതൊരു പിതാവിനെയും പോലെ താനുമാഗ്രഹിച്ചു. അച്ഛൻ്റെ ന്യായമായ ആവശ്യത്തോട് ഇടം തിരിഞ്ഞു നിൽക്കുകയാണ് മകൻ ചെയ്തത്.അത് അവൻ്റെ ബാലചാപല്യമായി മാത്രം കണ്ട് അടി, ഇടി,ഭീഷണി, കൈക്കൂലി എന്നിവയിലൂടെ അവനെ കീഴ്പെടുത്തി വൻതുക ഫീസിനത്തിലും സംഭാവനയിനത്തിലും ചിലവഴിച്ച് ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ചേർത്തു.കോളേജിൽ ചേർന്ന ശേഷം നാളിതു വരെ നടന്ന ഒരു പരീക്ഷയിലും അവൻ ജയിച്ചിട്ടില്ല. അച്ഛനെ തോൽപ്പിക്കാനായി അവൻ മന:പൂർവ്വം പഠിക്കാതിരിക്കുന്നതാണ്.
ഒന്ന് ദേഷ്യപ്പെട്ടാലുടനെ അടുക്കളയിൽ കയറി ഒളിക്കുമായിരുന്ന ഭാര്യ ഈയിടെയായി തിരിഞ്ഞു കുത്തിത്തുടങ്ങി.മക്കൾ വലുതായപ്പോൾ ഭാര്യക്ക് തന്നെ വിലയില്ലാതായി.
കേശവപിള്ളയുടെ ആവലാതികളെല്ലാം ക്ഷമയോടെ മൂളിക്കേട്ട ഗോപാലൻ പറഞ്ഞു
“നിങ്ങ വിഷമിക്കാതിരിക്കിൻ. നാളെ നമ്മക്ക് ഒരാളിനെ പോയി കാണാ.ഇബ്ടെ അട്ത്തന്നെ. ഒരു ജ്യോൽസ്യക്കാരനാണ്. ”
ജ്യോൽസ്യരുടെ അടുത്തു പോവാൻ പക്ഷേ കേശവപിള്ള തയ്യാറല്ല.ഹൃദയ വിശുദ്ധിയും സ്വഭാവ നൈർമ്മല്യവും മാത്രം കൈമുതലായുള്ള കേശവപിള്ളക്ക് എല്ലായിടത്തു നിന്നും നേരിടേണ്ടി വരുന്നത് തടസ്സങ്ങളും തിരിച്ചടികളും മാത്രമാണ് എന്നതു തന്നെ കടുത്ത ശത്രു ബാധയുടെ ലക്ഷണങ്ങളാണെന്ന് ഗോപാലൻ വാദിച്ചു. നാട്ടുകാരറിഞ്ഞാൽ കുറച്ചിലല്ലേ എന്ന് കേശവപിള്ള സന്ദേഹിച്ചു. ആരും അറിയില്ല, നമുക്ക് അതിരാവിലേ പോവാം, ഇനി അഥവാ ആരെങ്കിലും അറിഞ്ഞാൽ തന്നെയും കുഴപ്പമൊന്നുമില്ല,എല്ലാവരും പോവുന്നതു തന്നെയെന്ന് എന്നു ഗോപാലൻ സാന്ത്വനിപ്പിച്ചു.
പിറ്റേന്ന് അതികാലത്തേ മനസ്സില്ലാമനസ്സോടെ ജ്യോൽസ്യരെ കാണാൻ കേശവപിള്ള ഗോപാലനു പിറകേ ഇറങ്ങിത്തിരിച്ചു.തോട്ടുവക്കത്തെ മുള്ളുവേലി കെട്ടിയ തൊടിയിലെ ഒരു ചെറിയ വീടിൻ്റെ വീതിയില്ലാത്ത കോലായിൽ ജ്യോൽസ്യർ ഇരുന്നിരുന്നു.വീടിൻ്റെ മുളമ്പടിയിൽ ജ്യോൽസ്യർ പരമാനന്തം എന്ന് എഴുതിയ നിറം മങ്ങിയ ബോർഡ് കെട്ടി വച്ചിരുന്നു.കേശവപിള്ളക്ക് പറയാതിരിക്കാനായില്ല
”ന്ത അല്ല ന്ദ”
തോടിനു കുറുകേ ഇട്ടിരുന്ന തെങ്ങിൻതടിപ്പാലം കടക്കുന്നതിനിടെ ഗോപാലൻ തിരിഞ്ഞു നോക്കി
“എന്താന്നും”
“ഈ എഴുതി വച്ചിരിക്കുന്നതേ….. തെറ്റാണെന്നേ,പരമാനന്തമല്ല,പരമാനന്ദം”
“അയ്യാളിൻ്റെ പേര് അയ്യാൾക്കല്ലേന്നും അറിയാ.അല്ലാണ്ടെ നിങ്ങക്കാണ്? മൂടിങ്ങാണ്ട് വരീൻ. വലിയ ഞാനിയാണ്.”
അന്തമില്ലാത്ത ഇവരോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല.കേശവപിള്ള മൗനിയായി.
ജ്യോൽസ്യരുടെ ലഘു ജീവചരിത്രം തലേന്ന് ശിപായി നൽകിയിരുന്നു,
ജ്യോൽസ്യരുടെ യഥാർത്ഥ നാമധേയം കിട്ടുണ്ണി. ചെറുപ്പത്തിൽ നാടു വിട്ടു പോയി.പലയിടത്തും അലഞ്ഞു നടന്ന് ഒടുവിൽ ഹിമാലയത്തിലെത്തി. അവിടെ ഒരു സിദ്ധനു ശിഷ്യപ്പെട്ട് ജ്യോൽസ്യം, മന്ത്രം, തന്ത്രം എന്നിവയിലൊക്കെ ഉന്നത പഠനം നടത്തി നാട്ടിൽ തിരിച്ചെത്തി പരമാനന്തം എന്ന പേരു സ്വീകരിച്ച് നാട്ടുകാരെ സേവിച്ചു കഴിയുന്നു, അന്നാട്ടിൽ എന്ത് പ്രശ്നമുണ്ടായാലും നാട്ടുകാർ പരമാനന്തത്തെയാണ് സമീപിക്കുക, മോഷണം മുതൽ കൊലപാതകം വരെ മൂപ്പർ കവടി നിരത്തി കണ്ടുപിടിച്ചു കളയും.
എന്നാൽ പിന്നെ ഈ നാട്ടിൽ പോലീസ് സ്റ്റേഷൻ്റെ ആവശ്യമില്ലല്ലോ,നേരെ വന്ന് ഇയാളോട് ചോദിച്ചാൽ പോരേ.ഈ വാദമുഖം പക്ഷേ കേശവപിള്ള മനസ്സിൽ സൂക്ഷിച്ചതേയുള്ളൂ.തർക്കങ്ങളും വഴക്കുകളും അദ്ദേഹത്തെ പരവശനാക്കിയിരുന്നു. മറ്റൊരു വാഗ്വാദത്തിനുള്ള ത്രാണി അദ്ദേഹത്തിനില്ലായിരുന്നു.
ചിലന്തിവല പോലെ നിറയെ വിള്ളലുകൾ വീണ നിറം മങ്ങിയ ചുവന്ന കോലായിൽ ധ്യാനത്തിലിരുപ്പായിരുന്നു ജ്യോൽസ്യർ.കാൽപ്പെരുമാറ്റം കേട്ട് ധ്യാനം വിട്ടുണർന്ന് മൂപ്പർ ആഗതരെ മിഴിച്ചു നോക്കി പുഞ്ചിരിച്ചു.ഭസ്മകുങ്കുമാഭിഷിക്തനായി പല വലുപ്പത്തിലുള്ള രുദ്രാക്ഷമാലകളണിഞ്ഞ് ജടാധാരിയായി ചെറിയൊരു കോങ്കണ്ണും ചെവിയിൽ തിരുകി വച്ചിരിക്കുന്ന ചെത്തിപ്പൂവുമായി കാഴ്ചയിൽ ഒരു ചെറുപൂരമായി പരമാനന്തം വിരാജിച്ചു.
“ഇരിക്കിൻ ”
നിലത്തിരിക്കാനുള്ള ക്ഷണമാണതെന്ന് തിരിച്ചറിഞ്ഞ കേശവപിള്ള ആശങ്കാകുലനായി.
“നെലത്തിരിക്കാൻ വയ്യാ പറഞ്ഞാ ആ തിണ്ണയിലിരുന്നോളിൻ ”
ആശ്വാസപൂർവ്വം തിണ്ണയിലേക്ക് നീങ്ങിയ അദ്ദേഹത്തെ ശിപായി കണ്ണു കൊണ്ട് വിലക്കി. ജ്യോൽസ്യരുടെ മുന്നിൽ നിലത്തിരിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം മുണ്ടുടുത്തു വന്നേനെ.പാൻ്റ് ധരിച്ച് തറയിൽ ചമ്രം പടിഞ്ഞിരിക്കുന്നത് കേശവപിള്ളയുടെ വന്യമായ സങ്കൽപ്പങ്ങൾക്കും അപ്പുറത്തായിരുന്നു.
പൃഷ്ഠഭാഗത്തിൻ്റെ ഒരംശം മാത്രം തറയിലൂന്നി ഞാണു പൊട്ടിയ വില്ലു പോലെ നിൽക്കുന്ന രണ്ട് കാലുകളെയും കുടവയറിനോട് ചേർത്ത് രണ്ടു കൈ കൊണ്ടും ബന്ധിച്ച് യോഗമുദ്രയിൽ പിസായിലെ ചെരിഞ്ഞ ഗോപുരം കണക്കേ ആസനസ്ഥനായ കേശവപിള്ളയെ ജ്യോൽസൃർ അൽപനേരം കരുണയോടെ വീക്ഷിച്ചു.അനന്തരം മൊഴിഞ്ഞു”കാല് നീട്ടി ഇരുന്നോളിൻ”
കേശവപിള്ള ആശ്വാസനിശ്വാസത്തോടെ കാലു രണ്ടും നീട്ടി വച്ചു.ആ നിശ്വാസത്തിൻ്റെ ആഘാതം താങ്ങാനാകാതെ കോലായിൽ ജ്യോൽസൃർ കൊളുത്തി വച്ചിരുന്ന അഞ്ചു തിരി വിളക്കിലെ ഒരു നാളം കണ്ണടച്ചു.പല്ലി ചിലയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ച് ശിപായി അതിന് അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കി.അബദ്ധത്തിലായ കേശവപിള്ളയെ പരമാനന്തം
ആശ്വസിപ്പിച്ചു.
“സാരൂല്യാ…കാറ്റ് തട്ടിയാ ഏത് തിരിയും കെട്ടളയും.”
അൽപ നേരം കണ്ണടച്ച് ധ്യാനിച്ച ശേഷം പരമാനന്തം കൈ നീട്ടി
“തലക്കുറി. ”
കേശവപിള്ള കൊണ്ടു വന്നിട്ടില്ല
“തലക്കുറി ഇല്ല്യാ?”
“അതങ്ങ് കോട്ടയത്താ…. വീട്ടിൽ ”
“തെന്നേ.,, സെരി ”
പരമാനന്തം ധ്യാനസ്ഥനായി.
“കേദിക്കണ്ട ട്ടോളിൻ”
കേശവപിള്ള ശിപായിയെ നോക്കി.
“വിഷമിക്കണ്ടാന്ന്” ഗോപാലൻ പരിഭാഷപ്പെടുത്തി.
ജ്യോൽസ്യർ കണ്ണു മിഴിച്ച് എങ്ങോട്ടോ നോക്കി പ്രത്യേക ഈണത്തിൽ വായ്ത്താരി തുടങ്ങി.
“നിങ്ങണ്ടെ ചീരഴിച്ചില് ഇന്നോ ഇന്നലെയോ മുതൽക്കൊണ്ട് തൊടങ്ങിയതല്ല”
കേശവപിള്ള ഗോപാലനെ നോക്കി
“സാറിൻ്റെ കഷ്ടകാലം ഒരുപാടായി തുടങ്ങിയിട്ട വേ ”
“നിങ്ങണ്ടെ എല്ലാ കാരിയുവും ആദിക്കെ മുതൽ തൊട്ടേ രൂപക്കേടന്നെ. കുടിയപ്പാട്ടില് എന്നും ചണ്ട തന്നെ. നിങ്ങണ്ടെ കൂട്ടം ആരിക്കും പിടിക്കില്യ, അതന്നെ….. ”
പറയുന്നതൊന്നും പിടികിട്ടാതെ തൻ്റെ മുന്നിൽ കുഴങ്ങിയിരിക്കുന്ന കേശവപിള്ളയെ പരമാനന്തം തറപ്പിച്ചു നോക്കി
“ഉണ്ണിക്ക് തിരിയണ് ണ്ടാ?”
കേശവപിള്ള ഇല്ലെന്ന് തലയാട്ടി.
”ചെകിട് കേക്കാമ്പാടായ ഇണ്ടാ?”
പരമാനന്തത്തിന്റെ ആ ചോദ്യം കേശവപിള്ളയെ ചൊടിപ്പിച്ചു.ആ നാടിനോടും നാട്ടാരോടും അവരുടെ സംസ്കാരത്തിനോടും വാമൊഴിയോടുമൊക്കെയുള്ള തൻ്റെ അതൃപ്തി ശക്തമായ ഭാഷയിൽ അദ്ദേഹം രേഖപ്പെടുത്തി.അശിക്ഷിതരായ അന്നാട്ടുകാർ പറയുന്നത് മലയാളമാണെന്നു പോലും താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേശവപിള്ളയുടെ ദേഷ്യം കത്തിത്തീരുന്നതു വരെ പരമാനന്തം മിണ്ടാതിരുന്നു.അദ്ദേഹം അടങ്ങിയപ്പോൾ പരമാനന്തം പറഞ്ഞു
“നിങ്ങ എന്ത് വിവരക്കേടാണ്ന്നും പറയണത്?കേരളത്തിൻ്റെ അയ്യ തല തൊട്ട് ഇയ്യ തല വരെ എല്ലാവരും കൂട്ടം കൂടണത് മലയാളത്തീ തന്നെ.അതീ നിങ്ങണ്ടെ പാഷയും പെടും.അല്ലാണ്ടെ നിങ്ങ പറയണത് മാത്രം ശെരി,അതന്നെ എല്ലാവരും പറയണം പറഞ്ഞാ നടക്ക്വോന്നും?”.
ഒരു ഇട്ടാവട്ടത്തുള്ളത് മാത്രമാണു ശരി,താൻ മാത്രമാണു ശരി എന്ന് നിനയ്ക്കുന്നതാണ് കേശവപിള്ളയുടെ പോഴത്തരം എന്നും പരമാനന്തം വ്യക്തമാക്കി.
കേശവപിള്ളയുടെ തലയിൽ നൂറു വിളക്കുകൾ ഒന്നിച്ചു തെളിഞ്ഞു.ബോധി വൃക്ഷത്തണലിലെ തഥാഗതനെ പോലെ കേശവപിള്ള ഉദ്ബുദ്ധനായി.തൻ്റെ ശരികളല്ല അപരൻ്റെ ശരികളെന്നും അവ തൻ്റെ ശരികളുമായി സദൃശപ്പെടുന്നില്ലെങ്കിൽ കൂടെയും അവയിലും സത്യമുണ്ടെന്നും കേശവപിള്ള തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.അദ്ദേഹത്തിൻ്റെ സമസ്ത പ്രശ്നങ്ങളുടേയും ഉത്തരം മുന്നിലിരുന്ന നാലു തിരി കത്തുന്ന നിലവിളക്കിൽ തെളിഞ്ഞു വന്നു.
നിലത്തു നിന്ന് തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് പരമാനന്തത്തിൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് തൻ്റെ പോക്കറ്റിലിരുന്ന നോട്ടുകളത്രയും ആ കൈകളിൽ പിടിച്ചേൽപ്പിച്ച് കേശവപിള്ള പുറത്തിറങ്ങി.ദേഹസ്ഥിതി അനുവദിച്ചിരുന്നെങ്കിൽ ജ്യോൽസ്യരുടെ മുന്നിൽ അദ്ദേഹം ദണ്ഡനമസ്കാരം ചെയ്തേനെ.
നടന്നതൊന്നും മനസ്സിലാവാതെ ഗോപാലൻ വാ പൊളിച്ചിരുന്നു. തൻ്റെ മേലാവിൻ്റെ നിറമിഴികൾ കണ്ട് പ്രശ്ന പരിഹാരം സംഭവിച്ചിരിക്കുന്നതായി ശിപായി ഊഹിച്ചു.
തൻ്റെ സാറിൻ്റെ കാലക്കേട് ഒരു നുള്ളു ഭസ്മം ജപിച്ചു നൽകി ജ്യോൽസ്യർ പരിഹരിച്ചു എന്ന രീതിയിൽ വേണം പരമാനന്ത വിജയഗാഥ നാലാളറിയാനെന്ന് മനസ്സിലുറപ്പിച്ച് ഗോപാലനും കേശവപിള്ളക്കു പുറകേ പടിയിറങ്ങി.
