മറുക്

അമ്മ ഭാവിയിലേക്കുള്ള ഒരു കണ്ണാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മനസ് വായിക്കാനുള്ള എന്തോ ഒരു സൂത്രം അമ്മയുടെ പക്കലുണ്ടെന്ന് കുട്ടിക്കാലത്ത് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു.
കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ അമ്മയോടൊപ്പം അമ്മയുടെ ഡോക്ടറെ കാണാൻ പോയിരുന്നു.സ്കിൻ സ്പെഷലിസ്റ്റിനെ കണ്ടപ്പോൾ കുറേ നാളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു മോഹം പുറത്ത് ചാടി.മുഖത്ത് ഉള്ള കറുത്ത മറുക് ഒന്ന് കരിച്ചുകളഞ്ഞാലോ.ആധുനിക ചികിൽസാ സംവിധാനങ്ങൾ ഉള്ളപ്പോൾ ഒരു കാര്യവുമില്ലാത്ത ഒരു മറുക് വെറുതേ ചുമന്ന് കൊണ്ട് നടക്കേണ്ടതില്ലെന്ന് ഡോക്ടറും അഭിപ്രായപ്പെട്ടു.
ആ നിമിഷം തന്നെ ഞാൻ കരിക്കാനും വറുക്കാനുമൊക്കെ തയ്യാറായേക്കുമെന്ന് ഭയന്ന അമ്മ ചാടിവീണ് ഇടപെട്ടു കളഞ്ഞു..അത് ബെർത് മാർക്കാണെന്നും ചുമ്മാതങ്ങ് കരിച്ചു കളയാൻ പറ്റില്ല എന്നും ഗൗരവപൂർവ്വം റൂളിംഗ് തന്നു.
ഇതു കേട്ട് ഞാൻ ,21 വയസ്സുള്ള മകൻ്റെ അമ്മയായ ഞാൻ ,വിനീത വിധേയയായി തലയാട്ടി.
ടീച്ചർ ഇപ്പോഴും ടീച്ചർ തന്നെയെന്ന് ഡോക്ടറും സമ്മതിച്ചു.
എന്നാൽ അതിൻ്റെ സാംഗത്യം അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല.ഇന്ന് നടൻ ധനുഷിൻ്റെ അവസ്ഥ കാണുമ്പോഴാണ് അമ്മയുടെ ദീർഘവീക്ഷണം അഭിമാനപൂർവ്വം തിരിച്ചറിയുന്നത്.
വല്ല വൃദ്ധ ദമ്പതികളും വന്ന് ഞാൻ അവരുടെ മകളാണെന്നും അടയാളങ്ങൾ ലേസർ ചികിൽസാ രീതിയിലൂടെ മായ്ച്ചു കളഞ്ഞതാണെന്നും മാസം 60000 രൂപ വച്ച് ചിലവിന് തരണമെന്നും ഒക്കെ പറഞ്ഞിരുന്നൂന്ന് വച്ചാൽ തെണ്ടിപ്പോയേനില്ലേ.

Leave a comment