മറ്റൊരു പരീക്ഷാക്കാലം

വീണ്ടും ഒരു പരീക്ഷാക്കാലം….
കണക്കും സയൻസും അല്ല തൻ്റെ ശക്തികേന്ദ്രങ്ങളെന്നും ഹ്യുമാനിറ്റീസ് ആണ് തനിക്കു പറഞ്ഞിട്ടുള്ളതെന്നുമുള്ള ഒരു പുതിയ തിരിച്ചറിവോടെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി ട്രിപ്പിൾ മേജർ പഠനം ലാക്കാക്കി അറബിക്കടലിനക്കരെയുള്ള ഒരു കോളേജിലേക്ക് പോയിരിക്കുകയാണ് അച്ചു.

ഇത് ഇത്തിരി കടന്നകൈയായിപ്പോയില്ലേ,ഈ ട്രിപ്പിൾ മേജർ എന്ന് സന്ദേഹിച്ചവരോടെല്ലാമേ അവൻ പറഞ്ഞത് CBSE പന്ത്രണ്ടാം ക്ലാസിൽ മാത്സ്,ഫിസിക്സ്,കെമിസ്ട്രി എടുത്ത് പഠിച്ചു നോക്കൂ…ലോകത്തെന്തുമേതും നിസ്സാരമായി തോന്നും എന്നാണ്.

ഇന്നലെ അവന് ആദ്യത്തെ ഇക്കണോമിക്സ് പരീക്ഷയായിരുന്നു.
ഒരു മോട്ടിവേഷൻ എന്ന നിലയിൽ പഴയൊരു ഇക്കണോമിക്സ് ആയ ഞാൻ അവനോട് പറഞ്ഞു വല്ല സംശയവും ഉണ്ടെങ്കിൽ അമ്മയോടു ചോദിച്ചോളൂ ട്ടോ എന്ന്.യൂ ആസ്ക് ഇക്കണോമിക്സ് ക്വസ്റ്റ്യൻസ്, ഐ റിപ്ലെ ഇക്കണോമിക്സ് ആൻസേഴ്സ് എന്ന ഒരു ലൈനിൽ….
അതിന് അമ്മ പഠിച്ച പ്രീ ഹിസ്റ്റോറിക് ടൈമിലെ പഴേ ലിപിയിലുള്ള എക്കണോമിക്സ് അല്ല ഇപ്പോൾ. ടൈം ഹാസ് ചേഞ്ച്ഡ് അമ്മാ…. എന്നായിരുന്നു മറുപടി.
ഇന്ന് വൈകീട്ട് പരീക്ഷ കഴിഞ്ഞ് അവൻ്റെ അടിയന്തിര ഫോൺ സന്ദേശം വന്നു
“അമ്മാ… അച്ഛനോട് നന്നായി ഒന്ന് പ്രാർത്ഥിക്കാൻ പറയണം ട്ടോ… ജയിക്കുമായിരിക്കും, എന്നാലും… ”
അമ്മയും ദൈവവുമായുള്ള ഇരുപ്പുവശത്തിൽ കുട്ടിക്ക് അത്ര വിശ്വാസം പോര.അതാണ് അച്ഛനോട് പ്രാർത്ഥിക്കാൻ പറയുന്നത്.
ഇത് കേട്ട അച്ഛൻ വല്ലാതെ നിരാശനായി. കാലത്തേ പറഞ്ഞതാണെങ്കിൽ നന്നായിത്തന്നെ പ്രാർത്ഥിക്കാമായിരുന്നു. ഇത് ഇപ്പോൾ പരീക്ഷ കഴിഞ്ഞില്ലേയെന്ന്.
ദൈവവുമായി ഡയറക്റ്റ് ഡീലിംഗ്സ് ഉള്ള ആളാണല്ലോ.

ട്രിച്ചിയിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അപ്പുവിനും ഇത് സൈക്കിൾ ടെസ്റ്റുകളുടെ കാലമാണ്. സർവദിക്കിലും ഇൻറ്റേണൽ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന പരീക്ഷ അവൻ്റെ കോളേജിൽ സൈക്കിൾ ടെസ്റ്റ് എന്ന നാമധേയമാണ് സ്വീകരിച്ചിരിക്കുന്നത്.
“ടാ…. പരീക്ഷ എങ്ങനെയുണ്ടായിരുന്നു?”
“കുഴപ്പമില്ല അമ്മാ…ഒരു മണിക്കൂർ ആയിരുന്നു എക്സാം..ആ വൺ അവർ ഫുൾ ഞാൻ എഴുതീട്ടുണ്ട്. ശരിയോ തെറ്റോ എന്നൊന്നും അറിയില്ല.മാർക്ക് വരുമ്പോ അറിയാൻ പറ്റും.”

ഇവരൊക്കെ പഠിച്ച് വലുതായി ജോലി കിട്ടി ശമ്പളം വാങ്ങി എൻ്റെ കൈയിൽ കൊണ്ടു വന്നു തരണം,എന്നിട്ടു വേണം എൻ്റെ ശിഷ്ടകാലം ലാവിഷാക്കാൻ എന്നതൊക്കെയാണ് എൻ്റെ ഒരു പ്ലാൻ.
ദൈവമേ… നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ!?

Leave a comment