സുഹൃത്തേ,
ഒരു കണക്കു പുസ്തകം
സദാ കരുതിക്കോളുക.
നീ കൊണ്ട വെയിലിൻ്റെ,
നീയേറ്റ തണലിൻ്റെ,
നീ കണ്ട കനവിൻ്റെ
നിൻ്റെ സ്നേഹത്തിൻ്റെ
കണക്കുകൾ അതിൽ
ഭദ്രമായിരിക്കട്ടെ.
മനസ്സിൻ്റെ ഭിത്തിയിൽ
മായാതെ നീ കോറിയിട്ട
നിൻ്റെ കരുതലുകളുടെ,
നിൻ്റെ യാതനകളുടെ,
നിൻ്റെ വേവലുകളുടെ
കണക്കുകൾ അവിടെ എടുക്കില്ല.
.
ഏടുപുസ്തകത്തിലെ കണക്കുകൾ
മാത്രമേ അവിടെ ചെല്ലൂ.
അതിനാൽ സദാ
കണക്കു പുസ്തകം
കൈയിലിരിക്കട്ടെ.
കൂട്ടിക്കിഴിച്ച് നോക്കരുത്.
ആയുസ്സൊരു
നഷ്ടക്കണക്കാണെന്നു കാണും.
എങ്കിലും ഒരു കണക്കു പുസ്തകം
കൈയിൽ കരുതുക.
