അമ്മേ… ഞാനൊരു വലിയ നക്ഷത്രം കണ്ടു. ദാ നോക്കൂ…”
നാലുവയസ്സുകാരൻ മകൻ്റെ കറുത്തു മെലിഞ്ഞ കൈ ചൂണ്ടിക്കാണിക്കുന്നിടത്തേക്ക് അമ്മ അലസമായി ഒന്നു നോക്കി. അവരുടെ ഒറ്റമുറിക്കൂരയുടെ കുഞ്ഞു ജാലകത്തിലൂടെ കാണാവുന്ന ഒരു കീറ് ആകാശത്തിൽ ഒരു പ്രകാശ ഗോളം നിറഞ്ഞു ചിരിച്ചു നിന്നിരുന്നു.
നിറം മങ്ങിയ കണ്ണാടി നോക്കി കറുത്ത മുഖത്ത് വെളുത്ത ചായം തേച്ചു പിടിപ്പിച്ച് രാത്രിജോലിക്ക് പോവാൻ തയ്യാറാവുകയായിരുന്നു അമ്മ.
നഗരത്തിലെ മാലിന്യങ്ങളെല്ലാം വന്ന് അടിഞ്ഞു ചേരുന്ന ദിക്കിലായിരുന്നു അവരുടെ വീട്.മലവെള്ളപ്പാച്ചിലിൽ കുമിഞ്ഞു കൂടിയ ചണ്ടികൾ പോലുള്ള ഒരു ജനത വസിക്കുന്നിടം. അടുത്ത ഒരു വെള്ളപ്പാച്ചിലിൽ എവിടെയെന്നറിയാത്തൊരു തീരത്ത് ചെന്നടിയേണ്ടവർ. ജീവിതം നെഞ്ചോടു ചേർത്തുപിടിക്കാൻ തത്രപ്പെടുന്നവർ.
ഇടുങ്ങിയ തെരുവിൽ നിന്ന് അവനു പിറകേ മുറിയിലേക്ക് ഓടിക്കയറി വന്ന ആറുവയസ്സുകാരി മകൾ ചുണ്ടു കോട്ടി ചിരിച്ചു.
”അമ്മേ… ഇവന് ഒന്നുമറിയില്ല. അത് നക്ഷത്രമൊന്നുമല്ലടാ, വിമാനമാണ്. നക്ഷത്രം ഇത്ര വലുതല്ല അല്ലേ അമ്മേ?”
അമ്മ ഇല്ലാത്ത നേരത്ത് മകൻ്റെ കാവൽമാലാഖ മകളായിരുന്നു. അതിനാൽ തന്നെ അവൻ്റെ വിവരദോഷങ്ങൾ തിരുത്തേണ്ട ഉത്തരവാദിത്തം തികഞ്ഞ ഗൗരവത്തോടെയാണ് ആ കുഞ്ഞു വലിയേച്ചി ഏറ്റെടുത്തിരിക്കുന്നത്.
” ഈ ചേച്ചിക്കാ ഒന്നുമറിയാത്തത്.അതു നക്ഷത്രം തന്നെയാ,വിമാനം ഇങ്ങനെയല്ല,അല്ലേ അമ്മേ?” തുണികൾ വാരിവലിച്ചിട്ടിരിക്കുന്ന കയർ വരിഞ്ഞ കട്ടിലിൽ കയറിയിരുന്ന് മകൻ മുഖം വീർപ്പിച്ചു.
മക്കളുടെ തർക്കം കണ്ടു നിന്ന അമ്മയുടെ കണ്ണും മനസ്സും പിടഞ്ഞു.അവരുടെ ഇത്തിരിപ്പോന്ന ജാലകത്തിൽ പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് താരകമോ വിമാനമോ ഒന്നുമല്ലെന്നും നഗര സൗന്ദര്യവത്കരണത്തിൻ്റെയും ചേരി നിർമ്മാർജ്ജനത്തിൻ്റെയും ഭാഗമായി എത്തിയ പടുകൂറ്റൻ ക്രെയിനിൽ നിന്ന് വരുന്ന വെളിച്ചമാണെന്നും ഉള്ള ഉത്തരം അമ്മയുടെ തൊണ്ടയെ കുത്തി നോവിച്ചു. മുറിയ്ക്കകത്തെ നാലു പ്രകാശഗോളങ്ങൾ അമ്മയുടെ മനസ്സിലെ കനലായി.
അത്ര വിദൂരമല്ലാത്ത ഒരു ഭാവിയിൽ പലയിടങ്ങളിലായി അവർ ചിതറിപ്പോവുമ്പോൾ, മറ്റൊരു രാത്രിയിൽ മറ്റൊരു നഗരത്തിൽ മറ്റൊരു ജീവിത സാഹചര്യത്തിൽ തന്താങ്ങൾക്കു വിധിക്കപ്പെട്ട ഇടങ്ങളിലിരുന്ന് അവർ മുകളിലേക്ക് നോക്കണമെന്നും മറ്റൊരു ക്രെയിൻ്റെ വെളിച്ചം അവർ കാണാനിടയാവണമെന്നും അന്നേരം ഈ ഒരു സന്ധ്യയും ഈ ഒരു നിമിഷവും അവരോർക്കണമെന്നും വേവുന്ന അവരുടെ മനസ്സുകളിൽ അന്ന് ഈ ഓർമ്മക്കാഴ്ച്ച മഞ്ഞു വീഴ്ത്തണമെന്നും അവരുടെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയണമെന്നും അമ്മ ആഗ്രഹിച്ചു.ആ അനതിവിദൂര ഭാവിയിൽ അവരെ പരസ്പരം ബന്ധിപ്പിക്കുന്ന കാണാച്ചരട് ഈ ഓർമ്മകൾ മാത്രമായിരിക്കും.
നിറഞ്ഞ മിഴികൾ തുടയ്ക്കാൻ മിനക്കെടാതെ കാത്തു നിൽക്കുന്ന നഗരരാവിൻ്റെ ഇരുളിലേയ്ക്ക് അമ്മ ഊളിയിട്ടു;വാതിലടച്ചേക്കൂ എന്ന ഓർമ്മപ്പെടുത്തലോടെ.

👏👏👏
LikeLike