സ്വപ്നം

ഒരു ജോലി വേണം,

വിദേശത്ത് തന്നെ വേണം,

അവിടെയിരുന്ന് എൻ്റെ ഗ്രാമത്തെ

ഗൃഹാതുരത്വം നിറഞ്ഞ വരികളാൽ

വാഴ്ത്തണം.

എൻ്റെ നാടെത്ര സുന്ദരം

എന്ന് തൊണ്ട കീറി പാടണം.                        

പെറ്റമ്മ ,പോറ്റമ്മ, മാതൃഭാഷ

സിമ്പോസിയങ്ങളിൽ

മുടങ്ങാതെ പങ്കുചേരണം.

 

എന്നെക്കൂടെ…എന്ന യാചന                        

മിഴികളിൽ അഞ്ജനമായെഴുതിയ

നാട്ടിലെ ഗതികിട്ടാക്കൂട്ടുകാർക്കിടയിലേക്ക്

സൗഭാഗ്യസുഗന്ധം പരത്തി കടന്നു ചെല്ലണം.                        

നിങ്ങളെത്ര ഭാഗ്യവാൻമാർ

ഈ നാട് ഉപേക്ഷിക്കേണ്ടി വന്നില്ലല്ലോ

എന്ന് നെടുവീർപ്പിട്ടു കൊണ്ടു പറയണം.

വിയർപ്പും അപകർഷവും മണക്കുന്ന

അവരുടെ തോളിൽ കൈയിട്ട്

കലുങ്കിലും ആൽത്തറയിലും എന്നും

കാറ്റും കൊണ്ടിരിക്കാവുന്നതിൻ്റെ പുണ്യത്തെ

കുറിച്ചും ചായക്കടയിലെ പറ്റുപുസ്തകത്തിൻ്റെ

സാരസ്യത്തെ കുറിച്ചും വിറയാർന്ന ശബ്ദത്തിൽ

സംസാരിക്കണം;അതിനിടെ

ഒരൽപം വിദേശീയത

അവർക്കിടയിലേക്ക് ദയാപുരസ്സരം

എറിഞ്ഞു നൽകണം.

 

എന്നാകിലും,

എന്നെങ്കിലുമൊരുനാൾ അഭയമേകിയ മറുനാട്  

കടക്ക് പുറത്തെന്നാക്രോശിച്ച് ആട്ടിയിറക്കാൻ

തുനിഞ്ഞാലും പിടിവിടാതെ

ചവിട്ടാനോങ്ങുന്ന കാലുകളിൽ

അള്ളിപ്പിടിച്ച് അവിടെത്തന്നെ കിടക്കണം.

                       

അതിനായി

ദൈവമേ എനിക്കൊരു ജോലി വേണം,

അതും വിദേശത്ത് തന്നെ വേണം.

Leave a comment