
കത്തുന്ന വേനലാണ്. തണുപ്പുകാലത്ത് പൂത്തും കായ്ച്ചും നിന്ന ചെടികളൊക്കെ കരിഞ്ഞു. ഇനി താണ്ഡവം കഴിഞ്ഞ് സൂര്യൻ ഒന്നു നിശ്വസിക്കാൻ സെപ്തംബർ ആവും. അപ്പോഴേ പുതിയ ചെടികൾ ബാൽക്കണിയിലെ ചട്ടികളിൽ നിറയൂ. കഴിഞ്ഞ പത്ത് വേനലിനെ അതിജീവിച്ച കറ്റാർവാഴ മാത്രം സൂര്യനെ നോക്കി ചിറി കോട്ടി പച്ചപ്പോടെ നിന്നു.
പതിവുപോലെ വേനലവധിക്കു പോവുന്നതിനു മുന്നോടിയായി കരിഞ്ഞുപോയ ചെടികളെല്ലാം പറിച്ചു കളഞ്ഞ് ചട്ടികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചു.ഒരു ശംഖുപുഷ്പച്ചെടി മാത്രം വെയിലിൽ തളരാതെ കുരുന്നിലകളോടെ തലയാട്ടി ചിരിച്ചു നിന്നു. ആഴത്തിൽ വേരോടിയ നാലുമണിച്ചെടി പിഴുതു മാറ്റിയപ്പോൾ നെഞ്ചത്ത് ബാക്കിയായ മുറിവുമായി തരിച്ചു നിന്ന മറ്റൊരു ചട്ടിയുടെ മുകളിൽ അവളെ കയറ്റി വയ്ക്കുമ്പോൾ പറയാതിരിക്കാനായില്ല: “രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും നീ വാടിപ്പോയിട്ടുണ്ടാവും, കുരുന്നല്ലേ. “
അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ആദ്യത്തെ അതിശയം… കുറേയൊക്കെ ഉണങ്ങിപ്പോയെങ്കിലും ഒരു വള്ളിയും ഇത്തിരിയിലകളും കരിയാതെ നിൽക്കുന്നു. അതിജീവനത്തിൻ്റെ ആദ്യപാഠം.മുടങ്ങാതെ രണ്ടു നേരം വെള്ളമൊഴിച്ച് പ്രായശ്ചിത്തം ചെയ്തപ്പോൾ വീണ്ടും കുരുന്നിലകൾ തളിർത്തു വന്നു,തലയാട്ടി ചിരിച്ചു കൊണ്ട്.
ഇന്നലെ വൈകിട്ട് വെള്ളമൊഴിക്കുമ്പോഴാണ് രണ്ടാമത്തെ അതിശയം കണ്ടത്. ശംഖുപുഷ്പത്തിൻ്റെ താഴെയിരുന്ന നാലുമണിയുടെ ചട്ടിയിൽ നിന്ന് രണ്ട് നാമ്പുകൾ കിളിർത്തു വരുന്നു.ഒരു വശത്തെ ഒരിത്തിരി സ്ഥലത്തു കൂടെ ഞെങ്ങി ഞെരുങ്ങി പുറത്തേക്ക് തല നീട്ടുന്ന രണ്ടു നാമ്പുകൾ; നമ്മിൽ ഉടലെടുക്കുന്ന പ്രതീക്ഷകൾപോലെ. അതിജീവനത്തിൻ്റെ രണ്ടാം പാഠം.
ഈ മരുഭൂമിയിലെ വേനലും വരൾച്ചയും പിഴുതെറിയലും ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല, ഒന്നിനും ഞങ്ങളെ തടയാനാവില്ല എന്നു ലോകത്തോട് വിളിച്ചു പറയുന്നത് പോലെ…പ്രകൃതി ഓരോ വിത്തിലും ഓരോ ജീവനിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന അപാരമായ അതിജീവനത്തിൻ്റെ ശക്തി.
എനിക്ക് എൻ്റെ മക്കളോട് പറഞ്ഞു കൊടുക്കാനുള്ള പാഠമാണിത്. തളിർക്കാനും പൂക്കാനും നിങ്ങൾ തയ്യാറാണെങ്കിൽ ഒരു വേനലിനും ഒരു വറുതിയ്ക്കും നിങ്ങളെ തടയാനാവില്ല എന്നത്.


മനോഹരമായിരിക്കുന്നു. ഇത് വായിച്ചപ്പോൾ ഇങ് കേരളത്തിൽ ഒരു ബ്രഹ്മി നടാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഓർമ വന്നത്. എന്തായാലും ആ ഓർമകൾ ഒക്കെ പുതുക്കാൻ സഹായിച്ചതിന് നന്ദി.
LikeLike