കുറ്റം കാഴ്ച്ചപ്പാടുകളുടേതാണ്

വടക്കോട്ടു പോവുന്ന രാത്രിയിലെ ദീർഘദൂര ബസ്സ്.അവസാനത്തെ സീറ്റിൽ രണ്ടു പേർ.നേരം പാതിര കഴിഞ്ഞെങ്കിലും രണ്ടു പേരും ഉറങ്ങിയിട്ടില്ല.പുറത്തെ കനം കൂടിയ ഇരുട്ടും ഇരുട്ടിൻ്റെ ആ മഹാഗാഥക്ക് കുത്തും കോമയും ഇട്ട് പുറകോട്ടോടുന്ന വെളിച്ചങ്ങളും നോക്കി ഇരിക്കുകയാണ് ഇരുവരും.

അവരിൽ ഒരാൾ അവധി കഴിഞ്ഞു മണലാരണ്യത്തിലേക്ക് തിരികേ പോവുന്ന പ്രവാസിയാണ്.താൻ മടങ്ങിച്ചെല്ലുന്ന ദുരിത ജീവിതത്തെപ്പറ്റിയും അവിടെ തന്നേയും കാത്തിരിക്കുന്ന അത്യധ്വാനത്തെ പറ്റിയും ഒറ്റപ്പെടലിനെ പറ്റിയും ഗൃഹാതുരത്വത്തെ പറ്റിയും അയാൾ ആകുലനായി.
“ശരിയായ ജയിൽജീവിതമാണു ഭായ്”

മറ്റേയാളും താൻ മടങ്ങി ചെല്ലുന്ന ഇടത്തെക്കുറിച്ചു പറഞ്ഞു. നേരത്തിനു നല്ല ഭക്ഷണം, ധരിയ്ക്കാൻ വസ്ത്രം, വായിക്കാൻ പത്രങ്ങൾ, വാരികകൾ, പുസ്തകങ്ങൾ, ടി.വി കാണാൻ സമയവും സൗകര്യവും,റിക്രിയേഷൻ റൂം, ഇടയ്ക്കിടെ വൈദ്യ പരിശോധന, ചികിൽസാ സൗകര്യം; എല്ലാം കമ്പനിച്ചിലവിൽ. ഇനി തുടർ വിദ്യാഭ്യാസം നേടാൻ ആഗ്രഹമുണ്ടെങ്കിൽ അതിനും സൗകര്യം ചെയ്തു തരും.കൃത്യമായ സമയത്തു മാത്രം ജോലി ചെയ്താൽ മതി, കൃത്യമായ കൂലിയും കിട്ടും.തികഞ്ഞ സ്വകാര്യത, കർശനമായ സുരക്ഷാസംവിധാനങ്ങൾ. അനുമതിയില്ലാതെ പുറത്തു നിന്ന് ആരേയും അകത്ത് പ്രവേശിപ്പിക്കില്ല.
ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോയി വരികയാണ് അയാൾ. അവധി ലഭിക്കുന്നതാണ് പ്രയാസം.അപേക്ഷകളും നൂലാമാലകളും – കടമ്പകളേറെ കടക്കണം അവധി ലഭിക്കുവാൻ.

“ഭാഗ്യവാൻ ” പ്രവാസി നെടുവീർപ്പിട്ടു.
അപരൻ്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
“അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. എയർപോർട്ടിലേക്ക് പോവുന്നവർ അവിടെയാണ് ഇറങ്ങേണ്ടത്. ബസ് സ്റ്റോപ്പിൽ നിന്ന് വീണ്ടും യാത്രയുണ്ട് എയർപോർട്ടിലേക്ക്. വല്ല ഓട്ടോയോ റിട്ടേൺ പോവുന്ന ടാക്സിയോ മറ്റോ കിട്ടുമോ എന്ന് നോക്കണം.”
പ്രവാസി സഹയാത്രികന് കൈ കൊടുത്തു.

തിരക്കിനിടയിൽ അയാൾ പോവുന്ന ആ മോഹനസുന്ദരമായ ഇടം ഏതാണെന്ന് ചോദിക്കാൻ പ്രവാസി മറന്ന് പോയിരുന്നു.
സെൻട്രൽ ജയിൽ എന്ന് പറയാതിരിക്കാൻ അപരനും ശ്രദ്ധിച്ചിരുന്നു.

Leave a comment