ശിരോലിഖിതം

ദൈവമേ…. എന്തിനാലാണു നീ

എൻെറ ശിരോലിഖിതം

രചിച്ചത്?

ആത്മാവ് വരെ പൊള്ളിപ്പോവുന്നല്ലോ…

ആകാശച്ചെരുവിലിരുന്ന്

ഇളവേൽക്കാതെ

സൃഷ്ടികർമ്മം അനുഷ്ഠിക്കുന്ന

കരുണാമയൻ

നരച്ച മിഴികൾ ഉയർത്താതെ

ദയാവായ് പ്പോടെ മൊഴിഞ്ഞു…

കുഞ്ഞേ…..

പച്ചിലച്ചാറും പുഷ്പ സൗരഭ്യവും

മഴത്തണുപ്പും മഞ്ഞിൻ കുളിരും

അമ്മത്തണലും ഒരൽപ്പം

വേനൽച്ചൂടും എല്ലാം നിറച്ചു വച്ച

പളുങ്കുപാത്രങ്ങളിൽ കൈവിരൽ മുക്കിയാണ്

സകല ചരാചരങ്ങളുടേയും

തലയിൽ ഞാൻ എഴുതാറുള്ളത്.

നിൻെറ ഊഴം വന്നപ്പോൾ

കത്തുന്ന വേനൽച്ചൂടൊഴികെ

മറെറാന്നും ശേഷിച്ചിരുന്നില്ല.

ആ താപക്കുപ്പിയിൽ വിരൽ മുക്കി

നിൻെറ തലയിൽ തലോടുമ്പോൾ,

അറിയുക എൻെറ കൈകളും

വെന്ത് പോയിരുന്നു.

Leave a comment