കിടക്കാനൊരിടം

തെക്കേപ്പറമ്പിലേക്കെടുക്കാറായി…

കോലായിൽ കാലു നീട്ടിയിരുന്ന്

മുത്തശ്ശി ആവലാതിപ്പെട്ടു.

ഭാഗ്യം ചെയ്ത മുത്തശ്ശി.

മരിച്ചു കിടക്കാൻ

തെക്കേപ്പറമ്പും വടക്കേപറമ്പും…

തിരഞ്ഞെടുക്കാനെത്ര സ്ഥലങ്ങൾ.

മരിച്ചാൽ ഇരിയ്ക്കുന്ന കൂര പൊളിച്ച് കിടക്കേണ്ട,

ആ കിടപ്പിൽ തിരിഞ്ഞും മറിഞ്ഞും പിറുപിറുത്തും

കൂരയിൽ അന്തിയുറങ്ങുന്ന

പെണ്ണിനേയും കിടാങ്ങളേയും

പേടിപ്പിക്കേണ്ട,

തെക്കേത്തൊടിയിൽ

ചേമ്പ് നടാൻ വന്ന കോരൻ

കൈക്കോട്ടിൽ ചാരി നിന്ന്

നെടുവീർപ്പിട്ടു.

 

Leave a comment